Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ 500 കോടി വരും; അതിന് മുന്നേ ഇതാ കൊട്ടാരക്കരയിലും വന്‍ പദ്ധതി; 250 പേർക്ക് ജോലി

കേരളത്തിലെ ഐടി മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങളാണ് അടുത്ത കാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇരട്ട ഐടി ടവർ (ലുലു ഐടി പാർക്ക്) കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ഇതിന് പുറമെ മറ്റൊരു 500 കോടി രൂപയുടെ പദ്ധതിയും ലുലു വാഗ്ധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കരയിലും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

കൊട്ടാരക്കര സോഹോയിൽ ആദ്യഘട്ടത്തിൽ 250 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. വൻനഗരങ്ങൾ മാത്രമല്ല, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള വിദഗ്ധരായ യുവാക്കളുടെ കഴിവുകൾ ഐ.ടി രംഗത്ത് ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ഈ പദ്ധതി കേരളത്തിൽ കൊണ്ടുവന്നതാണ്. റോബോട്ടിക്‌സ്, നിർമിതബുദ്ധി എന്നിവയിൽ ഊന്നൽ നല്‍കിയാണ് പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നര വർഷം മുൻപ് കൊട്ടാരക്കര ഐ എച്ച് ആർ ഡി ക്യാമ്പസിൽ സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആർ ആൻഡ് ഡി സെന്ററിന്റെ തുടർച്ചയാണ് ഈ പുതിയ സ്ഥാപനം.

zoho

യുവാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നൈപുണ്യ വ്യത്യാസം നികത്തുന്നതിനും കമ്പനി ഒരു ഇന്റേൺഷിപ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ആദ്യ മൂന്ന് മാസം പരിശീലനാർഥികൾക്ക് നൈപുണ്യ വികസന കോഴ്‌സിൽ പങ്കെടുത്ത് അടിസ്ഥാനപരമായ പരിശീലനം ലഭിക്കും. അതിനുശേഷം താത്പര്യമുള്ള സ്പെഷ്യലൈസേഷൻ തെരഞ്ഞെടുക്കാം. സി, സി++ , പൈത്തൺ എന്നിവയുടെ കോഡിങ് വിഷയങ്ങൾ നിർബന്ധമായും പഠിക്കേണ്ടതാണ്.

ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് സോഹോ ഐടി ക്യാമ്പസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കഴിഞ്ഞ ഒമ്പതു വർഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിലെത്തിയത്. 900 ലധികം ആശയങ്ങൾക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിൽ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തിൽ നിന്നും 50 ലക്ഷമാക്കി ഉയർത്തി. 151 സ്റ്റാർട്ടപ്പുകൾക്ക് 32 കോടി രൂപയുടെ പ്രൊക്വയർമെന്റ് ലഭിച്ചു. ഐ ടി നിക്ഷേപകർ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്. ഐ ടി മേഖലയിൽ നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്. 2016 മുതൽ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കേരളത്തിലെ ഐ ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ൽ നിന്നും 1,156 ആയി വർധിച്ചു. ഐ ടി കയറ്റുമതി 34,123 കോടി രൂപയിൽ നിന്നും 90,000 കോടി രൂപയായി. 155.85 ലക്ഷം ചതുരശ്രയടി ബിൽറ്റപ്പ് സ്പേയ്സ് ഉണ്ടായിരുന്നത്, 223 ലക്ഷം ചതുരശ്രയടി ആയി വർധിപ്പിച്ചു.

ഈ സർക്കാരിന്റെ കാലത്ത് ആക്സെഞ്ച്വർ, എച്ച്സിഎൽ, ആർമാദ, എക്വിഫാസ്, പ്രോചാന്റ്, ഗീക്യവോൾഫ്, ഐബി‌എം, എം‌എസ്‌സി, സ്ട്രാഡ, ടി‌എൻപി, അഡേസ്സോ, മൈഗേറ്റ്, ടെക് മഹീന്ദ്ര, ക്വസ്റ്റ് ഗ്ലോബൽ തുടങ്ങിയ പ്രമുഖ ആഗോള ഐടി കമ്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. യു.എസ്.ടി ഗ്ലോബൽ ഐടി കാമ്പസും, ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ ടവർ 3, കാസ്പിയൻ ടവർ 2, ജിയോജിത് ഐടി കാമ്പസ് തുടങ്ങിയ വലിയ പദ്ധതികളും നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതോടൊപ്പം നവീന സാങ്കേതികവിദ്യകളുടെ വികസനത്തിന് കേരളത്തെ കേന്ദ്രമാക്കാൻ ഡിജിറ്റൽ സർവകലാശാലയും സെന്റർ ഫോർ മെറ്റീരിയൽസ് ഇൻ ഇലക്ട്രോണിക് ടെക്നോളജീസുമായി സഹകരിച്ച് ഗ്രാഫീനിനായുള്ള ഇന്ത്യ ഇന്നൊവേഷൻ സെന്റർ കൊച്ചിയിൽ സ്ഥാപിച്ചിട്ടുണ്ട്. അനുബന്ധ വ്യവസായങ്ങളെ വളർത്തുന്നതിന് 'ഗ്രാഫീൻ അറോറ പ്രോജക്ട്' എന്ന പേരിൽ 98.85 കോടി രൂപയുടെ പദ്ധതി സംസ്ഥാനത്ത് രൂപപ്പെടുത്തുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+