സൗദി അറേബ്യ പറയുന്നു, ഇനി എഐ ഇല്ലാതെ പറ്റില്ല; എല്ലാ സ്‌കൂളിലും പഠനം, പുതിയ മാറ്റം ഇങ്ങനെ
റിയാദ്: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) യുഗമാണിത്. അതിവേഗം, ലളിതമായി കാര്യങ്ങള്‍ മനലിസാക്കാന്‍ സഹായിക്കുന്നത് മുതല്‍ സാങ്കേതിക-വൈദ്യ ശാസ്ത്ര രംഗത്തുവരെ നിറസാന്നിധ്യമാണ് എഐ. അതുകൊണ്ടുതന്നെ ഇനിയുള്ള തലമുറ ഇക്കാര്യത്തില്‍ വൈദഗ്ധ്യം നേടണം എന്നാണ് സൗദി അറേബ്യയുടെ തീരുമാനം.
സ്‌കൂള്‍, കോളജ് തുടങ്ങി എല്ലാ ഗ്രേഡ് പഠനത്തിലും എഐ പാഠ്യ വിഷയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗദി. വരുന്ന അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്താന്‍ ഭരണകൂടം തീരുമാനിച്ചു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം. എങ്ങനെ ഇനിയുള്ള കാലത്തെ എതിരേല്‍ക്കണം എന്ന് കുട്ടികളെ ബോധവല്‍ക്കരിക്കുകയാണ് സൗദി.

ദേശീയ പാഠ്യപദ്ധതി കേന്ദ്രം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വാര്‍ത്താ വിതരണ സാങ്കേതിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സൗദി ഡാറ്റ-എഐ അതോറിറ്റിയും പദ്ധതിയുമായി സഹകരിക്കും. സ്‌കൂള്‍ കുട്ടികള്‍, സെക്കണ്ടറി വിദ്യാര്‍ഥികള്‍, യൂണിവേഴ്‌സിറ്റികള്‍, സാങ്കേതിക പഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം വേണ്ട സിലിബസുകള്‍ പ്രത്യേകം തയ്യാറാക്കുകയാണ്.
ഹൈസ്‌കൂളുകളില്‍ എഐ പഠനമുണ്ടാകുമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും എഐ പഠന വിഷയമാകുകയാണിപ്പോള്‍. എഐയുടെ ആവശ്യകത, എങ്ങനെ ഉപയോഗിക്കണം, നിത്യജീവിതത്തില്‍ എങ്ങനെ ഉപകാരപ്പെടും, ജോലി സാധ്യതകള്‍, സാങ്കേതിക-വൈദ്യ രംഗങ്ങളില്‍ എങ്ങനെ ഉപയോഗിക്കാം, ലോകത്ത് നടക്കുന്ന എഐ വിപ്ലവം എന്നിവയെല്ലാം ഇനി വിദ്യാര്‍ഥികള്‍ പഠിക്കും.
ബ്രിക്‌സ് എഐ ബ്ലോക്കില്‍ പാകിസ്താന്‍ വേണ്ട
ബ്രിക്‌സ് രാജ്യങ്ങളിലെ എഐ രംഗത്തെ സഹകരണ കൂട്ടായ്മയാണ് എഐ അലയന്‍സ് നെറ്റ് വര്‍ക്ക്. ഈ കൂട്ടായ്മയിലേക്ക് പാകിസ്താനെ കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നിരിക്കുകയാണ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍ (ഡിഐഎഫ്). എഐ അലയന്‍സിന്റെ നെറ്റ് വര്‍ക്കിന്റെ സ്ഥാപക അംഗമാണ് ഡിഐഎഫ്.
പാകിസ്താനെ ഉള്‍പ്പെടുത്തിയാല്‍ കൂട്ടായ്മയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഡിഐഎഫ് പറയുന്നു. 2024ലെ ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. എഐ രംഗത്തെ ഗവേഷണമായിരുന്നു ലക്ഷ്യം. സുതാര്യവും സമാധാനപരവുമായ വികസനവും ലക്ഷ്യമാണ്. എന്നാല്‍ പാകിസ്താന്‍ കൂട്ടായ്മയില്‍ ചേര്‍ന്നാല്‍ ഈ ലക്ഷ്യം തകിടംമറിയുമെന്ന് ഡിഐഎഫ് ചൂണ്ടിക്കാട്ടി. എഐ അലയന്‍സിന് നല്‍കിയ കത്തിലാണ് ഡിഐഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താനിലെ എഐ സംവിധാനം ദുര്‍ബലമാണ്. സൈന്യമാണ് ഇത് നിയന്ത്രിക്കുന്നത് എന്ന ആരോപണമുണ്ട്. അതുകൊണ്ടുതന്നെ കൂട്ടായ്മയുടെ ഭാഗമായി പാകിസ്താന്‍ എത്തുമ്പോള്‍ സുരക്ഷാ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ടെന്ന് ഡിഐഎഫ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications