വരും വര്‍ഷങ്ങളില്‍ എഐ കാരണം മധ്യവര്‍ഗത്തിന്റെ പണി പോകുമോ? മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ പറയുന്നത്
ലോകമെമ്പാടുമുള്ള വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചെലുത്തുന്ന സ്വാധീനം മനുഷ്യന്റെ പ്രവചനത്തിനും അതീതമായിക്കഴിഞ്ഞു. വലിയ മാറ്റങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പല രംഗങ്ങളിലും കൊണ്ടുവന്നത്. ആരോഗ്യ രംഗത്ത് എഐ മനുഷ്യന് വലിയ സഹായമാകുകയും ചെയ്തു. ഏറ്റവും വലിയ മാറ്റം ഉണ്ടായത് തൊഴില്‍ മേഖലയിലാണ്. എന്നാല്‍ മനുഷ്യരാശിക്ക് ഗുണകരമാകുമെന്നു കരുതിയ എഐ ഇപ്പോള്‍ വില്ലനാകുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.
തൊഴില്‍ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് എഐ മൂലം ഉണ്ടായത്. ഈ സാഹചര്യത്തില്‍, മാറുന്ന സാഹചര്യങ്ങള്‍ക്കൊപ്പം ഉയരാത്ത ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് പുറത്താകുന്ന സ്ഥിതി പോലുമുണ്ട്. എഐയുടെ 'ആക്രമണം' അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗുരുതരമാകുമെന്നും മധ്യവര്‍ഗത്തെ തകര്‍ക്കുമെന്നുമുള്ള പ്രവചനങ്ങളും വരുന്നുണ്ട്.

ഗൂഗിളില്‍ മുമ്പ് ചീഫ് ബിസിനസ് ഓഫീസറായി ജോലി ചെയ്തിരുന്ന മോ ഗൗഡത്ത് എഐ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പ്രവചിക്കുന്നുണ്ട്. ഡയറി ഓഫ് എ സിഇഒ എന്ന തന്റെ പോഡ്കാസ്റ്റിലാണ് 2027 അവസാനത്തോടെ എഐ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് മോ ഗൗഡത്ത് മുന്നറിയിപ്പ് നല്‍കിയത്. ഗോഡോട്ടിന്റെ പ്രവചനങ്ങള്‍ ഇപ്പോള്‍ ഐടി ജീവനക്കാര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
എഐ കൂടുതല്‍ ബാധിക്കുക മധ്യവര്‍ഗത്തെയാണ്. വിവാഹിതരായ യുവാക്കള്‍ നല്ല ജോലി കിട്ടിയിട്ട് കുട്ടികള്‍ ഉണ്ടാകാന്‍ കാത്തിരിക്കരുത്. കാരണം എഐ മൂലം വലിയ തൊഴില്‍ നഷ്ടം ഉണ്ടാകും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളുകള്‍ പോലും 2027 ആകുമ്പോഴേക്കും തൊഴിലില്ലാത്തവരായി മാറിയേക്കാമെന്നുള്ള ആശങ്കപ്പെടുത്തുന്ന പ്രവചനവും അദ്ദേഹം നടത്തുന്നുണ്ട്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവുകള്‍, പോഡ്കാസ്റ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ പ്രൊഫഷണല്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ചെയ്യുന്ന നിരവധി ജോലികള്‍ എഐ ഇല്ലാതാക്കും. പല റോളുകളിലും എഐ മനുഷ്യരെ മറികടക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. കൈത്തൊഴിലിനെ വലിയ തോതില്‍ ഇല്ലാതാക്കിയ മുന്‍ വിപ്ലവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സുരക്ഷിതമെന്ന് നാം കരുതിയിരുന്ന ഓഫീസ് ജോലികളില്‍ എഐ പിടിമുറുക്കും.
അടുത്തിടെ, 'എഐയുടെ ഗോഡ്ഫാദര്‍' എന്ന് വിശേഷിക്കപ്പെടുന്ന ജെഫ്രി ഹിന്റണ്‍, ഭാവിയില്‍ എഐ സ്വന്തം നിലയില്‍ ആന്തരിക ഭാഷ വികസിപ്പിക്കുമെന്നും അത് മനുഷ്യര്‍ക്ക് നിയന്ത്രിക്കാനോ മനസിലാക്കാനോ ബുദ്ധിമുട്ടായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications