2025 കണ്ണു തുറപ്പിച്ചു; വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ ചതിച്ചു; എല്ലാം പോസിറ്റീവായി കാണുന്നു: സിന്ധു കൃഷ്ണ
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം 2025 സംഭവബഹുലമായ വര്‍ഷമായിരുന്നു. കൃഷ്ണകുമാറിന്റെ മകളും സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തില്‍ നടന്ന വലിയ സാമ്പത്തിക തട്ടിപ്പ് കേരളം മുഴുവന്‍ ചര്‍ച്ചയായി. മൂന്ന് മുന്‍ ജീവനക്കാരികള്‍ ചേര്‍ന്ന് 66 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയത് പോരാഞ്ഞ് കൃഷ്ണകുമാറിനെതിരേയും പൂര്‍ണ ഗര്‍ഭിണിയായിരുന്ന ദിയക്കെതിരേയും നിരവധി ആരോപണങ്ങളും മുന്‍ ജീവനക്കാരികള്‍ ഉയര്‍ത്തി. അന്ന് വലിയ മാനസിക സമ്മര്‍ദത്തിലൂടെയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും നാലു പെണ്‍മക്കളും അടങ്ങുന്ന കുടുംബം കടന്നുപോയത്. ഇതിനു ശേഷമായിരുന്നു ദിയയുടെ പ്രസവം. ഓമി എന്ന കുഞ്ഞ് അംഗത്തിന്റെ വരവോടെയാണ് കൃഷ്ണകുമാര്‍ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി വര്‍ധിച്ചത്.
ഇപ്പോഴിതാ കടന്നുപോയ വര്‍ഷത്തെ കയ്‌പ്പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് സിന്ധു കൃഷ്ണ. പുതുവര്‍ഷത്തോടനുബന്ധിച്ച് പങ്കുവെച്ച യൂട്യൂബ് വീഡിയോയിലാണ് തനിക്കും കുടുംബത്തിനും കഴിഞ്ഞ വര്‍ഷം നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും വലിയൊരു വഞ്ചനയെക്കുറിച്ചും അവര്‍ വിവരിക്കുന്നത്. മകള്‍ ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന ബിസിനസ് സ്ഥാപനത്തില്‍ നടന്ന വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള ഓര്‍മകളാണ് സിന്ധു പ്രധാനമായും പങ്കുവെച്ചത്.

ദിയയുടെ ഗര്‍ഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മുതലെടുത്താണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വിശ്വസ്തരായി കരുതിയ ജീവനക്കാരാണ് സ്ഥാപനത്തിലെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കള്ളം പറഞ്ഞ് സ്വന്തം ക്യുആര്‍ കോഡ് ഉപയോഗിച്ച് കസ്റ്റമേഴ്‌സില്‍ നിന്ന് പണം വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവം തങ്ങളുടെ കുടുംബത്തിന് വലിയൊരു പാഠമായിരുന്നുവെന്ന് സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നു.
സിന്ധു കൃഷ്ണയുടെ വാക്കുകള്‍: ഓ ബൈ ഓസിയില്‍ നടന്ന സാമ്പത്തിക അഴിമതി ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ക്കത് പുതിയൊരു അനുഭവം ആയിരുന്നു. അതില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ പറ്റി. ആ സംഭവം ഒരു കേസ് ഡയറി പോലെയായി. സ്വന്തമായി സംരംഭങ്ങള്‍ നടത്തുന്ന ഒരുപാട് മലയാളികള്‍ക്ക് ഞങ്ങളുടെ അനുഭവം കണ്ട് അവരവരുടെ ബിസിനസില്‍ എക്‌സ്ട്രാ മുന്‍കരുതല്‍ എടുക്കാന്‍ ആ സംഭവം സഹായിച്ചിട്ടുണ്ടാകും. സ്വന്തമെന്ന് കരുതി ചേര്‍ത്ത് നിര്‍ത്തുന്ന ആള്‍ക്കാര്‍ നമുക്ക് എന്തുമാത്രം ഡാമേജ് പറ്റും എന്നൊക്കെയുള്ള തിരിച്ചറിവായിരുന്നു അത്. ആ സംഭവത്തെ ഒരു പാഠമായിട്ടാണ് എടുക്കുന്നത്. അതിനെ പോസിറ്റീവായി എടുക്കണം. നമ്മുടെ അശ്രദ്ധ എത്രത്തോളം വലിയ നഷ്ടമാണുണ്ടാക്കിയതെന്ന് മനസിലായി'.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഫാന്‍സി ആഭരണങ്ങള്‍ വാങ്ങിയ കസ്റ്റമേഴ്‌സ് നല്‍കിയ തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വഴിമാറ്റിയും സാധനങ്ങള്‍ ദിയ അറിയാതെ വിദേശത്തേക്ക് വരെ അയച്ചുമാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടതിനേക്കാള്‍ വിശ്വസ്തത തകര്‍ന്നതാണ് സങ്കടകരമെന്ന് സിന്ധു പറയുന്നു. ഇത്തരം ചതികള്‍ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ ഈ സംഭവം കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനു ശേഷം വളരെ പോസിറ്റീവായ സംഭവങ്ങളാണ് ഉണ്ടായതെന്നും സിന്ധു പറഞ്ഞു. ഓമി വന്നതോടെ കുടുംബത്തില്‍ ഒരുപാട് സന്തോഷമുണ്ടായി. തുടര്‍ന്നാണ് ദിയയുടെ പുതിയ സ്ഥാപനം ആരംഭിച്ചത്. ഞങ്ങള്‍ ഓണ്‍ലൈന്‍ സാരി സ്‌റ്റോര്‍ തുടങ്ങി. അത് നന്നായി പോകുന്നു. അച്ഛന്റെ സര്‍ജറി വിജയകരമായി കഴിഞ്ഞു. ഇങ്ങനെ എല്ലാം കൊണ്ടും നല്ല വര്‍ഷമായിരുന്നു 2025 എന്നും സിന്ധു പറഞ്ഞു.












Click it and Unblock the Notifications