നിര്‍മിതബുദ്ധിയില്‍ തൊഴില്‍ നഷ്ടം മാത്രമോ? എഐ സൃഷ്ടിക്കുന്ന പുതിയ തൊഴില്‍ സാധ്യതകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലം തൊഴിലുകള്‍ ഇല്ലാതാകുന്ന സാഹചര്യത്തെ ഏറെ ആശങ്കയോടെയാണ് മനുഷ്യരാശിഉറ്റുനോക്കുന്നത്. മനുഷ്യന്‍ ആധിപത്യംപുലര്‍ത്തിയിരുന്ന പല മേഖലകളിലും നിര്‍മ്മിത ബുദ്ധി കൈവച്ചു തുടങ്ങി. അധികം വൈകാതെ ചില മേഖലകളിലെങ്കിലും മനുഷ്യനെ മാറ്റി എഐ ആധിപത്യം പുലര്‍ത്തുന്ന ഭാവി വിദൂരമല്ല എന്നാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
അതേസമയം ഒരുവശത്ത് എഐ ജോലികള്‍ ഇല്ലാതാക്കുമ്പോള്‍ മറുവശത്ത് നിര്‍മ്മിത ബുദ്ധി മൂലം സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും ഉണ്ട്. ഒരിക്കലും നിര്‍മ്മിത ബുദ്ധിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. സാങ്കേതിക വിദ്യയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എ ഐ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും വിദഗ്ധരായ പ്രൊഫഷണലുകളുടെ സാന്നിധ്യം വേണ്ടി വരും. അതിനാല്‍ ആരും ഇതു വരെ സങ്കല്‍പ്പിച്ചിട്ടില്ലാത്ത ജോലി സാധ്യതകള്‍ ഭാവിയില്‍ ഉയര്‍ന്നു വന്നേക്കാമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.

എഐ ഓഡിയന്‍സ് സ്ട്രാറ്റജിസ്റ്റ്
ആശയവിനിമയ മേഖലയില്‍ പ്രേക്ഷകരുടെ പെരുമാറ്റം വിശകലനം ചെയ്യാനും ഉയര്‍ന്നു വരുന്ന ട്രെന്‍ഡുകള്‍ കണ്ടെത്താനും നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുന്നയാളാണ് എഐ ഓഡിയന്‍സ് സ്ട്രാറ്റജിസ്റ്റ്. എഐ നല്‍കുന്ന വിശകലനങ്ങള്‍ പരിശോധിച്ച് പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാം. വിപണിയില്‍ ഏതൊക്കെ ഫോര്‍മാറ്റുകള്‍ വിജയിക്കുമെന്ന് നിര്‍മിത ബുദ്ധിയിലൂടെ കണ്ടെത്തി അതു പ്രയോഗിക്കാന്‍ കഴിയും.
എഐ ഏജന്റ് ഓര്‍ക്കസ്‌ട്രേഷന്‍ ലീഡ്
വ്യാവസായിക, ഉല്‍പാദന മേഖലയില്‍ ഈ വ്യക്തി വിവിധ എഐ സോഫ്റ്റ്വെയര്‍ ഏജന്റുകളുടെ ഷെഡ്യൂളിങ്, ഇന്‍വെന്ററി എന്നിവ ക്രമീകരിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
ഫാക്ടറി ഇന്റലിജന്‍സ് ആര്‍ക്കിടെക്റ്റ്
ഫാക്ടറികളില്‍ എഐ ഏജന്റുമാര്‍, സോഫ്റ്റ്‌വെയറുകള്‍, മനുഷ്യ ഓപ്പറേറ്റര്‍മാര്‍ എന്നിവ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാക്ടറി ഇന്റലിജന്‍സ് ആര്‍ക്കിടെക്റ്റ്.
പ്രോംപ്റ്റ് എത്നോഗ്രാഫര്‍
ഡിജിറ്റല്‍ ഉപയോക്താക്കള്‍ എഐയുമായി എങ്ങനെ ഇടപഴകുകയും ഇന്‍പുട്ട് നല്‍കുകയും ചെയ്യുന്നുവെന്ന് പഠിക്കുന്ന ഗവേഷകരാണ് പ്രോംപ്റ്റ് എത്നോഗ്രാഫര്‍. ഉപയോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഐയോട് എങ്ങനെ അവതരിപ്പിക്കുന്നുവെന്നും അതിനോട് എഐ എങ്ങനെ പ്രതികരിക്കുന്നുവെന്നും വിശകലനം ചെയ്യുന്നു. എഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പ്രോംപ്റ്റ് എത്നോഗ്രാഫര്‍ സഹായിക്കുന്നു.
ഓട്ടോണമസ് സിസ്റ്റം ഇന്റഗ്രേറ്റര്‍
ലോജിസ്റ്റിക്‌സ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഒന്നിലധികം എഐ ഏജന്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഓട്ടോണമസ് സിസ്റ്റം ഇന്റഗ്രേറ്റര്‍ പദവിയിലുള്ള വ്യക്തി എഐ ഏജന്റുകളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നു. വ്യത്യസ്ത എഐ ഏജന്റുകള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ വിടവുകള്‍ പരിഹരിക്കുകയാണ് ഓട്ടോണമസ് സിസ്റ്റം ഇന്റഗ്രേറ്ററുടെ ദൗത്യം.
എന്‍എല്‍പി എന്‍ജിനീയര്‍ (നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്)
മനുഷ്യ ഭാഷ മനസിലാക്കാനും അതു പ്രോസസ് ചെയ്യാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്നതില്‍ എന്‍എല്‍പി എന്‍ജിനീയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.












Click it and Unblock the Notifications