കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ പടയോട്ടം...2

  • By Staff
Google Oneindia Malayalam News

പക്ഷെ പിന്നീട് മകന്‍ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചതും സോണിയതന്നെ എന്നത് വിധിവൈപരീത്യമാവാം. ഭര്‍ത്താവിനെ രാഷ്ട്രീയത്തിലേക്ക് അയയ്ക്കുന്നതിലും ഭേദം മക്കളെ ഭിക്ഷാടനത്തിനയയ്ക്കുന്നതാണ് നല്ലതെന്ന് ഒരു കാലത്ത് പറഞ്ഞ സോണിയയുടെ മനംമാറ്റം ഇന്ത്യയെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

1991 മെയ് 21ന് രാജീവ് ഗാന്ധി വധിയ്ക്കപ്പെട്ട ശേഷം രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന സോണിയ പിന്നീട് പതുക്കെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയായിരുന്നു. പിന്നീട് ആറ് വര്‍ഷം അവര്‍ കോണ്‍ഗ്രസിനെ നയിച്ചു. ഗ്രൂപ്പ് വഴക്കില്‍ തകര്‍ന്ന കോണ്‍ഗ്രസിനെ ഒന്നാക്കുന്ന ശക്തിയായിരുന്നു സോണിയ. 100 വര്‍ഷത്തിലധികം പ്രായമുള്ള കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിയ്ക്കുക തന്റെ ജന്മോദ്ദേശ്യമാണെന്ന് സോണിയ മനസ്സിലാക്കിയിരിക്കണം.

കോണ്‍ഗ്രസിലെ പുതിയ തലമുറയും പഴയ തലമുറയും ഒരു പോലെ സോണിയയുടെ പ്രവര്‍ത്തന ശൈലിയെ അഭിനന്ദിക്കുന്നുണ്ട്. അവരുടെ കഠിനാധ്വാനം അപാരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിവരയിട്ട് പറയുന്ന കാര്യമാണ്. വാജ്പേയി മന്ത്രിസഭയിലെ പല മന്ത്രിമാരേയും വമ്പന്മാരെയും തകര്‍ത്തെറിഞ്ഞത് സോണിയയുടെ ഈ സംഘടനാപാടവം തന്നെയാണ്. കോണ്‍ഗ്രസ് എന്ന സംഘടനയെ ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിയ്ക്കുന്നതിന് മുമ്പ് നയിച്ച ആനി ബസന്റും എ.ഒ. ഹ്യൂമും ഇന്ത്യക്കാരല്ലെന്നതും സോണിയയുടെ വിദേശജന്മത്തെ ന്യായീകരിയ്ക്കാവുന്ന വസ്തുതയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനെ നയിയ്ക്കുന്ന അഞ്ചാമത്തെ വനിതയാണ് സോണിയ. ആനി ബസന്റ്, ഡോ. സരോജിനി നായിഡു, നെല്ലി സെന്‍ഗുപ്ത, ഇന്ദിരാഗാന്ധി എന്നിവരാണ് മറ്റ് നാല് വനിതകള്‍.

1968ല്‍ സോണിയയെ വിവാഹം കഴിച്ചതുമുതല്‍ 1980ല്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നതുവരെ വെറും പൈലറ്റായി സ്വകാര്യജീവിതത്തില്‍ ഒതുങ്ങിക്കഴിഞ്ഞയാളാണ് രാജീവ് ഗാന്ധി. 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതുവരെ സോണിയയുടെ പൊതുജീവിതത്തില്‍ കാണാനേയുണ്ടായിരുന്നില്ല. എന്നാല്‍ 1984ല്‍ രാജീവ് പ്രധാനമന്ത്രിയായതോടെയാണ് സോണിയയും രാഷ്ട്രീയത്തില്‍ അല്പം താല്പര്യമെടുത്തുതുടങ്ങിയത്.

1983ലാണ് സോണിയ ഇന്ത്യന്‍ പൗരത്വം എടുത്തത്. 1991ല്‍ രാജീവ്ഗാന്ധിയുടെ മരണത്തോടെ കോണ്‍ഗ്രസ് അധ്യക്ഷപദവി വച്ചുനീട്ടിയെങ്കിലും സോണിയ സ്വീകരിച്ചില്ല. അന്നവര്‍ക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികഅംഗത്വം പോലുമില്ലായിരുന്നു. 1998ല്‍ കോണ്‍ഗ്രസിന് വേണ്ടി രാഷ്ടീയപ്രചാരണം നടത്തിയാണ് സോണിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിയ്ക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ അമേതിയില്‍ നിന്നും സോണിയ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നിന്നും സോണിയ വിജയിച്ചു. അന്ന് സോണിയ പ്രതിപക്ഷ നേതാവായി. 1999ല്‍ 13മാസം ആയുസ്സുള്ള വാജ്പേയി സര്‍ക്കാര്‍ ഒരുവോട്ടിന്റെ കുറവില്‍ അധികാരത്തില്‍ നിന്ന് താഴെ വീണപ്പോള്‍ സോണിയ പ്രധാനമന്ത്രിപദത്തിന് തൊട്ടരികിലെത്തിയതായിരുന്നു. എന്നാല്‍ ബദല്‍ മന്ത്രിസഭരൂപീകരിയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയിച്ചില്ല. രാഷ്ട്രപതി സോണിയയ്ക്ക് അവസരം നല്കിയെങ്കിലും 233 പേരുടെ പിന്തുണയേ അന്ന് ലഭിച്ചുള്ളൂ.

ഇപ്പോള്‍ വീണ്ടും പഴയ പരാജയത്തിന് മറുപടി നല്കി സോണിയ അധികാരത്തിലേക്ക് തിരിച്ചെത്തുകയാണ്. സോണിയ പ്രധാനമന്ത്രിയാകുമോ എന്ന് കാര്യം തീരുമാനിച്ചിട്ടില്ല. പക്ഷെ എന്തായാലും കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നയങ്ങള്‍ തീരുമാനിയ്ക്കുക സോണിയ തന്നെയായിരിക്കും.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X