കലാമിന്റെ കാല്‍പാട് പതിഞ്ഞ നാള്‍വഴികള്‍...2
ആണവശക്തിയുടെ മിസൈല്‍ ചിറകുകള്‍ വീശി ആകാശത്തേയ്ക്കുയരാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതും ഈ മനുഷ്യനാണ്. അി, തൃശൂല്‍, പ്രിഥ്വി, നാഗ്, ആകാശ് എന്നീ മിസ്സിലുകളെല്ലാം രൂപകല്‍പന ചെയ്ത് യാഥാര്‍ത്ഥ്യമാക്കിയത് എ. പി. ജെ. അബ്ദുല്‍കലാമാണെന്ന് ഇന്ത്യ അഭിമാനത്തോടെ തന്നെ ഓര്‍മ്മിക്കും, എക്കാലവും.
യാതൊരു രാഷ്ട്രീയ പരിചയവുമില്ലാതെ, ശാസ്ത്രത്തിന്റെ അതിസങ്കീര്‍ണമായ വഴികളിലൂടെ നടന്നു പരിചയിച്ച ഡോ. കലാമിന് എങ്ങനെ ഒരു രാഷ്ട്രപതി സ്ഥാനം വഹിക്കാനാകുമെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകാം. എന്നാല്‍ പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവായും ഒട്ടേറെ പ്രതിരോധ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഭരണ പരിചയം ഈ സ്ഥാനത്തിനും മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്.
രഹസ്യപേടകത്തിന്റെ താക്കോല്‍ മറ്റാരുടെയും കൈകളിലെത്താതെ രണ്ട് അണുപരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, എല്ലാ പഴുതുകളുമടച്ച് ഇന്ത്യയുടെ മിസ്സില്‍ പരീക്ഷണങ്ങള്‍ വിജയിപ്പിച്ച ശാസ്ത്രബുദ്ധിയ്ക്ക് രാഷ്ട്രപതി പദം വഴങ്ങുകയില്ലെന്ന് കരുതാന്‍ ന്യായമില്ല.
കര്‍മനിരതമായ ഒരു യുവതലമുറ ഇവിടെ വളര്‍ന്നു വരണമെന്നും അവരുടെ ഭാവനയുടെ ചിറകിലേറി ഇന്ത്യ ലോകത്തിനു നെറുകയില്‍ സ്ഥാനം പിടിക്കുമെന്നും പ്രവചിച്ചാണ് ഡോ. കലാം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പദവിയൊഴിഞ്ഞത്. സ്വപ്നം കാണാനുളള കഴിവും കാണുന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പ്രവര്‍ത്തിക്കാന്‍ മനസുമുളള കുട്ടികളെത്തേടി അദ്ദേഹം രാജ്യമെങ്ങും സഞ്ചരിച്ചു.
സ്ക്കൂളുകളില്‍ നേരിട്ടു ചെന്ന് കുട്ടികളുമായി സംവദിച്ചു. 10,000 കുട്ടികളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുക എന്നതായിരുന്നു കലാമിന്റെ സ്വപ്ന പദ്ധതി. ആ പരിശ്രമത്തിനിടയില്‍ നിന്നാണ് പുതിയ പദവി അപ്രതീക്ഷിതമായി കലാമിനെതേടിയെത്തിയത്.
പൊക്രാനിലെ രണ്ടാം ആണവ പരീക്ഷണത്തിനു ശേഷം ബോംബെ ടൈംസ് കലാമിനൊരു വിളിപ്പേരു നല്‍കി. ദി മിസ്സില്‍ മാന്‍. യന്ത്രം പോലെ പണിയെടുക്കുന്നയാളെന്ന് ആ പേരിന് പക്ഷേ അര്‍ത്ഥമില്ല. നല്ലൊരു കാവ്യമനസിന്റെ ഉടമ കൂടിയാണ് ഡോ. കലാം. അറിയപ്പെടുന്ന തമിഴ് ഭാഷാ പണ്ഡിതനും തമിഴ് കവിയുമാണ് അദ്ദേഹം.
അദ്ദേഹമെഴുതിയ പ്രശസ്തമായ ഒരു കവിതയാണ് തുമുല്‍ത്ത്. അതില്‍ ഇങ്ങനെ രണ്ടു വരിയുണ്ട്, ആകാശങ്ങളിലൂടെയുളള എന്റെ യാത്ര ശാസ്ത്രം വളര്‍ത്താനാണോ ഉപകരിച്ചത്, അതോ ആസുരമായ നശീകരണ ശക്തിയുളള ആയുധങ്ങളുടെ ഉല്‍ഭവത്തിനാണോ ഞാന്‍ കാരണമായത്, കാലം പറയട്ടെ
ഇന്ത്യ ഒരു ശബ്ദത്തില്‍ ഇങ്ങനെ മറുപടി പറയും, ഈ രാഷ്ട്രത്തെ അഭിമാനത്തോടെ തലയുയര്‍ത്തി നിര്‍ത്താന്‍ അറിവും പ്രയത്നവും ചെലവഴിച്ച മഹാനുഭാവന്‍, നാടിന്റെ ഒന്നാം പൗരനാകാന്‍ അങ്ങേയ്ക്ക് സ്വാഗതം!!!
2












Click it and Unblock the Notifications