പുതിയ എഐ കണ്ടുപിടുത്തം ഡോക്ടര്‍മാരെ മാറ്റിനിര്‍ത്താനല്ലെന്ന് മൈക്രോസോഫ്റ്റ്; 'അതിന് യന്ത്രങ്ങള്‍ പോരാ..'
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുറന്നിടുന്ന അനന്തമായ സാധ്യതകളിലൂടെയാണ് ഇന്ന് ലോകം കടന്ന് പോകുന്നത്. എല്ലാ മേഖലകളിലും എഐ കടന്നുവരും എന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തില്‍ വിശിഷ്യ ഡോക്ടര്‍മാരുടെ റോളിലേക്ക് അത്ര പെട്ടെന്നൊന്നും എഐ കടന്നുവരില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ആ വിലയിരുത്തലിന് അധികം ആയുസില്ല എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ മറുപടി.
സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാരെ മറികടക്കാന്‍ കൃത്രിമബുദ്ധിക്ക് കഴിയും എന്ന് തെളിയിക്കുന്ന എഐ സംവിധാനം മൈക്രോസോഫ്റ്റ് ആവിഷ്‌കരിച്ചിരുന്നു. മനുഷ്യ ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ കൃത്യതയോടെയും കുറഞ്ഞ ചെലവിലും വൈദ്യശാസ്ത്രത്തിലെ ഏറ്റവും ബുദ്ധിപരമായി ആവശ്യപ്പെടുന്ന ചില രോഗനിര്‍ണയ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന ഒരു പുതിയ എഐ സംവിധാനം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

എന്നാല്‍ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്താനാകില്ല എന്ന് മൈക്രോസോഫ്റ്റ് തന്നെ വ്യക്തമാക്കുന്നു. 'രോഗനിര്‍ണയം നടത്തുന്നതിനേക്കാള്‍ വളരെ വിശാലമാണ് അവരുടെ ക്ലിനിക്കല്‍ റോളുകള്‍,' വൈകാരിക ബുദ്ധി, മനുഷ്യ ബന്ധം, വിശ്വാസം എന്നിവയുടെ ആവശ്യകത ചൂണ്ടിക്കാട്ടി കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. യന്ത്രങ്ങള്‍ ഇപ്പോഴും പരാജയപ്പെടുന്നത് ഈ മേഖലകളില്‍ ആണ് എന്നും കമ്പനി വ്യത്തമാക്കി.
മുസ്തഫ സുലൈമാന്റെ നേതൃത്വത്തില്‍ ആണ് മൈക്രോസോഫ്റ്റിന്റെ എഐ വിഭാഗം MAI-DxO (മെഡിക്കല്‍ എഐ ഡയഗ്നോസ്റ്റിക് ഓര്‍ക്കസ്ട്രേറ്റര്‍) എന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തത്. ഇത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘത്തെ അനുകരിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ ക്ലിനിക്കല്‍ കേസുകളില്‍ 80 ശതമാനത്തിലധികം എഐ സിസ്റ്റം കൃത്യമായി രോഗനിര്‍ണയം നടത്തി എന്ന് പരീക്ഷണഘട്ടത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്.
സമാന സാഹചര്യങ്ങളില്‍ പരീക്ഷിച്ച മനുഷ്യ ഡോക്ടര്‍മാരുടെ 20 ശതമാനം വിജയ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് ഇത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ നടത്തിയ യഥാര്‍ത്ഥ കേസുകളുടെ പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, MAI-DxO 85 ശതമാനം കേസുകളിലും രോഗനിര്‍ണയ വിജയം പ്രകടമാക്കി. ഇവ സാധാരണ രോഗങ്ങളായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. വൈദ്യശാസ്ത്രത്തിലെ ഏറ്റവും രോഗനിര്‍ണയപരമായി സങ്കീര്‍ണ്ണവും വിശദാംശങ്ങള്‍ കൂടുതലുള്ളതുമായ കേസുകളാണിവ.
കൂടാതെ, എഐ സിസ്റ്റം കൂടുതല്‍ കൃത്യമായി നിഗമനങ്ങളില്‍ എത്തിച്ചേരുക മാത്രമല്ല, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. കൂടുതല്‍ വിവേകപൂര്‍ണ്ണമായ ഡയഗ്നോസ്റ്റിക് പരിശോധനകളിലൂടെ ചെലവ് 20 ശതമാനം കുറച്ചു.
'ഇന്‍ട്രോഡ്യുസിംഗ് എംഎഐ ഡിഎക്സ് ഓര്‍ക്കസ്ട്രേറ്റര്‍: ഔര്‍ പാത്ത് ടു മെഡിക്കല്‍ സൂപ്പര്‍ഇന്റലിജന്‍സ്' എന്ന തലക്കെട്ടിലുള്ള മൈക്രോസോഫ്റ്റിന്റെ ഒരു ബ്ലോഗ് പോസ്റ്റില്‍ ഈ കണ്ടെത്തലുകള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ എഐയിലും ഡയഗ്നോസ്റ്റിക് ഓട്ടോമേഷനിലും കമ്പനി ഈ സാങ്കേതികവിദ്യയെ ഒരു പ്രധാന ചുവടുവയ്പ്പായി മുന്നോട്ടുവെക്കുന്നു












Click it and Unblock the Notifications