പിള്ള പിരിയുന്നത് 24 വര്‍ഷത്തിനു ശേഷം
പിളരുകയും വളരുകയും ചെയ്യുന്ന പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ഒരു തവണ പിളര്‍ന്നപ്പോള്‍ പി.ജെ. ജോസഫിനോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേയ്ക്ക് പോകാന്‍ വിസമ്മതിച്ച പിള്ളയ്ക്ക് അന്ന് അതിന് വലിയ വില നല്‍കേണ്ടി വന്നു. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് പി.ജെ. ജെസഫിന്റേതായി അംഗീകരിയ്ക്കപ്പെട്ടതുകൊണ്ട് കൂറുമാറ്റ നിയമപ്രകാരം പിള്ളയ്ക്ക് അന്ന് എം എല്‍ എ സ്ഥാനം നഷ്ടമായി. പിള്ള ഐക്യമുന്നണി വിടുമ്പോഴ് ഈ കഥയ്ക്ക് 15 വര്‍ഷത്തിന്റെ പഴക്കമുണ്ട്. 1990ലായിരുന്നു ഇത്.
യുഡിഎഫിനോട് കൂറുപുലര്‍ത്തിയതിന്റെ പേരില്‍ കേരളത്തില്‍ ഈ നടപടി നേരിടുന്ന ആദ്യവ്യക്തിയായി മാറി ബാലകൃഷ്ണപിള്ള.
ആദ്യം പിള്ള കോണ്‍ഗ്രസ് കാരനായിരുന്നു. 1960ല്‍ പത്തനാപുരത്തു നിന്ന് കോണ്‍ഗ്രസുകാരനായാണ് ബാലകൃഷ്ണപിള്ള ആദ്യം നിയമസഭയില്‍ എത്തുന്നത്. വയസിനെച്ചൊല്ലിയുള്ള വിവാദങ്ങളുടെ അകമ്പടിയോടെ 25-ാം വയസില്‍ അദ്ദേഹം കെപിസിസി അംഗമായി. 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പിള്ള സ്ഥാപകജനറല്‍ സെക്രട്ടറിയായി.1977ല്‍ കേരളാകോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അദ്ദേഹം ഇടതുമുന്നണിയോടൊപ്പം പോയി.
നായനാര്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിനൊപ്പം മടങ്ങിയെത്തിയ പിള്ള യുഡിഎഫ് രൂപീകരണത്തില്‍ കെ.കരുണാകരനൊപ്പം മുഖ്യപങ്കു വഹിച്ചു. പിന്നീട് പിള്ളക്കൊപ്പം ഇതുവരെ യുഡിഎഫുണ്ടായിരുന്നു. കേരളത്തിനെ കേന്ദ്രം അവഗണിയ്ക്കുന്നതിനെതിരെ കേന്ദ്രത്തോട് പഞ്ചാബ് മോഡല്‍ സമരം നടത്തണമെന്ന് എറണാകുളം സുഭാഷ് പാര്‍ക്കില്‍ പ്രസംഗിച്ച പിള്ളയ്ക്ക് ഇക്കാരണത്താല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. പിന്നീട് ഗ്രാഫൈറ്റ് കേസും പിള്ളയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അനധികൃതമായി വൈദ്യുതി കര്‍ണാടകത്തിലെ കമ്പനിയ്ക്ക് മറിച്ച് വിറ്റതായിട്ടായിരുന്നു ഈ കേസ്. എന്നാല്‍ ഈ വിവാദങ്ങള്‍ നടക്കുമ്പോഴൊക്കെ പിള്ള ഐക്യമുന്നണിയിലും മുന്നണി പിള്ളയോടൊപ്പവും തന്നെയായിരുന്നു. പിള്ളയെ നിരന്തരം ഇടതുമുന്നണി വേട്ടയാടകയാണെന്ന് പറഞ്ഞ് പലപ്പോഴും രക്ഷയ്ക്കെത്തിയതും ഐക്യമുന്നണിയായിരുന്നു.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതോടെയാണ് പിള്ളയും യുഡിഎഫും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായത്. കഴിഞ്ഞ കുറച്ചു നാളുകളായി പേരിനു മാത്രം യുഡിഎഫിനൊപ്പം എന്ന അനിശ്ചിതാവസ്ഥയിലായിരുന്നു പിള്ള. യുഡിഎഫ് വിട്ടതോടെ ഇതു നീങ്ങിയെങ്കിലും മറ്റൊരു അനിശ്ചിതാവസ്ഥ പിള്ളയുടെ കൂടെയുണ്ട്; ഇടതുമുന്നണിയിലേക്ക് പ്രവേശനം ലഭിക്കുമോയെന്ന അനിശ്ചിതത്വം.












Click it and Unblock the Notifications