ബെംഗളൂരു യാത്രക്കാര്‍ക്ക് നേട്ടം; ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, തിയ്യതി, സമയം

കോട്ടയം: ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണം സീസണിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. രണ്ട് ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കാണ് ട്രെയിന്‍. ഓഗസ്റ്റ് 25, 29 തിയ്യതികളിലാണ് ഹുബ്ബള്ളി-കോട്ടയം ട്രെയിന്‍. ഓഗസ്റ്റ് 26, 30 തിയ്യതികളിലാണ് കോട്ടയം-ഹുബ്ബള്ളി ട്രെയിന്‍.

Advertisement

ഹുബ്ബള്ളിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ (07351) വൈകുന്നേരം 6.30നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം വൈകുന്നേരം 4.40ന് കോട്ടയത്ത് എത്തും. ഏകദേശം 22 മണിക്കൂറാണ് യാത്ര. 20 ബോഗികളാണ് ട്രെയിനിലുണ്ടാകുക. കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കുള്ള മടക്ക യാത്ര രാത്രി 10.30ന് ആയിരിക്കും. തൊട്ടടുത്ത ദിവസം രാത്രി എട്ട് മണിക്കാണ് ഹുബ്ബള്ളിയില്‍ എത്തിച്ചേരുക.

Advertisement

ഹുബ്ബള്ളി കോട്ടയം റൂട്ടിലെ രണ്ടാമത്തെ ട്രെയിന്‍ (07353) ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് ശേഷം 3.15ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം വൈകുന്നേരം 4.15ന് കോട്ടയത്ത് എത്തും. അന്ന് രാത്രി 10.30നാണ് മടക്ക സര്‍വീസ്. സെബ്തംബര്‍ ഒന്നിന് രാത്രി 8 മണിക്ക് ഹുബ്ബള്ളിയില്‍ എത്തും. ഓണനാളില്‍ അനുവദിച്ച ഈ ട്രെയിന്‍ മലയാളി യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

തുമകുരു, എസ്എംവിടി ബെംഗളൂരു, സേലം, ഈറോഡ്, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം പിന്നിട്ടാണ് കോട്ടയത്ത് എത്തുക. നിലവില്‍ മധ്യകേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ വന്ദേഭാരത് എക്‌സ്പ്രസോ ഇന്റര്‍സിറ്റിയോ ബസോ ആണ് ആശ്രയിക്കുന്നത്. വന്ദേഭാരത് ട്രെയിന്‍ മിക്ക ദിവസവും നിറഞ്ഞോടുകയാണ്. അതുകൊണ്ടുതന്നെ സ്‌പെഷ്യല്‍ ട്രെയിന്‍ ആശ്വാസമാകും.

Advertisement

അതേസമയം, മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന യശ്വന്തപുരം-കണ്ണൂര്‍ എക്‌സ്പ്രസില്‍ സീറ്റ് കിട്ടാനില്ലെന്ന് യാത്രക്കാര്‍ പറയുന്നു. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് സീറ്റുള്ളത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സൗകര്യം വേണമെന്നും യാത്രക്കാര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഗോവയില്‍ നിന്ന് മംഗളൂരു വരെ വരുന്ന വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ചര്‍ച്ചയിലാണ്.