ദോഷങ്ങൾ മാറാൻ വ്യാഴം കനിയണം; ഈ വ്രതം അനുഷ്ഠിച്ചാൽ ജീവിതത്തിൽ സർവ്വ സൗഭാഗ്യങ്ങളും ഉടൻ
Astrology : നമ്മുടെ ജീവിതത്തിൽ വ്യാഴത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യാഴം അനുകൂലമല്ലെങ്കിൽ ഏറെ പ്രയാസങ്ങളും ദുരിതങ്ങളും നിത്യ ജീവിതത്തിൽ നാം നേരിടേണ്ടി വന്നേക്കാം. പ്രധാനമായും കട ബാധ്യതകൾ, മാനസികസമ്മർദം, ചെലവ് വർധിക്കൽ, സന്താനങ്ങൾ കൊണ്ടുള്ള ദുരിതം, ബന്ധുജന കലഹം എന്നിവയാണ് വ്യാഴം അനുകൂലം അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ.
ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരവും നമുക്ക് തന്നെ സ്വയം ചെയ്യുവാൻ കഴിയും. വ്യാഴ പ്രീതി ഉണ്ടായാൽ ജീവിതത്തിൽ സർവ സൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. വിഷ്ണു ഭഗവാന്റെ ഭജനത്തോടെ വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക എന്നതാണ് പരിഹാര മാർഗമായി നമുക്ക് ചെയ്യാൻ കഴിയുക.

ഇതിനുപുറമേ, വ്യാഴ പ്രീതികരമായ 'ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം ബുദ്ധി ഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം' എന്ന മന്ത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ ദോഷമകറ്റാൻ കാരണമാകും. വ്യാഴാഴ്ച വ്രതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇവ അനുഷ്ഠിക്കാനും ചില രീതികൾ സ്വീകരിക്കേണ്ടതാണ്. ഏതു രീതിയിലാണ് വ്യാഴാഴ്ച വ്രതം നാം അനുഷ്ഠിക്കേണ്ടതെന്നത് ഏവർക്കുമുള്ള സംശയമാകും. നമുക്ക് നോക്കാം.
മഹാവിഷ്ണുവിന്റെ പ്രീതികരമായ മാർഗമാണ് വസ്ത്ര ദാനം. പ്രധാനമായും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. മാസത്തിൽ ഒന്നോ രണ്ടോ തവണ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാൻ കഴിയും. നാമജപം ജീവിതത്തിന് അനിവാര്യമാണ്. "ഓം നമോ നാരായണായ " എന്ന മന്ത്രം വ്രതം എടുക്കുന്ന വ്യക്തികൾ ജപിക്കുക.
12 അല്ലെങ്കിൽ 16 വ്യാഴാഴ്ച അടുപ്പിച്ചുള്ള ദിവസങ്ങളിലും ഈ വ്രതമനുഷ്ഠിക്കാം. മറ്റ് വ്രതങ്ങളെ പോലെ നിത്യ ജീവിതത്തിൽ അനുഷ്ഠിക്കാൻ ഉതകുന്ന വ്രതം ആണിത്. ശരീരശുദ്ധി, മനഃശുദ്ധി എന്നിവയാണ് വ്യാഴാഴ്ച വ്രതത്തിൽ പ്രധാനം. വ്രതമെടുക്കുന്ന ദിവസത്തിന് തലേന്ന് സൂര്യാസ്തമയത്തിന് ശേഷം അരിയാഹാരം കഴിക്കാതിരിക്കുക. പിറ്റേന്ന് ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം ആരംഭിക്കാം.
കഴിവിന്റെ പരമാവധി "ഓം നമോ നാരായണായ " എന്ന ഈ മന്ത്രം ജപിക്കുക എന്നതാണ് പരമപ്രധാനം. വ്രതം എടുക്കാൻ തുടങ്ങുന്ന നാൾ സ്വന്തം ഭവനത്തിൽ പാൽപ്പായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ജ്യോതിഷപ്രകാരം ഉത്തമം എന്നും വ്യക്തമാക്കുന്നു. അതേസമയം, ഈ വ്രതമെടുത്താൽ എന്താണ് നേട്ടം എന്നായിരിക്കും ചിലരുടെ ചോദ്യം. സാമ്പത്തിക ഉന്നമനം, ഭാഗ്യവർധന, ഉത്തമ സന്താനലബ്‌ധി , സന്താനങ്ങൾക്ക് ഉയർച്ച എന്നിവയാണ് ഈ നേട്ടങ്ങൾ.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാണ്.
നമുക്ക് ഐശ്വര്യം വർധിക്കുന്നതിലേക്ക് വേണ്ടി വ്യാഴാഴ്ച ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയുന്നതും ചന്ദനം തൊടുന്നതും മഹാ വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ തുളസിച്ചെടി നടക്കുന്നതും നല്ലതാണ്. വിഷ്ണു ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രത്തിൽ തുളസിമാല, ഭാഗ്യസൂക്ത അർച്ചന, നെയ്‌വിളക്ക് എന്നിവ സമർപ്പിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത് എന്നാണ് പറയപ്പെടുന്നത്. അതേസമയം, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് വ്രതമനുഷ്ഠിക്കാൻ കഴിയാതെ പോയാൽ വൃതം എടുക്കേണ്ട ദിവസം സസ്യാഹാരം കഴിക്കാൻ ശ്രമിക്കുക.
വ്യാഴാഴ്ച വ്രതം എടുക്കുന്നതിലൂടെ ഭഗവാൻ മഹാവിഷ്ണുവിനൊപ്പം ശ്രീരാമന്റെയും ദേവ ഗുരുവായ ബൃഹസ്പതിയുടെയും അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.എന്നാൽ, വ്രതം എടുക്കുന്നവർ പ്രഭാതത്തിൽ നെയ് വിളക്ക് കൊളുത്തി ഗായത്രി ജപത്തിന് ശേഷം വിഷ്ണു ഗായത്രി മന്ത്രം ജപിക്കുക. വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ നൂറ്റെട്ട് തവണ ജപിക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നിങ്ങൾക്ക് സത്‌ഫലം നൽകും. പ്രഭാതത്തിൽ ശരീര ശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നത് ഗുണം ചെയ്യും. .
വിഷ്ണുഗായത്രി മന്ത്രം
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു: പ്രചോദയാത്.
ഈ വിഷ്ണുഗായത്രി മന്ത്രം വ്രതമെടുക്കുന്ന നാൾ ഒൻപത് പ്രാവശ്യം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യ വർധനയും സാമ്പത്തിക ഉന്നമനവും ഉണ്ടാകും.












Click it and Unblock the Notifications