Get Updates
Get notified of breaking news, exclusive insights, and must-see stories!

തളരാതെ സിപിഎമ്മിന്റെ പഴയ സിംഹം....

1967ല്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ജയിച്ചുകൊണ്ടായിരുന്നു വിശ്വനാഥമേനോന്റെ പാര്‍ലമെന്റ് ജീവിതത്തിന്റെ തുടക്കം. 1974ല്‍ വിശ്വനാഥമേനോന്‍ രാജ്യസഭയിലേക്കും സിപിഎമ്മിന്റെ പേരില്‍ ജയിച്ചു. 1987ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച്, സംസ്ഥാന ധനകാര്യമന്ത്രിയായി. പക്ഷെ 1991ല്‍ മേനോന് നിയമസഭാ സീറ്റ് കിട്ടിയില്ല. അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറ സീറ്റ് എം.എം. ലോറന്‍സിന് വേണ്ടി മേനോന്‍ ഒഴിഞ്ഞു കൊടുത്തു.

പകരം 1991ല്‍ മേനോന്‍ ലോക്സഭയിലേക്ക് മത്സരിച്ചു. പക്ഷെ കോണ്‍ഗ്രസിന്റെ കെ.വി. തോമസിനോട് തോറ്റു. അന്ന് മുതല്‍ സിപിഎമ്മുമായി മാനസികമായ അകല്‍ച്ചയില്‍ കഴിയുകയായിരുന്നു മേനോന്‍. ഇക്കുറി എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതില്‍ നിന്നും മേനോനെ പിന്തിരിപ്പിയ്ക്കാന്‍ പഴയ രണ്ട് ചങ്ങാതിമാര്‍ എത്തിയിരുന്നു- എം.എം. ലോറന്‍സും ടി.കെ. രാമകൃഷ്ണനും. പക്ഷെ മേനോന്‍ വഴങ്ങിയില്ല. എന്ന് മാത്രമല്ല, മേനോന്‍ സിപിഎം വിട്ടതായി പരസ്യമായി പ്രഖ്യാപിയ്ക്കുകയും ചെയ്തു.

പാര്‍ട്ടി വഴിതെറ്റുന്നതിനെതിരെ നിരന്തരം മേനോന്‍ വിമര്‍ശനം നടത്തിയിരുന്നു. ഫാക്ടിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതില്‍ പാര്‍ട്ടി താല്പര്യം കാട്ടാത്തതും മേനോനെ ഏറെ ദു:ഖിപ്പിച്ചിരുന്നു. പാര്‍ട്ടി തൊഴിലാളികളില്‍ നിന്ന് അകലുന്നതും ഈ പഴയ രക്തനക്ഷത്രം വേദനയോട വീക്ഷിച്ചു. പാര്‍ട്ടിയെ വിമര്‍ശിച്ച് നേരെയാക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണ് മത്സരം കൊണ്ട് മറുപടി കൊടുക്കാന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്നും മേനോന്‍ പറയുന്നു.

മേനോന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പല പ്രത്യേകതകളുമുണ്ട്. കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന മൂന്നാംമൂന്നണിയ്ക്ക് എത്രത്തോളം കരുത്തുണ്ടെന്ന് ഈ മത്സരത്തില്‍ അറിയാം. ഹിന്ദു സമുദായ മുന്നണികളുമായി ചേര്‍ന്ന് കേരളത്തില്‍ വേരുറപ്പിയ്ക്കാനുള്ള ബിജെപിയുടെ തന്ത്രം തിരഞ്ഞെടുപ്പ് തലത്തില്‍ ആദ്യമായി പരീക്ഷപ്പെടുകയാണ് മേനോനിലൂടെ. എസ്എന്‍ഡിപി, എന്‍എസ്എസ് എന്നിവര്‍ക്ക് പിന്നാലെ ബിജെപിയും വിശ്വനാഥമേനോന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഒപ്പം വി.ബി. ചെറിയാന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ടുവരുന്ന സിപിഎം വിമതനേതൃത്വത്തിന്റെ പിന്തുണ കൂടി വിശ്വനാഥമേനോനുണ്ട്. ഇത് എറണാകുളത്ത് സിപിഎമ്മിന്റെ നില പരിതാപകരമാക്കും. ഇതുവരെ എറണാകളും മണ്ഡലം ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ മണ്ഡലമായാണ് അറിയപ്പെട്ടിരുന്നത്. പക്ഷെ സമുദായത്തിന്റെ ബലാബലങ്ങള്‍ക്കപ്പുറം വിജയസാധ്യത തേടുകയാണ് വിശ്വനാഥമേനോന്‍.

ഒരു പാര്‍ട്ടിനേതാവിന് അധപതിയ്ക്കാവുന്നതിന്റെ അങ്ങേയറ്റത്ത് മേനോന്‍ എത്തിയിരിയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആരോപിയ്ക്കുന്നു. പക്ഷെ ഒരു കാര്യം ഉറപ്പ്, മേനോന്‍ ഒരു വശത്ത് നില്ക്കുമ്പോള്‍ എറണാകുളത്ത് ഇക്കുറി ജയിച്ച് കയറുക എന്നത് സിപിഎമ്മിന്റെ സെബാസ്റ്യന്‍ പോളിന് എളുപ്പമാവില്ല. നാല് തവണ മത്സരിച്ച് മൂന്ന് തവണ ജയിച്ച വടക്കൂട്ട് വിശ്വനാഥമേനോന്‍ മത്സരിയ്ക്കുന്നതിനാണ്, അല്ലാതെ ജയിക്കുന്നതിനല്ല പ്രാധാന്യം നല്കുന്നതെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വനാഥമേനോനെ സംബന്ധിച്ചിടത്തോളം ഈ മത്സരം വെറും മത്സരമല്ല, യുദ്ധമാണ്. മൂല്യശോഷണത്താല്‍ ജീര്‍ണ്ണിച്ച ചെങ്കൊടിയ്ക്കെതിരായ യുദ്ധം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+