ഇന്ത്യൻ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് വലിയൊരു ഞെട്ടലാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നൽകുന്നത്. ഒരു കാലത്ത് പ്രീമിയം ഫോൺ സെഗ്മെന്റിൽ ആപ്പിളിന് പോലും വെല്ലുവിളി തീർത്ത വൺപ്ലസ് ബ്രാൻഡ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൺപ്ലസിന്റെ മാതൃ കമ്പനിയായ ഒപ്പോ നടത്തുന്ന ആഗോള പുനഃസംഘടനയുടെ ഭാഗമായി 2027-ഓടെ വൺപ്ലസ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ പൂർണ്ണമായി അവസാനിപ്പിച്ചേക്കുമെന്നാണ് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ മാത്രമായി വൺപ്ലസ് ബ്രാൻഡിനെ ഒതുക്കാനാണ് നിലവിലെ നീക്കം.
വൺപ്ലസ് ഇന്ത്യ വിടുന്നു എന്ന വാർത്ത പരന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വൺപ്ലസ് ഉപഭോക്താക്കൾ കടുത്ത ആശങ്കയിലാണ്. കയ്യിലുള്ള ഫോണുകൾക്ക് ഇനി അപ്‌ഡേറ്റുകൾ ലഭിക്കുമോ, ഫോണിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇനി പരിഹാരം ഉണ്ടാകുമോ, സർവീസ് സെന്ററുകൾ പൂട്ടുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉപഭോക്താക്കൾ ഉയർത്തുന്നത്.
ഒരു പ്രമുഖ ബ്രാൻഡ് പെട്ടെന്ന് വിപണി വിടുമ്പോൾ അത് നിലവിലുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ പല രീതിയിൽ പ്രതികൂലമായി ബാധിക്കും. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ മുടങ്ങും: വൺപ്ലസ് ഫോണുകളുടെ പ്രധാന ആകർഷണം വേഗതയേറിയ ഒക്സിജൻ ഒഎസ് അപ്‌ഡേറ്റുകളാണ്. ബ്രാൻഡ് പ്രവർത്തനം നിർത്തുന്നതോടെ പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും കൃത്യമായി ലഭിക്കാതെ വരും. ഇത് ഫോണിന്റെ സുരക്ഷയെയും പ്രവർത്തനത്തെയും ബാധിക്കും. സർവീസും സ്പെയർ പാർട്സ് ലഭ്യതയും: വൺപ്ലസ് ഫോണുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഒറിജിനൽ സ്പെയർ പാർട്സുകൾ (ഡിസ്‌പ്ലേ, മദർബോർഡ്, ബാറ്ററി) ലഭിക്കാൻ കാലതാമസമുണ്ടായേക്കും. ഔദ്യോഗിക സർവീസ് സെന്ററുകൾ പൂട്ടുകയോ പ്രവർത്തനം പരിമിതപ്പെടുത്തുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് ലോക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരും. റീസെയിൽ വാല്യൂ ഇടിയും: വൺപ്ലസ് ഫോണുകൾക്ക് സാധാരണയായി നല്ല റീസെയിൽ വാല്യൂ ലഭിക്കാറുണ്ട്. എന്നാൽ ബ്രാൻഡ് പൂട്ടിപ്പോകുന്നു എന്ന വാർത്തകൾ പരക്കുന്നതോടെ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വൺപ്ലസ് ഫോണുകളുടെ വില കുത്തനെ ഇടിയാൻ സാധ്യതയുണ്ട്. വാറന്റി ക്ലെയിം ചെയ്യാനുള്ള ബുദ്ധിമുട്ട്: അടുത്തിടെ വൺപ്ലസ് ഫോണുകൾ വാങ്ങിയവർക്ക് വാറന്റി കാലയളവിൽ ഫോണിന് തകരാറുകൾ സംഭവിച്ചാൽ അത് പരിഹരിച്ചു കിട്ടാൻ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. വൺപ്ലസിന്റെ ബഡ്ജറ്റ് സീരീസായ 'നോർഡ്' ഫോണുകളുടെ നിർമ്മാണത്തെ സ്മാർട്ട്‌ഫോൺ പാർട്സുകളുടെ വിലക്കയറ്റം വലിയ രീതിയിൽ ബാധിച്ചതും ഒപ്പോ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുമാണ് ഇത്തരമൊരു ആലോചനയ്ക്ക് പിന്നിൽ. യുഎസ്, യൂറോപ്പ് വിപണികളിൽ നിന്നും ഉടൻ തന്നെ വൺപ്ലസ് പിന്മാറിയേക്കുമെന്നാണ് വിവരം. അതേസമയം, പ്രചരിക്കുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് വൺപ്ലസ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വൺപ്ലസിന്റെ ബിസിനസ്സ് പതിവുപോലെ സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും വസ്‌തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കടുത്ത സാമ്പത്തിക-ഭൗമരാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ബ്രാൻഡിന്റെ ഭാവി വരും വർഷങ്ങളിൽ ഇന്ത്യയിൽ കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.ഉപഭോക്താക്കളെ ഈ തീരുമാനം എങ്ങനെ ബാധിക്കും?
വൺപ്ലസിന്റെ പ്രതികരണം