399 രൂപയ്ക്ക് ചാറ്റ്ജിപിടി ഗോ പ്ലാനുകള്‍ ഇന്ത്യയില്‍; ഈ പ്ലാനില്‍ എന്തെല്ലാം സേവനങ്ങള്‍?
ചാറ്റ്ജിപിടിയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ദൈനംദിന ജീവിതത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ ആശ്രയിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ഈ സാധ്യതകള്‍ മുന്നില്‍ കണ്ട് ഓപ്പണ്‍എഐ ഇന്ത്യയില്‍ ചാറ്റ്ജിപിടി ഗോ എന്ന പുത്തന്‍ സബ്സ്‌ക്രപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതിമാസം 399 രൂപ മുടക്കിയാല്‍ ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്ന സേവനങ്ങളുടെ പത്തു മടങ്ങ് അധികം സേവനങ്ങള്‍ ലഭിക്കും.
ചാറ്റ്ജിപിടിയുടെ ജനപ്രിയ ഫീച്ചറുകള്‍ ഇന്ത്യക്കാര്‍ക്ക് താങ്ങാനാകുന്ന ചെലവില്‍ എല്ലാവരിലും എത്തിക്കാനുള്ള നീക്കത്തിലാണ് ഓപ്പണ്‍എഐ. പുതിയ പ്ലാനിനെക്കുറിച്ച് ചാറ്റ്ജിപിടിയുടെ തലവന്‍ നിക്ക് ടര്‍ലിയാണ് എക്സിലൂടെ അറിയിച്ചത്. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി പ്ലാനില്‍ യുപിഐ പേയ്മെന്റ് സപ്പോര്‍ട്ടുമുണ്ട്. ഇന്ത്യന്‍ രൂപയില്‍ തന്നെ പണവും അടയ്ക്കാം.

ചാറ്റ്ജിപിടി ഗോ പ്ലാനിലൂടെ മെസേജ് പരിധികള്‍, ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡുകള്‍, മെമ്മറി എന്നീ സേവനങ്ങള്‍ പത്തു മടങ്ങായി ലഭിക്കും. ഇതോടെ ചാറ്റ്ജിപിടിയുടെ ഏറ്റവും നൂതനമായ എഐ ടൂളുകള്‍ വരെ എളുപ്പത്തിലും വളരെ വേഗത്തിലും ആക്സസ് ചെയ്യാന്‍ സാധിക്കും. എഐ ടൂളുകളുടെ സ്വീകാര്യത ഇന്ത്യയിലെടമ്പാടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ പ്ലാന്‍ അവതരിപ്പിച്ചത്.
ചാറ്റ്ജിപിടി അക്കൗണ്ടില്‍ കയറി എലിജിബ്ലിറ്റി പരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം അപ്ഗ്രേഡ് പ്ലാന്‍ സെലക്ട് ചെയ്ത് ട്രൈ ഗോയിലേക്ക് പോകാം. യുപിഐ ഉപയോഗിച്ച് പേയ്മെന്റ് നടത്താം. അല്ലെങ്കില്‍ മാസം തോറും ബില്ലിങ് നടത്താം മാത്രമല്ല ഏത് സമയം വേണമെങ്കിലും കാന്‍സല്‍ ചെയ്യാനും ഓപ്ഷനുണ്ട്.
വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ഡെവലപ്പര്‍മാര്‍, സംരംഭകര്‍, സ്രഷ്ടാക്കള്‍ എന്നിവരുള്‍പ്പെടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ചാറ്റ്ജിപിടിക്കുണ്ട്. ഇവര്‍ക്കെല്ലാം പ്രയോജനപ്പെടുന്നതാണ് പുതിയ പ്ലാന്‍.
നിലവില്‍ ഓപ്പണ്‍എയുടെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യ, ഉടന്‍ തന്നെ ആഗോളതലത്തില്‍ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് അടുത്തിടെ കമ്പനി സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. പ്രതിമാസം 1,999 രൂപയുടെ നിലവിലുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് പുറമേയാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണലുകള്‍ക്കും സംരംഭങ്ങള്‍ക്കും പ്രതിമാസം 19,900 രൂപയുടെ പ്ലാനുമുണ്ട്.












Click it and Unblock the Notifications