മുഖത്തിന് മേക്ക്ഓവര്‍ നല്‍കാനും എഐ; സൗന്ദര്യ വിപണിയില്‍ വെര്‍ച്ച്വല്‍ എഐ ബ്യൂട്ടി അഡൈ്വസറുടെ കാലം
അനുകമ്പയും കരുതലും അനിവാര്യമല്ലാത്ത മേഖലകളില്‍ എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എഐ മാറിക്കഴിഞ്ഞു. പോകേണ്ട സ്ഥലത്ത് കൃത്യമായി എത്താനും മരുന്നു കഴിക്കുന്നത് ഓര്‍മ്മിപ്പിക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനും ഉള്‍പ്പെടെ എന്ത് കാര്യത്തിനും നിര്‍മ്മിത ബുദ്ധിയെ ആശ്രയിക്കുന്നവരായി നാം മാറി.
ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും മുന്‍കൂട്ടി എഐ കണ്ടെത്തുന്ന വാര്‍ത്തകളും ഇതിനകം വന്നു കഴിഞ്ഞു. തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളാണ് എംഎ കൊണ്ടുവരുന്നത്. വൈദ്യ ശാസ്ത്രം, ധനകാര്യം, അധ്യാപനം, ഐടി മേഖല, ഗതാഗതം എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ എംഎയ്ക്കു കഴിഞ്ഞിട്ടുണ്ട്.

അങ്ങനെയെങ്കില്‍, അനുദിനം വളരുന്ന സൗന്ദര്യ സംരക്ഷണ വിപണി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് മാറിനില്‍ക്കേണ്ട കാര്യമുണ്ടോ? ഇല്ല. സൗന്ദര്യ സംരക്ഷണ മേഖലയില്‍ ഇനിയങ്ങോട്ട് വെര്‍ച്വല്‍ എഐ ബ്യൂട്ടി അഡൈ്വസര്‍മാരുടെയും സ്മാര്‍ട്ട് ചാറ്റ് ബോട്ടുകളുടെയും കാലമാണ്. എഐ എന്ന് തള്ളിക്കളയാന്‍ വരട്ടെ, വെറുതെയങ്ങ് ഉപദേശം നല്‍കുകയല്ല ഇവ ചെയ്യുന്നത്.
ഓരോരുത്തരുടെയും വ്യക്തിപരമായ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ പ്രാപ്തിയുള്ളതാണ് ഈ വെര്‍ച്ച്വല്‍ എഐ ബ്യൂട്ടി അഡൈ്വസര്‍മാര്‍. അതായത് കടകളില്‍ പോയി ഷെല്‍ഫില്‍ നോക്കി ഏതു ക്രീം തിരഞ്ഞെടുക്കുമെന്ന് കണ്‍ഫ്യൂഷന്‍ ആകേണ്ട കാര്യമില്ല. ഇവിടെയാണ് വെര്‍ച്വല്‍ എഐ ബ്യൂട്ടി അഡൈ്വസര്‍മാരുടെ പ്രാധാന്യം.
ഒരാളുടെ ചര്‍മത്തിന് എന്ത് സൗന്ദര്യ പരിചരണമാണ് വേണ്ടതെന്ന് വെറുതെ അങ്ങ് ഊഹിക്കാതെ ശാസ്ത്രീയമായി ഈ എഐ ടൂളുകള്‍ നിര്‍ദേശം നല്‍കും. ഒരു സെല്‍ഫി എടുത്ത് നിങ്ങളുടെ മുഖം ശാസ്ത്രീയമായി പരിശോധിക്കുന്നു. മുഖത്തെ വരള്‍ച്ച, മുഖക്കുരു പാടുകള്‍, നിറവ്യത്യാസം ഉള്‍പ്പെടെ സൂക്ഷ്മമായ പ്രശ്‌നങ്ങള്‍ പോലും കണ്ടെത്തുന്നു. പലപ്പോഴും നാം ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പോലും ഇവ മുഖത്ത് നിന്നും കണ്ടെടുക്കും.
ആയിരക്കണക്കിന് സ്‌കിന്‍ ടൈപ്പുകള്‍ വിശകലനം ചെയ്ത ഡേറ്റ് ബേസ് ആണ് ഈ എഐ ടൂളുകളുടെ കൈവശമുള്ളത്. ഇതുകൂടാതെ നിങ്ങളുടെ ജീവിത രീതി, ഭക്ഷണ ക്രമം, താമസിക്കുന്ന സ്ഥലത്തെ കാലാവസ്ഥ, ശീലങ്ങള്‍, നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍ എന്നിവയൊക്കെ ഈ വെര്‍ച്ചല്‍ എഐ ബ്യൂട്ടി അഡൈ്വസര്‍മാര്‍ ചോദിച്ചറിയും.
ഇത് വിശകലനം ചെയ്ത് ഓരോരുത്തരുടെയും ചര്‍മ്മത്തിന് അനുയോജ്യമായ പരിഹാരങ്ങള്‍ പറഞ്ഞുതരും. ഇതിന്റെ ഏറ്റവും വലിയ ഗുണം സാധാരണക്കാര്‍ക്കാണ്. ചെലവില്ലാതെ തന്നെ ഇത്തരം സൗന്ദര്യ സംരക്ഷണ ഉപദേശങ്ങള്‍ തേടാന്‍ സാധാരണക്കാര്‍ക്കും കഴിയും. ബ്യൂട്ടിപാര്‍ലറില്‍ പോയി വലിയ തുക ചെലവഴിക്കുന്നത് ഓര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. എഐ പറഞ്ഞുതരുന്ന ഉല്‍പ്പന്നങ്ങള്‍ കടയില്‍ പോയി വാങ്ങുന്ന ചിലവ് മാത്രമേ വരുള്ളൂ. അതുപോലെ മുഖത്തിന് അനുയോജ്യമായ മേക്കപ്പും ഹെയര്‍ സ്‌റ്റൈലും ബ്യൂട്ടി പ്രോഡക്ടുകളും ഒക്കെ പറഞ്ഞു തരാനും ഇവയ്ക്ക് സാധിക്കും












Click it and Unblock the Notifications