ടെന്നീസിന്റെ നഷ്ടവസന്തം...
ഏറെക്കാലം ടെന്നീസ് കോര്‍ട്ടുകളില്‍ വസന്തം വിരിയിച്ച പീറ്റ് സാംപ്രസ് വിടവാങ്ങി. ഇനിയും ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാനുള്ള കരുത്ത് ബാക്കിയുണ്ടെങ്കിലും സാംപ്രസ് വിടപറയുകയായിരുന്നു. 2003ലെ യുഎസ് ഓപ്പണ്‍ ടെന്നീസ് തുടങ്ങിയ ആദ്യ രാത്രിയില്‍ തന്നെയാണ് പീറ്റ് സാംപ്രസ് തന്റെ നാടകീയമായ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.
ആഗസ്ത് 26 ചൊവാഴ്ച രാത്രി ആര്‍തര്‍ ആഷെ സ്റേഡിയത്തില്‍ നിന്ന് വിതുമ്പിക്കരഞ്ഞുകൊണ്ടാണ് പീറ്റ് സാംപ്രസ് വിടവാങ്ങിയത്.
ആയിരക്കണക്കിന് ടെന്നീസ് പ്രേമികള്‍ തിങ്ങിനിറഞ്ഞ കോര്‍ട്ടില്‍ തന്റെ മകന്‍ ക്രിസ്റ്യനേയും ഒക്കത്തിരുത്തിയാണ് പീറ്റ് സാംപ്രസ് കോര്‍ട്ടിനെ ഒരു തവണ വലംവച്ചു. പിന്നീട് ടെന്നീസിനോട് വിടപറയുകയാണെന്ന് കരഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു. അപ്പോള്‍ ആര്‍തര്‍ ആഷെ സ്റേഡിയത്തില്‍ കരയാത്ത കണ്ണുകള്‍ കുറവായിരുന്നു.
വിടവാങ്ങുമ്പോള്‍ പീറ്റ് സാംപ്രസിന് 32 വയസ്സേ പ്രായമുള്ളൂ. ഇതിനകം പീറ്റ് സാംപ്രസ് നേടിയ നേട്ടങ്ങള്‍ അപൂര്‍വമാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്റ് സ്ലാം കിരീടങ്ങള്‍. 286 ആഴ്ചകള്‍ തുടര്‍ച്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനം. ആകെ 762 വിജയങ്ങള്‍. നേടാന്‍ ബാക്കിയായി ഒരു ഗ്രാന്റ് സ്ലാം കിരീടം പോലുമില്ല. 15 വര്‍ഷത്തെ ടെന്നീസ് ജീവിതത്തിനിടയില്‍ സമ്പാദിച്ചതോ 175 കോടിയുടെ സമ്പാദ്യം.
ആകെ 14 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടി. ഇതില്‍ ഏഴ് വിമ്പിള്‍ഡണ്‍, അഞ്ച് യുഎസ് ഓപ്പണ്‍, രണ്ട് ആസ്ത്രേല്യന്‍ ഓപ്പണ്‍ എന്നിവ ഉള്‍പ്പെടുന്നു. അഞ്ചു തവണ മാസ്റേഴ്സ് കിരീടവും രണ്ട് തവണ ഡേവിസ് കപ്പും നേടി. കഴിഞ്ഞ വര്‍ഷം നേടിയ യുഎസ് ഓപ്പണ്‍ ആയിരുന്നു അവസാനത്തെ കിരീടം.
പീറ്റ് സാംപ്രസ് വിടവാങ്ങല്‍ ചടങ്ങ് യുഎസ് ഓപ്പണിനോടനുബന്ധിച്ചാക്കാന്‍ പല കാരണങ്ങളുമുണ്ട്. പീറ്റ് സാംപ്രസ് ടെന്നീസില്‍ ആദ്യമായി നേടുന്ന കിരീടം യുഎസ് ഓപ്പണായിരുന്നു. വെറും 19 കാരനായ പീറ്റ് സാംപ്രസ് 1990ല്‍ ആന്ദ്രെ അഗാസിയെ തോല്പിച്ചാണ് അന്ന് യുഎസ് ഓപ്പണ്‍ നേടിയത്. പീറ്റ് സാംപ്രസ് അവസാനം നേടിയ കിരീടവും യുഎസ് ഓപ്പണ്‍ തന്നെ. രണ്ട് വര്‍ഷത്തോളം കളിയില്‍ ഫോം നഷ്ടപ്പെട്ട പീറ്റ് സാംപ്രസ് 2002ലെ യുഎസ് ഓപ്പണില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 2002ലും ആന്ദ്രേ അഗാസിയെ തോല്പിച്ചാണ് പീറ്റ് സാംപ്രസ് കിരീടം സ്വന്തമാക്കിയത്.
കഴിഞ്ഞ വിമ്പിള്‍ഡണില്‍ പങ്കെടുക്കാന്‍ പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോഴാണ് കളിയില്‍ നിന്ന് വിരമിയ്ക്കണമെന്ന തോന്നല്‍ പീറ്റ് സാംപ്രസില്‍ ശക്തമായത്. കളിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുകയാണെന്ന് അക്കാലത്ത് ബോധ്യമായി. വീണ്ടും പരിശീലനം നടത്താന്‍ തോന്നിയില്ല. മൂന്നുദിവസം വെറുതെയിരുന്നു. പിന്നീട് വീണ്ടും റാക്കറ്റെടുക്കാന്‍ ആവേശം തോന്നിയില്ല. - പീറ്റ് സാംപ്രസ് തന്റെ അനുഭവം വിവരിയ്ക്കുന്നു.
ബ്രിജറ്റുമായി പ്രണയം
1999ലാണ് ബ്രിജറ്റുമായി പ്രണയം തുടങ്ങുന്നത്. അന്ന് പീറ്റിന് 29വയസ്സ് പ്രായം. ലോസ് ഏഞ്ചല്‍സിലെ ഒരു സിനിമാശാലയില്‍ വച്ച് കണ്ടുമുട്ടിയതാണ് ബ്രിജറ്റിനെ. ആ പെണ്‍കുട്ടിയെ വീണ്ടും കാണണമെന്ന് പീറ്റ് സാംപ്രസ് തന്റെ കൂട്ടുകാരനോട് പറഞ്ഞു. ബ്രിജറ്റ് അത്രമാത്രം പീറ്റ് സാംപ്രസിനെ വശീകരിച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ അവര്‍ തമ്മില്‍ വീണ്ടും കണ്ടു. ബ്രിജറ്റിന് സാംപ്രസിനെയും ഇഷ്ടമായി. ഒടുവില്‍ വിവാഹം.
ബ്രിജറ്റ് എന്നും പീറ്റ് സാംപ്രസിന് തുണയായിരുന്നു. പ്രത്യേകിച്ചും സാംപ്രസ് കളിയില്‍ തളര്‍ന്നുപോയ നിമിഷങ്ങളില്‍. 2002ലെ യുഎസ് ഓപ്പണ്‍ കിരീടം നേടുന്നതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങള്‍ പീറ്റിനെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യത്തിന്റെ വര്‍ഷങ്ങളായിരുന്നു. പക്ഷെ ആ വരണ്ട വര്‍ഷങ്ങളില്‍ ബ്രിജിറ്റിന്റെ സ്നേഹത്തിന്റെ തണുപ്പായിരുന്നു പീറ്റ് സാംപ്രസിന്റെ ജീവിതത്തെ തരളമാക്കിയത്.
അവളുടെ സ്നേഹം പീറ്റിന് പുതിയ മോഹങ്ങള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു. ആ സ്നേഹത്തിന്റെ ശക്തിയിലാണ് 2002ല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കാന്‍ പീറ്റിനെ കരങ്ങള്‍ ക്ക് ശക്തിയേകിയത്.
വിടവാങ്ങല്‍ പ്രസംഗത്തില്‍ പീറ്റ് വികാരാധീനനായി. ആയിരങ്ങളോടായി പീറ്റ് തന്റെ മനസ്സ് തുറന്നു: ഞാന്‍ ടെന്നീസില്‍ നിന്ന് വിടവാങ്ങുന്നത് തന്നെ ബ്രിജിറ്റുമൊത്ത് ജീവിതത്തില്‍ പുതിയൊരു അധ്യായം തുറക്കാനാണ്. അപ്പോള്‍ സ്റേഡിയത്തില്‍ നിന്ന് നിലയ്ക്കാത്ത കരഘോഷം ഉയരുകയായിരുന്നു.












Click it and Unblock the Notifications