എഐ പ്രോഡക്റ്റ് ഡെവലപ്മന്റ് മുതല്‍ റോബോട്ടിക്‌സ് വരെ: സോഹോ കോര്‍പറേഷന്റെ ആദ്യ ഐടി കേന്ദ്രം ഒരുങ്ങുന്നു
രാജ്യാന്തര ഐ ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ ഐ ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ജൂലൈ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ കേരളത്തിലെ ആദ്യ ഐ ടി കേന്ദ്രം കൂടിയാണ് ഇതെന്ന് സ്ഥലം എം എല്‍ എ കൂടിയായ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ക്യാമ്പസ് സന്ദര്‍ശിച്ച് അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് ക്യാമ്പസ്. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. റോബോട്ടിക്‌സ്, എ ഐ, പ്രോഡക്റ്റ് ഡെവലപ്മന്റ് മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും മറ്റ് പ്രദേശങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ് ഐ.ടി കേന്ദ്രമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ല പഞ്ചായത്ത് അംഗം വി സുമലാല്‍, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല എന്നിവര്‍ പങ്കെടുത്തു.
റോബോട്ടിക്സ് പഠനം
അതേസമയം, ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സി.ഇ.ഒ കെ. അൻവര്‍ സാദത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്കള്ള ജില്ലാതല ശില്പശാലയില്‍ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ വഴി ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച് കൈത്താങ്ങ് ഒരുക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 158 യൂണിറ്റുകളിൽ നിന്നും 316മാസ്റ്റര്‍/മിസ്ട്രസ്മാര്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉള്‍പ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റില്‍ കൈറ്റ്സ് പ്രവർത്തന മാതൃകകള്‍, ആശയ പ്രചരണ രംഗത്ത് സ്കൂള്‍ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചര്‍ച്ചകളും നടന്നു.
വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications