ഈ ഉണര്‍ത്തുപാട്ട്, ഒരിക്കലും നിലയ്ക്കാതെ....
വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയില്‍ നിന്ന് സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ് സുബ്ബലക്ഷ്മിയുടേത്. ഏഴു ദശകങ്ങള്‍ക്കു മുമ്പ് പുരുഷന്മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണാടക സംഗീതരംഗത്തിറങ്ങി നിശബ്ദയായി നേട്ടങ്ങള്‍ കൊയ്തെടുത്ത ഇവര്‍ കര്‍ണാടക സംഗീതലോകത്തെ ഇതിഹാസമാണ്.
24-ാം വയസില്‍ സംഗീതജ്ഞനായ സദാശിവവുമായുണ്ടായ വിവാഹം അവര്‍ക്കൊരു വഴിത്തിരിവായിരുന്നു. ഭര്‍ത്താവു മാത്രമല്ലാ, ഗുരുവും സംഗീതത്തിന്റെ പുതിയ നാദപ്രവാഹം തുറന്നു കൊടുത്ത ഒരു വ്യക്തിയുമായിരുന്നു സുബ്ബലക്ഷ്മിക്ക് സദാശിവം.
ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഈ സംഗീതചക്രവര്‍ത്തിനി കച്ചേരികള്‍ നടത്തിയിട്ടുണ്ട്. 1966ല്‍ ഐക്യരാഷ്ര്ട്ര സഭാ പൊതു സഭയില്‍ ലോകസമാധാനത്തിനായി അവര്‍ കച്ചേരി നടത്തി.
1977 ല്‍ ന്യൂയോര്‍ക്കിലെ കര്‍ണീഗ് ഹാളിലെ കച്ചേരിയും 1982ല്‍ ലണ്ടനില്‍ നടന്ന ഇന്ത്യ ഫെസ്റിവലിന്റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന കച്ചേരിയും, 1987 ല്‍ ഇന്ത്യയുടെയും യു.എസ്. എസ്.ആറിന്റെയും പ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ക്രെമ്ലീന്‍ പാലസ്സില്‍ നടന്ന കച്ചേരികളും ഏറെ പ്രാധാന്യമുള്ളതാണ്.
ഈ സംഗീതചക്രവര്‍ത്തിനിയുടെ മുന്നില്‍ താനാര് , വെറുമൊരു പ്രധാനമന്ത്രി മാത്രമെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിട്ടുണ്ട്.
സിനിമകളില്‍ പാടുക മാത്രമല്ലാ, സാവിത്രി, ശകുന്തള തുടങ്ങിയ സിനിമകളില്‍ ഇവര്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
പരിധിയുടെ പരിമിതികളില്ലാത്ത ആ സ്വരമാധുര്യത്തേടി ബഹുമതികള്‍ ഏറെയെത്തി. ഭാരതരത്ന, 75ല്‍ ലഭിച്ച പത്മവിഭൂഷണ്‍, 74ലെ മാഗ്സസെ അവാര്‍ഡ്, ശാന്തിനികേതന്‍ ദേശീയോത്തമ ബിരുദം, കാളിദാസ സമ്മാന്‍ എന്നിവ ഇവയില്‍ ചിലതു മാത്രം.
നാലു സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബഹുമതി ലഭിച്ചിട്ടുള്ള അതുല്യപ്രതിഭയാണിവര്‍. യുനസ്കോ മ്യൂസിക് കൗണ്‍സിലിന്റെ ആജീവനാംഗത്വത്തിനുടമയാണ് സുബ്ബലക്ഷ്മി.
ഭക്തിയെ സംഗീതമായി, ശാന്തതയായി കൂട്ടിച്ചേര്‍ത്ത ഈ നാദബ്രഹ്മം കാലത്തിനപ്പുറവും താളലയപ്രവാഹമായി ജനമനസുകളിലെന്നും മായാതെ നില്‍ക്കും












Click it and Unblock the Notifications