ഷാവാലാസ് ഉടമ മനുഛബ്രിയ അന്തരിച്ചു
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനോഹര്‍ രാജാറാം ഛബ്രിയ എന്ന മനു ഛബ്രിയ മുംബൈയില്‍ വച്ചാണ് ഏപ്രില്‍ ആറ് ശനിയാഴ്ച രാവിലെ അന്തരിച്ചത്. അദ്ദേഹത്തിന് 56 വയസ്സായിരുന്നു. ദില്ലിയില്‍ ഷാവാലാസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഗോള്‍ഫ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
എന്നാല്‍ മുംബൈയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് പറക്കാന്‍ കഴിഞ്ഞില്ല. മുംബൈയില്‍ വന്നിറങ്ങിയ ഉടന്‍ അദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചു. വൃക്കകള്‍ക്ക് നേരത്തെയുള്ള തകരാര്‍ വീണ്ടും കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ വൃക്കകളുടെ തകരാര്‍ അതിവേഗം ഹൃദയത്തെ ബാധിച്ചു. തുടര്‍ന്ന് ജസ്ലോക് ആശുപത്രിയില്‍ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും മരിച്ചു.
ദില്ലിയില്‍ നടക്കുന്ന ഗോള്‍ഫ് ടൂര്‍ണ്ണമെന്റിന് അദ്ദേഹത്തിന്റെ ഷാവാലാസ് കമ്പനി അടുത്ത അഞ്ചുവര്‍ഷത്തേക്ക് 50 കോടിയാണ് നല്കുന്നത്.
അദ്ദേഹത്തിന്റെ മദ്യക്കമ്പനി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും മറ്റ് പലയിടങ്ങളില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവന്നു. അതിലൊന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കമ്പനിയായ ഡണ്‍ലപ് ടയര്‍ കമ്പനിയുടെ തകര്‍ച്ചയാണ്. ഇപ്പോള്‍ ഒരു രോഗാതുര വ്യവസായയൂണിറ്റായി മാറിക്കഴിഞ്ഞ ഡണ്‍ലപിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും വിജയിച്ചില്ല. യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ്മല്ല്യയുമായും നേരത്തെ ഛബ്രിയയുടെ വ്യവസായകൂട്ടാളിയായിരുന്ന അനുജന്‍ കിഷോര്‍ ഛബ്രിയയുമായും നടക്കുന്ന കേസുകളും ഛബ്രിയയ്ക്ക് തീരാത്തലവേദനയായിരുന്നു.
വ്യവസായ രംഗത്ത് ലളിതമായ തുടക്കമായിരുന്നു ഛബ്രിയയുടേത്. റേഡിയോ പാര്‍ട്സുകള്‍ വിറ്റുകൊണ്ടായിരുന്നു തുടക്കം. പക്ഷെ പിന്നീട് ദുബായിലേക്ക് കുടിയേറിയ ഛബ്രിയയുടെ ഉയര്‍ച്ച അതിവേഗമായിരുന്നു. 80 കളില്‍ ഷാവാലസ് എന്ന മദ്യനിര്‍മ്മാണക്കമ്പനിയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീട് ചെറിയകമ്പനികള്‍ ഒന്നൊന്നായി ഏറ്റെടുത്ത് അദ്ദേഹം തന്റെ വ്യവസായ സാമ്രാജ്യം വിപുലമാക്കി. 1994മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഷാവാലാസ് കമ്പനിയും സാമ്പത്തികപ്രതിസന്ധിയെ നേരിട്ടെങ്കിലും അദ്ദേഹത്തിന്റെ പരിചയസമ്പന്നത ആ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ സഹായിച്ചു.
ഭാര്യയും മൂന്നുമക്കളുമുണ്ട്. അദ്ദേഹത്തിന്റ മക്കളിലൊരാളായ കോമള്‍ വാസിര്‍ ഷാവാലസ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.












Click it and Unblock the Notifications