തടവുകാരന്റെ ജയില്‍ചാട്ടം: മൂന്നാഴ്ച്ചയായിട്ടും നടപടിയെടുക്കാതെ ജയില്‍വകുപ്പ്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് കേസിലെ തടവുകാരന്‍ തടവുചാടിയ സംഭവത്തിലെ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തി ജയില്‍ വകുപ്പ്. ഗുരുതരമായ സുരക്ഷാപിഴവ് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെ പ്രസ്തുത റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ ജനുവരി പതിനാലിന് രാവിലെ ആറരയോടെയാണ് മയക്കുമരുന്ന്‌കേസിലെ ശിക്ഷാതടവുകാരന്‍ ചാല കോയ്യോട് സ്വദേശിയായ ടി.സി ഹർഷാദ് ജയില്‍ കവാടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്കകം തവന്നൂര്‍ ജയില്‍ സൂപ്രണ്ട് അന്വേഷണറിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പിക്ക് സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ജീവനക്കാരുടെ കുറവും പ്രതിക്ക് വെല്‍ഫെയര്‍ ഓഫീസിലെ ചുമതല നല്‍കിയതിലെ വീഴ്ച്ചയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായാണ് അറിയുന്നത്.

പത്തുവര്‍ഷ ശിക്ഷ അനുഭവിച്ചുവന്ന മയക്കുമരുന്ന് കേസിലെ പ്രതിക്ക്ജയില്‍ ജീവനക്കാര്‍ വഴിവിട്ട സഹായം ചെയ്തുകൊടുത്തതായി ആരോപണമുയര്‍ന്നിരുന്നു. ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് ശിക്ഷ അനുവഭിച്ചു ഒരു വര്‍ഷം തികയും മുന്‍പേ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചു ജയില്‍ വെല്‍ഫെയര്‍ ഓഫീസില്‍ ജോലി നല്‍കിയ സംഭവത്തില്‍ തന്നെ ജയില്‍ അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സാധാരണഗതിയില്‍ മയക്കുമരുന്ന് കേസിലെ തടവുകാരെജയില്‍ ശിക്ഷാകാലയളവിന്റെ അവസാനഘട്ടങ്ങളില്‍ മാത്രമാണ് വെല്‍ഫെയര്‍ ജോലികള്‍ നല്‍കാറുളളത്.
ജയില്‍ കവാടത്തിന് മുന്‍വശത്തായി വരുന്ന ഗാന്ധി പ്രതിമയ്ക്കു മുന്‍പിലായി പുലര്‍ച്ചെ ആറരയോടെ വരുന്ന പത്രക്കെട്ടുകള്‍ എടുക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹര്‍ഷാദ് ഇതിനിടെയില്‍ റോഡരികില്‍ കാത്തുനില്‍ക്കുന്ന കൂട്ടാളിയുടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നിനിടെ പൊലിസ് എസ്‌കോര്‍ട്ടില്‍ നിന്നും തടവുപുളളി രക്ഷപ്പെട്ട സംഭവത്തില്‍ നേരത്തെ ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പിന്നില്‍ ദുരൂഹതയുണര്‍ത്തുന്നത്. കണ്ണവം പൊലിസ് പിടികൂടിയ എം.ഡി. എം. എ കടത്ത് കേസിലെ പ്രതിയാണ് ഹര്‍ഷാദ്. ഇയാള്‍ ബംഗ്‌ളൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിട്ടില്ല












Click it and Unblock the Notifications