ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ വാങ്ങാൻ കാത്തിരിക്കുകയാണോ? 26,000 രൂപ വരെ കൂടും..!

ഐഫോൺ 18 എന്ന് വരുമെന്ന് നോക്കി ഇരിക്കുകയാണ് വലിയൊരു വിഭാഗം ഉപഭോക്താക്കൾ. അതിനിടയിൽ പല റിപ്പോർട്ടുകളും ഫോണിനെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ഐഫോൺ 18 പ്രോ സീരീസിൽ ആപ്പിൾ സ്വന്തം വികസിപ്പിച്ച രണ്ടാം തലമുറ സി2 മോഡവും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിലെല്ലാം ഉപരിയായി ഈ സീരീസിൽ ഉണ്ടായേക്കാവുന്ന വിലവർധനവ് തന്നെയാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.

Advertisement

ആപ്പിളിന്റെ അടുത്ത തലമുറ പ്രീമിയം സ്‌മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾക്ക് ഇന്ത്യയിൽ നിലവിലെ മോഡലുകളേക്കാൾ പരമാവധി 26,000 രൂപ വരെ വില വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വിലവർധനയെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന ലോഞ്ചിന് മുന്നോടിയായി പുറത്തുവന്ന വ്യവസായ റിപ്പോർട്ടുകളുടെയും വിപണി വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.

Advertisement

പുതിയ മോഡലുകളുടെ വില ഉയരാൻ പ്രധാന കാരണം, കൂടുതൽ ചെലവേറിയ നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന എ20 Pro ചിപ്‌സെറ്റ് ഉപയോഗിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് പുറമെ, കൂടുതൽ റാം, മെച്ചപ്പെട്ട സ്‌റ്റോറേജ് ഘടകങ്ങൾ, ഉയർന്ന നിലവാരമുള്ള ക്യാമറ സെൻസറുകൾ, മറ്റ് പ്രീമിയം ഹാർഡ്‌വെയർ ഘടകങ്ങളുടെ നിർമ്മാണച്ചെലവ് വർധിച്ചതും വില വർധനയ്ക്ക് കാരണമായേക്കും.

റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോയിൽ മെച്ചപ്പെട്ട ക്യാമറ സംവിധാനവും കൂടുതൽ കാര്യക്ഷമമായ ബാറ്ററി പ്രകടനവും പുതിയ തലമുറ എഐ സവിശേഷതകളും ഉൾപ്പെടും. കൂടാതെ, ചെറിയ ഡൈനാമിക് ഐലൻഡ് ഡിസൈൻ, കൂടുതൽ വേഗതയുള്ള 5ജി കണക്റ്റിവിറ്റി, പുതിയ ബർഗണ്ടി നിറം എന്നിവയും ഈ മോഡലുകളിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

Advertisement

അമേരിക്കൻ വിപണിയിൽ ഐഫോൺ 18 പ്രോയുടെ ആരംഭവില ഏകദേശം 1,299 ഡോളറായും, ഐഫോൺ 18 പ്രോ മാക്‌സിന്റെ ആരംഭവില 1,399 ഡോളറായും എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഈ ഫോണുകളുടെ വിലയിൽ ഗണ്യമായ വർധനയുണ്ടാകാമെന്നും, ഉയർന്ന സ്‌റ്റോറേജ് വേരിയന്റുകളുടെ വില 1.6 ലക്ഷം രൂപയ്ക്കും മുകളിലേക്ക് കടക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

എന്നാൽ ഇവയെല്ലാം നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകളും വിപണി വിലയിരുത്തലുകളും മാത്രമാണ്. ഐഫോൺ 18 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് ഇവന്റിലാണ് ആപ്പിൾ അന്തിമ വിലയും ഫീച്ചറുകളും പ്രഖ്യാപിക്കുക. അതിന് ഇനിയും ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് കരുതുന്നത്. നിലവിൽ ഫോണിന്റെ ലോഞ്ച് ഉറ്റുനോക്കുകയാണ് ആപ്പിൾ ആരാധകർ ഒന്നടങ്കം.