കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിന്റെ മാധവിക്കുട്ടി

  • By Staff
Google Oneindia Malayalam News

Kamala Surayya
മാധവിക്കുട്ടിയെന്ന്‌ പറയുമ്പോള്‍ത്തന്നെ നീര്‍മാതളമെന്ന ഒരു ബിംബം അതു കാണാത്തവരുടെ പോലും ഉള്ളിലേയ്‌ക്കു മെല്ലെ കയറിയെത്തുന്നു. അതെ നീര്‍മാതള ഗന്ധത്തെ ലോകത്തിന്‌ മുഴുവന്‍ പരിചയപ്പെടുത്തിയ കമല മാധവിക്കുട്ടിയായതും കമലാദാസായതും മലയാളത്തിന്റെ മണ്ണില്‍ ശരിക്കും പറഞ്ഞാല്‍ പുന്നയൂര്‍കുളത്തെ നാലപ്പാട്ടെ മണ്ണില്‍ വേരൂന്നിക്കൊണ്ടായിരുന്നു.

നീര്‍മാതളത്തിന്റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയെന്ന നോവും തണുത്തുറഞ്ഞ നെയ്‌പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക്‌ പറഞ്ഞുന്നു. എന്നിട്ടും മലയാളം മാധവിക്കുട്ടിയ്‌ക്ക്‌ തിരിച്ചെന്ത്‌ നല്‍കി.

സഹിക്കാന്‍ കഴിയാത്ത ചീഞ്ഞു നാറുന്ന അപമാനങ്ങളല്ലാതെ. പറയാന്‍ പാടില്ലാത്തതൊക്കെ വളിച്ചുപറയുന്നുവെന്നായിരുന്നു മാധവിക്കുട്ടി എന്ന്‌ കേള്‍ക്കുമ്പോള്‍ത്തന്നെ സദാ സദാചാരബോധം കൊണ്ടുനടക്കുന്ന നമ്മള്‍ മലയാളികള്‍ അവരെ കുറ്റപ്പെടുത്തിയത്‌. അത്‌ മനസ്സിലാക്കാന്‍ നാം വല്ലാതെ വൈകിപ്പോയെന്നതും ഒരു യാഥാര്‍ത്ഥ്യമുണ്ട്‌.

പുന്നയൂര്‍ക്കുളത്തെ തറവാട്ടു പറമ്പിലെ നീര്‍മാതളത്തിന്റെ ഗന്ധം മാധവിക്കുട്ടി ലോകത്തിന്‌ പരിചയപ്പെടുത്തി. കൊല്‍ക്കത്തയിലെ നഗരജീവിതത്തിനിടയിലും മനസ്സുകൊണ്ട്‌ കമല പുന്നയൂര്‍കുളത്ത്‌ ജീവിച്ചു. കമലാദാസ്‌ എന്ന്‌ പുറം ലോകവും മാധവിക്കുട്ടിയെന്ന്‌ മലയാളികളും സ്‌നേഹത്തോടെ വിളിക്കുന്ന ഇന്നത്തെ കമല സുരയ്യയെ മലയാളത്തിന്‌ മറക്കാന്‍ കഴിയില്ല.

ഒരു പെണ്ണ്‌ പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച്‌ കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍ പകര്‍ത്തിവച്ചു എന്നതാണ്‌ മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വിജയവും.

എതിര്‍ത്തവര്‍ക്കും വൃത്തികേട്‌ പറഞ്ഞ്‌ പരിഹസിച്ചവര്‍ക്കും മറുപടിയായി കമല ധീരയായി എഴുതി. എഴുത്തിലൂടെ സ്വന്തം ലോകം സൃഷ്ടിച്ച്‌ അതില്‍ ജീവിച്ചു. ഇതിനിടെ കൃഷ്‌ണബിംബത്തെ അല്ലാഹുവിലേയ്‌ക്ക്‌ മാറ്റി മാധവിക്കുട്ടി കമല സുരയ്യയായതും പലര്‍ക്കും ദഹിച്ചില്ല. അതിനും തന്റെതായ മറപടി നല്‍കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

ഇത്രയേറെ തീവ്രമായി, ഇത്രയേറെ നൈസര്‍ഗികമായി ഇത്രയേറെ നിഷ്‌കളങ്കമായി കഥപറഞ്ഞു തന്ന മറ്റേത്‌ പെണ്ണെഴുത്തുകാരിയാണ്‌ നമുക്കുള്ളത്‌. എന്നാല്‍ സ്വന്തം എഴുത്തില്‍ പെണ്ണെഴുത്തിന്റെ അപാരമായ സാധ്യതകളുണ്ടായിരുന്നിട്ടും അതിന്റെ പേരില്‍ സ്വയം ആഘോഷിക്കാന്‍ മാധവിക്കുട്ടി ശ്രമിച്ചിട്ടില്ല.

സ്വന്തം അക്ഷരങ്ങള്‍ അവര്‍ക്ക്‌ നിശ്വാസവായു തന്നെയായിരുന്നു. വാര്‍ധക്യത്തില്‍ വീണ്ടും മലയാളത്തിന്റെ പരിസരം മടുത്ത്‌ മാധവിക്കുട്ടി അന്യനാട്ടിലേയ്‌ക്ക്‌ പോയി. പുന്നയൂര്‍കുളത്തെ തന്റെ സ്വപ്‌നഭൂമി കേരള സാഹിത്യ അക്കാദമിയ്‌ക്ക്‌ ഇഷ്ടദാനം നല്‍കി.

വിഎം നായരുടെയും നാലപ്പാട്ട്‌ ബാലാമണി അമ്മയുടെയും പുത്രിയായി 1934 മാര്‍ച്ച്‌ 31ന്‌ പുന്നയൂര്‍കുളത്താണ്‌ മാധവിക്കുട്ടി ജനിച്ചത്‌. ബാല്യകാല സ്‌മരണകള്‍, എന്റെ കഥ, മതിലുകള്‍, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ്‌ മലയാളത്തിലെ പ്രശസ്‌ത കൃതികള്‍,

സമ്മര്‍ ഇന്‍ കല്‍ക്കത്ത, ഓള്‍ഡ്‌ പ്ലേ ഹൈസ്‌, ദി സൈറന്‍സ്‌ എന്നിവയാണ്‌ പ്രമുഖമായ ഇംഗ്ലീഷ്‌ കൃതികള്‍. എന്റെ കഥ എന്ന കൃതി 15 വിദേശഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവരുടെ തണുപ്പ്‌ എന്ന ചെറുകഥയ്‌ക്ക വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

സ്വപ്‌നംവും ജീവിതവും രണ്ടും രണ്ടുവഴിയ്‌ക്ക്‌ നീങ്ങിയപ്പോഴുണ്ടായ നഷ്ടബോധങ്ങളും സ്വപ്‌നങ്ങളുമാണ്‌ മാധവിക്കുട്ടി മലയാളത്തിന്‌ സമ്മാനിച്ച മിക്ക കൃതികളിലും വായിച്ചെടുക്കാന്‍ കഴിയുന്ന അനുഭവം. 1984ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ കമലാദാസ്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ്‌ മാധവിക്കുട്ടി പ്രശസ്‌തയായത്‌. 1999ല്‍ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ കൃഷ്‌ണസങ്കല്‍പ്പം വെടിഞ്ഞ്‌ കലമ അല്ലാഹുവില്‍ വിശ്വസിക്കാന്‍ തുടങ്ങുകയും കമല സുരയ്യ എന്ന്‌ പേര്‌ മാറ്റുകയും ചെയ്‌തത്‌.

മാധവിക്കട്ടി വിളിച്ചു പറഞ്ഞതൊന്നും സഹിക്കാന്‍ കഴിയാതെ പോയ ചില സദാചാരക്കാര്‍ അവരെ കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും നോവിച്ചുകൊണ്ടേയിരുന്നു. മലയാളികളുടെ ഈ മാനസികാവസ്ഥയെക്കുറിച്ച്‌ പലപ്പോഴായി പല അഭിമുഖങ്ങളിലും മാധവിക്കുട്ടി വേദനയോടെ പറഞ്ഞിട്ടുണ്ട്‌.

ഇംഗ്ലീഷിലും എഴുതി പേരെടുത്തെങ്കിലും മാധവിക്കുട്ടി സഹൃദയരായ മലയാളികള്‍ ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരമാണ്‌. വിശ്വാസവും, മതവും, മതം മാറ്റവും തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ ചികയാതെ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ അവര്‍ വായിക്കപ്പെടേണ്ടതുണ്ട്‌. തീര്‍ത്തും വ്യത്യസ്‌തമായ ആ രചനാശൈലി മലയാളത്തിന്റെ സ്വന്തമായതില്‍ അഭിമാനിക്കാനെന്തിന്‌ നാം മടിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X