വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക്; സുരേഷ് ഗോപി ഇടപെട്ടു, മലബാര്‍ മേഖലയ്ക്ക് നേട്ടമാകും

ഗോവയില്‍ നിന്ന് മംഗളൂരു വരെ എത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ലാഭകരമാക്കുന്ന പദ്ധതിയുമായി സുരേഷ് ഗോപി. ഈ ട്രെയിന്‍ നഷ്ടത്തിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി. ടൂറിസ്റ്റുകള്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയില്‍ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന നിര്‍ദേശമാണ് സുരേഷ് ഗോപി മുന്നോട്ട് വെച്ചത്.

Advertisement

ഗോവയില്‍ നിന്ന് മംഗളൂരു വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാല്‍ നടന്നില്ല എന്നാണ് വിവരം. കോഴിക്കോട് എംപി എംകെ രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ വന്ദേഭാരത് സര്‍വീസിന് ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് സുരേഷ് ഗോപി കത്ത് നല്‍കിയിരിക്കുന്നത്.

Advertisement

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്ക് ബൈന്ദൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. ഗോവ-മംഗളൂരു വന്ദേഭാരതില്‍ പകുതി സീറ്റുകള്‍ കാലിയായിട്ടാണ് സര്‍വീസ് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. കേരളത്തില്‍ നിന്ന് നിരവധി പേര്‍ മംഗളൂരു, ഗോവ എന്നിവടങ്ങളിലേക്ക് പോകുന്നുണ്ട്. സര്‍വീസ് നീട്ടിയാല്‍ ഇവര്‍ക്കെല്ലാം ഗുണം ചെയ്യും.

കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. ഇവ മൂന്നും വലിയ ലാഭത്തിലാണ് സര്‍വീസ് നടത്തുന്നത് എന്ന വിവരം അടുത്തിടെ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

Advertisement

മംഗളൂരു-ഗോവ (20646) വന്ദേഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ച ഒഴികെ ആറ് ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. 437 കിലോമീറ്റര്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് അഞ്ച് മണിക്കൂര്‍ 40 മിനുട്ടാണ് വേണ്ടി വരുന്നത്. രാവിലെ 8.30നാണ് മംഗളൂരുവില്‍ നിന്ന് ഈ ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് 2.10ന് ഗോവയിലെ മഡ്ഗാവിലെത്തും. ഉഡുപ്പി, കര്‍വാര്‍ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.

വൈകീട്ട് 6.10നാണ് ഈ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20645) മടക്കം. രാത്രി 10.45ന് മംഗളൂരുവില്‍ തിരിച്ചെത്തും. ശേഷം രാവിലെ വരെ ഇവിടെ നിര്‍ത്തിയിടുകയാണ്. സമയത്തില്‍ ക്രമീകരണം വരുത്തി കോഴിക്കോട്ടേക്ക് നീട്ടിയാല്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്ന് മാത്രമല്ല, വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ നേട്ടമാകും. നഷ്ടത്തിലാണ് എന്ന പരാതിയും ഒഴിവാക്കാം.