കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്; കാര്‍ യാത്ര പോലെ, ഇനി 63 ബസുകള്‍ കൂടി വേണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആഡംബര യാത്ര വാഗ്ദാനം ചെയ്യുന്ന ബിസിനസ് ക്ലാസ് ബസുകള്‍ നിരത്തിലേക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ വാങ്ങിയ രണ്ട് ബസുകള്‍ ഇതുവരെ സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോടികള്‍ മുടക്കിയുള്ള ബസ് കട്ടപ്പുറത്ത് കിടക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് ആദ്യവാരം മുതല്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisement

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബിസിനസ് ക്ലാസ് ബസ് സര്‍വീസിന് തയ്യാറാക്കുന്നത്. ആഡംബര സൗകര്യങ്ങളാണ് ബസില്‍. കാര്‍ യാത്രക്കാരെ കൂടി ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. കാറില്‍ പോകുന്ന പോലുള്ള എല്ലാ സൗകര്യവും ബസില്‍ ലഭിക്കും. രണ്ട് മാസം മുമ്പ് ഈ ബസുകളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ടാക്‌സ് നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ടെന്നാണ് വിവരം.

Advertisement

(representational image)

പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലാണ് ബസുകള്‍ ഉള്ളത്. ദീര്‍ഘദൂര യാത്രയ്ക്ക് വേണ്ടിയാണ് ബസ് ഉപയോഗിക്കുക. നേരത്തെ റൂട്ടുകളും ധാരണയായിരുന്നു. അതേ റൂട്ടില്‍ തന്നെ സര്‍വീസ് നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് സര്‍വീസ്. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. 35 സീറ്റുകളാണുണ്ടാകുക. വിനോദ സ്‌ക്രീന്‍, ഹെഡ്‌ഫോണ്‍, ചാര്‍ജിങ് പോര്‍ട്ട്, വൈഫൈ എന്നിയുണ്ടാകും. ലഘുഭക്ഷണം കിട്ടും. യാത്രക്കാരെ സഹായിക്കാന്‍ ബസ് ഹോസ്റ്റസും ഉണ്ടാകും.

കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് ബസ് വേണം

ആഘോഷ സീസണ്‍ കണക്കിലെടുത്ത് ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 63 ബസുകള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഓണം മുതല്‍ പുതുവല്‍സരം വരെയാണ് സര്‍വീസ് നടത്തേണ്ടത്. ഓഗസ്റ്റ് 15 മുതല്‍ അടുത്ത ജനുവരി 31 വരെയാണ് വാടകയ്ക്ക് നല്‍കേണ്ടത്. നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു എങ്കിലും കാര്യമായ പ്രതികരണം സ്വകാര്യ ബസ് ഉടമകളുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വാടകയ്ക്ക് ബസ് ഏറ്റെടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം പഴക്കമുള്ള ബസുകളാണ് ആവശ്യം. ഈ മാസം 30ന് ടെന്‍ഡര്‍ തുറക്കും.

Advertisement

സെപ്തംബര്‍ മാസത്തില്‍ 1917 കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി അവസാനിക്കാന്‍ പോകുകയാണ്. നേരത്തെ സമാനമായ സാഹചര്യം വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ കാലാവധി നീട്ടുകയാണ് ചെയ്തത്. കേന്ദ്ര ചട്ടങ്ങള്‍ മറികടന്നായിരുന്നു ഈ നീക്കം. ഇനിയും കാലാവധി നീട്ടരുത് എന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും ബസുകള്‍ നിരത്തില്‍ നിന്ന് നീങ്ങുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയാകും. ഈ സാഹചര്യത്തില്‍ കൂടിയാണ് ബസ് വാടകയ്ക്ക് എടുക്കാന്‍ പോകുന്നത്.

ഓണം, സ്വാതന്ത്ര ദിനം, ശബരിമല സീസണ്‍, ക്രിസ്മസ്, പുതുവല്‍സരം എന്നീ ആഘോഷ വേളകള്‍ കൂടി പരിഗണിച്ചാണ് ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത്. വാടകയ്ക്ക് കിട്ടുന്ന ബസുകളുടെ പൂര്‍ണ അവകാശം കാലാവധി തീരുംവരെ കെഎസ്ആര്‍ടിസിക്ക് മാത്രമായിരിക്കും. അതേസമയം, കൂടുതല്‍ ലാഭം കിട്ടുന്ന വേളയില്‍ വാടകയ്ക്ക് നല്‍കാന്‍ സ്വകാര്യ ബസ് ഉടമകള്‍ തയ്യാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്.