ഇനി മൊബൈൽ റീചാർജുകൾക്ക് വിലയേറും; 15 ശതമാനം വർധന ലക്ഷ്യമിട്ട് രാജ്യത്തെ ടെലികോം കമ്പനികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ മൊബൈൽ റീചാർജ് പ്ലാനുകൾക്ക് അടുത്ത മാസങ്ങളിൽ 15 ശതമാനം വരെ വിലവർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതോടെ ഇനി റീചാർജ് പ്ലാനുകൾക്ക് വിലയേറുമെന്ന ആശങ്കയിലാണ് രാജ്യത്തെ ടെലികോം ഉപഭോക്താക്കൾ.

Advertisement

സെൻട്രം ഇൻസ്‌റ്റിറ്റ്യൂഷണൽ റിസർച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അടുത്ത മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നത്. കമ്പനികളുടെ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.

Advertisement

15 ശതമാനം വരെ നിരക്ക് വർധന നടപ്പായാൽ നിലവിൽ 299 രൂപ വിലയുള്ള ഒരു പ്രീപെയ്‌ഡ്‌ പ്ലാനിന്റെ നിരക്ക് ഏകദേശം 344 രൂപയായി ഉയരാം. അതുപോലെ 399 രൂപയുടെ പ്ലാൻ ഏകദേശം 459 രൂപയായി ഉയരാനും സാധ്യതയുണ്ട്. എല്ലാ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാനുകളെയും ഇത് ബാധിക്കുമെന്നാണ് സൂചന.

അടുത്തിടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും പുതിയ ടെലികോം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ചെലവുകൾ നികത്തുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നതിനായി ഘട്ടംഘട്ടമായി റീചാർജ് നിരക്കുകൾ ഉയർത്താനാണ് കമ്പനികൾ ആലോചിക്കുന്നതെന്നാണ് വിലയിരുത്തൽ.

Advertisement

നിരക്ക് വർധന പ്രഖ്യാപിക്കുന്നതിന് മുമ്പ് ദീർഘകാല വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമായേക്കാം. അതേസമയം, നിരക്ക് വർധനയുടെ സമയമോ കൃത്യമായ വർധന നിരക്കോ സംബന്ധിച്ച് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ അവസാനമായി മൊബൈൽ റീചാർജ് നിരക്കുകൾ വർധിപ്പിച്ചത് 2024 ജൂൺ അവസാന വാരത്തിലായിരുന്നു. പുതുക്കിയ നിരക്കുകൾ ജിയോയും എയർടെലും 2024 ജൂലൈ 3 മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നപ്പോൾ, വോഡഫോൺ ഐഡിയ ജൂലൈ 4 മുതലാണ് പുതിയ നിരക്കുകൾ നടപ്പാക്കിയത്. അന്ന് വിവിധ പ്രീപെയ്‌ഡ്‌, പോസ്‌റ്റ് പെയ്‌ഡ്‌ പ്ലാനുകൾക്ക് 10 മുതൽ 27 ശതമാനം വരെയാണ് കമ്പനികൾ വില വർധിപ്പിച്ചത്.

Advertisement

ജിയോ ചില പ്ലാനുകളിൽ 12 മുതൽ 25 ശതമാനം വരെയും, എയർടെൽ 11 മുതൽ 21 ശതമാനം വരെയും, വോഡഫോൺ ഐഡിയ 10 മുതൽ 20 ശതമാനം വരെയും നിരക്കുകൾ ഉയർത്തിയിരുന്നു. 5ജി സേവന വ്യാപനം, സ്പെക്ട്രം നിക്ഷേപം, നെറ്റ്വർക്ക് വികസനം എന്നിവയ്ക്കായി നടത്തിയ വൻ നിക്ഷേപങ്ങളും ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം ഉയർത്തേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ അന്ന് നിരക്ക് വർധിപ്പിച്ചത്.