20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യ പൂര്‍വികരുടെ മുഖത്ത് കടിയേറ്റ പാടുകള്‍; ഉത്തരം കണ്ടെത്തി എഐ
ഏകദേശം ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആധുനിക മനുഷ്യന്റെ പൂര്‍വികരെ പുള്ളിപ്പുലികളും മുതലകളും വേട്ടയാടിയിരുന്നതായി കണ്ടെത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ടൂളൂകള്‍ ഉപയോഗിച്ചുള്ള ഗവേഷണത്തിലാണ് കൗതുകകരവും വിചിത്രവുമായ ഈ കണ്ടെത്തല്‍. ആധുനിക മനുഷ്യന്റെ ആദ്യകാല പൂര്‍വിക രൂപമായ ഹോമോ ഹബിലിസ് എന്ന സ്പീഷീസില്‍ നിന്നുള്ള രണ്ടു പേരുടെ മരണത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ ഉള്‍ക്കാഴ്ച ലഭിച്ചത്.
പുള്ളിപ്പുലികളും മുതലകളും പോലുള്ള വലിയ മാംസഭോജി ജീവികള്‍ ഹോമോ ഹബിലിസിനെ ഭക്ഷണത്തിനായി വേട്ടയായിരുന്നതായി എഐ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മനുഷ്യ പരിണാമത്തില്‍ നിര്‍ണായക സ്ഥാനമാണ് ഹോമോ ഹബിലിസിനുള്ളത്. കിഴക്കന്‍ ആഫ്രിക്കയിലാണ് ഇവ ജീവിച്ചിരുന്നത്. ഹോമോ ഹബിലിസാണ് ആദ്യം കല്ലുകള്‍ കൊണ്ട് ചെറു ഉപകരണങ്ങള്‍ സൃഷ്ടിച്ചത്. ഭൂമിയില്‍ ആദ്യമായി വേട്ടയാടാനായി ആയുധമുണ്ടാക്കിയത് ഹോമോ ഹബിലിസ് സ്പീഷീസാണ്. ഇറച്ചി മുറിക്കാനും മൃഗങ്ങളെ ആക്രമിക്കാനും ഒക്കെയാണ് കല്ലുകള്‍ കൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നത്.

ഹോമോ ഹബിലിസിനെ പുള്ളിപ്പുലികള്‍ ഇരയാക്കിയിരുന്നതായാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ഷിക ചരിത്ര രേഖയിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഫോസിലുകളും കൃത്രിമബുദ്ധിയും സംയോജിപ്പിച്ചാണ് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യം കണ്ടെത്തിയത്.
ടാന്‍സാനിയയിലെ ഓള്‍ഡുവായ് ഗോര്‍ജില്‍ കണ്ടെത്തിയ രണ്ട് ഹോമോ ഹബിലിസ് വ്യക്തികളുടെ ഫോസിലുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഒഎച്ച് 7 എന്നു പേരിട്ട ജുവനൈല്‍ ഫോസിലിന് 1.85 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്. ഒഎച്ച് 65 എന്ന മുതിര്‍ന്നയാളുടെ ഫോസിലിന് 1.8 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്. ഇവയുടെ മുഖത്ത് ഒരു മാംസഭോജിയുടെ കടിയേറ്റ അടയാളങ്ങള്‍ ഉണ്ടായിരുന്നു. താടിയെല്ലിലാണ് ഈ അടയാളങ്ങള്‍ കണ്ടെത്തിയത്.
ഈ പല്ല് അടയാളങ്ങള്‍ ഏതു ജീവിയുടേതാണെന്ന് അറിയാന്‍ എഐ ടൂളുകളാണ് ഉപയോഗിച്ചത്. മാംസഭോജികളായ കഴുതപ്പുലികള്‍, മുതലകള്‍, പുള്ളിപ്പുലികള്‍, സിംഹം എന്നിവയുടെ
പല്ലിന്റെ അടയാളങ്ങളുടെ നൂറുകണക്കിന് ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് സൂക്ഷ്മമായി
വിശകലനം ചെയ്തു. ഇതില്‍ നിന്നാണ് ഹോമോ ഹബിലിസിനെ വേട്ടയാടിയിരുന്നത് പുള്ളിപ്പുലികളാണെന്ന് കണ്ടെത്തിയത്.
പുള്ളിപ്പുലികള്‍ ഈ വ്യക്തികളെ ആക്രമിക്കുക മാത്രമല്ല, അവയെ തിന്നുകയും ചെയ്തതായാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. ആവാസവ്യവസ്ഥയില്‍ ദുര്‍ബലമായ സ്ഥാനമാണ് ഹോമോ ഹബിലിസിന് ഉണ്ടായിരുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. വലിയ മൃഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളോ കഴിവുകളോ ഇവയ്ക്ക് ഇല്ലായിരുന്നു. പ്രകൃതിക്കു മേലുള്ള ആധിപത്യം മനുഷ്യന്‍ ഒറ്റയടിക്ക് നേടിയെടുത്തതല്ല എന്നാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications