മാലിന്യം വലിച്ചെറിയുന്നവരെ ഇനി 'എഐ' പിടിക്കും: സ്മാര്‍ട്ട് സിറ്റി പരിസരങ്ങളില്‍ പുത്തന്‍ സാങ്കേതിക വിദ്യ
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പരിസരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും, തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുവാനുമായി 'ശുചിത്വ ഐ' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സിസ്റ്റം വികസിപ്പിച്ച് വിദ്യാർത്ഥികള്‍. എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുള്ള കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജും പൂജപ്പുര എല്‍ ബി എസ് വിമന്‍സ് കോളേജും സംയുക്തമായി തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി കോര്‍പറേഷനുമായി ധാരണ പത്രം ഒപ്പ് വെച്ചാണ് പ്രോജക്ട് വികസിപ്പിച്ചിരിക്കുന്നത്.
പ്രോജക്ടില്‍ മുഖ്യ പങ്കാളിത്തം വഹിച്ചത് കാസര്‍കോട് എല്‍ ബി എസിലെ ഫാത്തിമ രിഫ്ദ, യദുമിത്ര, ഉമര്‍ അല്‍ മുക്താര്‍, മനുപ്രിയ ധനുഷ് എന്നീ വിദ്യാര്‍ഥികളാണ്. അധ്യാപകരായ ഡോ. സരിത് ദിവകര്‍, പ്രൊഫ. ജെ അഞ്ചു , പ്രൊഫ രസ്‌ന എന്നിവർ പ്രവർത്തനങ്ങളുടെ മേല്‍നോട്ട് വഹിച്ചു. 'ശുചിത്വ ഐ' വികസിപ്പിച്ച സംഘത്തിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അനുമോദിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി പരിധിയില്‍ വരുന്ന ഇരുപതോളം സി സി ടി വി ക്യാമറകള്‍ ശുചിത്വ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റല്ലിജന്‍സ് സിസ്റ്റത്തിന്റെ നിരീക്ഷണത്തിലാണ്. സി സി ടി വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യം തത്സമയം നിരീക്ഷിച്ച് എ ഐ യുടെ സഹായത്തോട് കൂടി മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ആളുകളെയും വാഹനങ്ങളെയും സംഭവം നടന്ന സ്ഥലത്തിന്റെയും വിവരങ്ങള്‍ അധികാരികളെ അറിയിക്കാനുള്ള നൂതന സംവിധാനമാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ സെന്ററില്‍ (ICCC) സജ്ജമാക്കിയിട്ടുള്ളത്.
അതേസമയം, സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച വാട്‌സ് ആപ്പ് പരാതികളിൽ 2820 എണ്ണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി. 2150 എണ്ണമാണ് മാർച്ച് വരെ തീർപ്പാക്കിയത്. 200 പരാതികളിൽ കുറ്റക്കാർക്ക് 18,72,320 രൂപ പിഴചുമത്തി. 892840 രൂപ അതുവരെ ഈടാക്കുകയും ചെയ്തു.
മാലിന്യങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് 9446700800 വാട്‌സാപ്പ് നമ്പർ ആരംഭിച്ചത്. നമ്പർ നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും 4818 പരാതികൾ ലഭിച്ചു. തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുള്ള പരാതികളിന്മേലാണ് നടപടി സ്വീകരിച്ചത്. പിഴയ്ക്കു പുറമേ, നിയമലംഘനം നടത്തിയ 11 പേരുടെമേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്. നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാക്കും. ഇതുവരെ ഇത്തരത്തിൽ 28,500 രൂപ പ്രഖ്യാപിക്കുകയും 18,000 രൂപ വിതരണം ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications