Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഒസാമ ബിന്‍ ലാദന്‍?.....3

അഫ്ഗാനിസ്ഥാനിലെ യുദ്ധം വിജയിച്ചതോടെ ഒസാമ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന നേതാവായി. അന്ന് ജന്മനാടായ സൗദിയിലേക്ക് മടങ്ങിയെത്തിയ ഒസാമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹം പിന്നീട് കുറച്ചുനാള്‍ തന്റെ കുടുംബത്തിന്റെ കെട്ടിടനിര്‍മ്മാണക്കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിചയസമ്പന്നരായ യോദ്ധാക്കള്‍ക്ക് ഒട്ടേറെ ക്ഷേമപരിപാടികള്‍ ലാദന്‍ നടപ്പാക്കി. ഈ പോരാളികളെ പിന്നീട് ചെച്നിയ, ബോസ്നിയ, സോമാലിയ, ഫിലിപ്പൈന്‍സ്...... എന്നല്ല, എവിടെയൊക്കെ അവിശ്വാസികള്‍ക്കെതിരെ മുസ്ലീംങ്ങള്‍ ആയുധമെടുക്കേണ്ടിവന്നുവോ അവിടേക്കെല്ലാം പറഞ്ഞയച്ചു.

1990ലാണ് ലാദന്‍ സൗദിയുമായി അകലുന്നത്. അന്ന് സദ്ദാംഹുസൈന്‍ കുവൈത്തിനെ ആക്രമിച്ചപ്പോള്‍ സദ്ദാമില്‍ നിന്ന് രക്ഷപ്പെടാന്‍ സൗദി അമേരിക്കന്‍ പട്ടാളത്തെ ക്ഷണിക്കുകയായിരുന്നു. മുസ്ലിങ്ങളല്ലാത്ത അമേരിക്കക്കാരെ ക്ഷണിച്ച സൗദി രാജകുടുംബത്തിന്റെ നടപടിയെ ലാദന്‍ പരസ്യമായി വിമര്‍ശിച്ചു.

ഇതോടെ ലാദന്റെ സൗദി പൗരത്വം റദ്ദാക്കി. 1991ല്‍ ലാദന്‍ സൗദിയോട് വിട പറഞ്ഞു. 1992ല്‍ അദ്ദേഹം സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെത്തി.

ഖാര്‍ത്തൂമില്‍ നിന്നും സുഡാന്‍ തുറമുഖത്തേക്ക് ലാദന്‍ ഒരു റോഡ് പണിതു. നിരവധി അഫ്ഗാന്‍കാര്‍ ലാദന്റെ അടുത്തെത്തി. ഈജീപ്തിലെ തീവ്രവാദസംഘങ്ങളുമായി ലാദന്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.

ലണ്ടനില്‍ ലാദന്റെ സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന സൗദി രാജകുടുംബത്തിനെതിരെ പ്രചാരണം നടത്തി. ഇതോടെ ലാദനെ സൗദി വിമതനായി പ്രഖ്യാപിച്ചു. ലാദന്റെ കുടുംബവും ഒസാമയെ തള്ളിപ്പറഞ്ഞു.

അമേരിക്കയുടെ പേടിസ്വപ്നം

1992ല്‍ യെമനിലെ യുഎസ് പട്ടാളക്കാര്‍ക്കുനേരെ ബോംബാക്രമണത്തിനും 1993ല്‍ സോമാലിയയില്‍ യുഎസ് പട്ടാളക്കാര്‍ക്കുനേരെ നടത്തിയ ആക്രമണത്തിനും പിന്നില്‍ ഒസാമയാണെന്ന് പ്രചാരണമുണ്ടായി. സുഡാനില്‍ നിന്ന് ഒസാമയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക സുഡാനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 1996ല്‍ അദ്ദേഹത്തെ സുഡാന്‍ സര്‍ക്കാര്‍ പുറത്താക്കി. അദ്ദേഹത്തിന്റെ സുഡാനിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു. അങ്ങിനെ ഒസാമ അഫ്ഗാനിസ്ഥാനിലെത്തി. അന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഒസാമയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ലോകമെങ്ങും ഇസ്ലാമികതീവ്രവാദത്തിന് സാമ്പത്തികസഹായം നല്കുന്നത് ലാദനാണെന്ന് യുഎസ് കണ്ടെത്തി. 1996 ആഗസ്ത് 23ന് അമേരിക്കക്കെതിരെ പരസ്യമായി ഒസാമ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു.

1998ല്‍ മറ്റ് ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുമായി ചേര്‍ന്ന് ഒസാമ എല്ലാ അമേരിക്കക്കാരെയും വധിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. 1998ല്‍ താന്‍സാനിയയിലെയും കെനിയയിലെയും യുഎസ് എംബസിക്കുനേരെ നടത്തിയ ആക്രമണത്തില്‍ 12 അമേരിക്കക്കാരടക്കം 226 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നില്‍ ഒസാമ ബിന്‍ലാദനാണെന്ന് യുഎസ് കണ്ടെത്തി.

ജന്മനാടിന്റെ ശത്രുവാകുന്നു

1998 ആഗസ്ത് 22ന് ബിന്‍ലാദന്റെ തീവ്രവാദസംഘങ്ങളുമായി ബന്ധമുള്ള യുഎസിലെ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ട്രഷറി വകുപ്പിന് നിര്‍ദേശം നല്കി. ഇതിന് ശേഷം സുഡാനിലെ രാസായുധ പ്ലാന്റെന്ന് സംശയം തോന്നിയ കേന്ദ്രത്തിന് നേരെ അമേരിക്ക ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തി. വാസ്തവത്തില്‍ ഒസാമയെ വധിക്കാനായിരുന്നു ഈ ആക്രമണം. ഒരിക്കല്‍ ഒസാമ ഒളികേന്ദ്രത്തിലിരുന്ന് സാറ്റലൈറ്റ് ടെലിഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അമേരിക്ക ആ ടെലിഫോണ്‍ ഉറവിടം കണ്ടെത്തി അവിടേക്ക് മിസൈല്‍ അയച്ചു. പക്ഷെ അന്ന് ദൈവം ലാദനോടൊപ്പമായിരുന്നു. മിസൈല്‍ വീഴുന്നതിന് പത്ത് നിമിഷം മുമ്പ് സുഹൃത്തിന് ഫോണ്‍നല്കി ലാദന്‍ നടന്നുനീങ്ങിയതുകൊണ്ട് അന്ന് മരണത്തില്‍ നിന്ന് ലാദന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അമേരിക്ക ഇതാ ഇക്കുറി ലാദനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. 21ാം നൂറ്റാണ്ടിലെ ആദ്യയുദ്ധം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണ്ട് റഷ്യ ഒസാമയുടെ തലയ്ക്ക് വിലയിട്ടതുപോലെ ഇന്ന് അമേരിക്കയും ഒസാമയുടെ തലയ്ക്ക് വിലയിട്ടുകഴിഞ്ഞു- 50ലക്ഷം അമേരിക്കന്‍ ഡോളര്‍. പക്ഷെ അന്ന് റഷ്യ പരാജയപ്പെട്ടിടത്ത് അമേരിക്ക വിജയിക്കുമോ എന്നറിയാന്‍ ലോകം ശ്വാസമടക്കി കാത്തിരിക്കുകയായിരുന്നു.

ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലം കഴിഞ്ഞ് ബരാക് ഒബാമ പ്രസിഡന്റ് ആയപ്പോഴും അമേരിക്കയുടെ ഈ നിലപാടില്‍ മാറ്റമുണ്ടായില്ല. ലാദന് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തുമെന്നും പിടികൂടിയാല്‍ വധശിക്ഷതന്നെ നല്‍കണമെന്നുമുള്ള നിലപാടിലായിരുന്നു ഒബാമ.

ഒടുക്കം പത്തുവര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ യുഎസ് സൈന്യം ലക്ഷ്യംകണ്ടു. പാകിസ്താനിലെ ഇസ്ലാമാബാദില്‍ അബോട്ടാബാദില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന വീടിന് പുറത്തുവച്ച് ഒസാമയെ സൈന്യം വധിച്ചു. മെയ് 2ന് കാലത്താണ് ഈ വാര്‍ത്ത ലോകമറിഞ്ഞത്. മരണവിവരം സ്ഥിരീകരിച്ച് ഒബാമ പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തി. വന്‍ ആഹ്ലാദാരവങ്ങളോടെയാണ് അമേരിക്കയിലെ ജനങ്ങള്‍ ഈ മരണവാര്‍ത്തയെ സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+