20 ലക്ഷം രൂപ വാങ്ങിയത് എന്തിന്? വെളിപ്പെടുത്തി ഹരീഷ്, വീണ്ടും 3 തവണ ബാദുഷ പണം വാങ്ങി, ഇനി നടപടി
കോഴിക്കോട്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍എം ബാദുഷ 20 ലക്ഷം രൂപ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടന്‍ ഹരീഷ് കണാരന്‍ തുറന്നുപറഞ്ഞത്. നേരത്തെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നു എങ്കിലും ബാദുഷയാണ് പണം വാങ്ങിയത് എന്ന് ഹരീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയായിരുന്നു. പണം തിരിച്ച് ചോദിച്ചപ്പോള്‍ ടൊവിനോ നായകനായ എആര്‍എം സിനിമയില്‍ നിന്ന് ബാദുഷ രഹസ്യമായി നീക്കി എന്നും ഹരീഷ് ആരോപിച്ചു.
ഇന്ന് ഈ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഹരീഷ്. സിനിമയുടെ തിരക്കുള്ള വേളയില്‍ ബാദുഷ ഇങ്ങോട്ട് വന്ന് ഡേറ്റ് ഞാന്‍ നോക്കാം എന്ന് പറയുകയായിരുന്നുവത്രെ. കൊവിഡിന് മുമ്പ് ഉപചാരപൂര്‍വം ഗൂണ്ടാജയന്‍ എന്ന സിനിമയാണ് അവസാനമായി ചെയ്തത്. ശേഷം സിനിമകള്‍ വന്നില്ല. ചില ചതികള്‍ ഇതിന് പിന്നിലുണ്ട് എന്ന് പിന്നീടാണ് അറിഞ്ഞത് എന്ന് ഹരീഷ് പറയുന്നു.

ഒരു ദിവസം മൂന്ന് സിനിമ ചെയ്ത സമയമുണ്ടായിരുന്നു. തിരക്കുള്ള സമയം. ഈ വേളയിലാണ് ബാദുഷ ഡേറ്റ് താന്‍ നോക്കാമെന്ന് പറഞ്ഞ് ഏറ്റെടുത്തത്. സഹായമാകുമെന്ന് കരുതി ഓകെ പറഞ്ഞു. ആ സമയത്തെ എല്ലാ സിനിമയുടെ കണ്‍ട്രോളറും ബാദുഷയായിരുന്നു. നല്ല സൗഹൃദം നിലനിര്‍ത്തി. വീട്ടില്‍ വരികയും ചെയ്തിരുന്നു.
അതിനിടെയാണ് തന്റെ വീട് പുനരുദ്ധാരണം നടന്നത്. പണം ആവശ്യമായപ്പോള്‍ ബാദുഷയോട് കാര്യം പറഞ്ഞു. വെടിക്കെട്ട് സിനിമ ഇറങ്ങിയാല്‍ തരാമെന്നായിരുന്നു മറുപടി. എന്നാല്‍ സിനിമ ഇറങ്ങിയിട്ടും പണം തന്നില്ല. പലപ്പോഴും ചോദിച്ചിട്ടും കിട്ടിയില്ല. തുടര്‍ന്നാണ് അമ്മയുടെ ഭാരവാഹി ആയിരുന്ന ഇടവേള ബാബുവിനോട് പറഞ്ഞത്.
ബാദുഷ പണം വാങ്ങിയത് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്
ബാദുഷയെ കുറിച്ച് ഇത്തരം പരാതികള്‍ പലരും പറഞ്ഞിട്ടുണ്ടെന്നും തര്‍ക്കത്തിലേക്ക് എത്താതെ പണം വാങ്ങാന്‍ നോക്കൂ എന്നായിരുന്നു ഇടവേള ബാബു നല്‍കിയ മറുപടി. ഓബ്രോണ്‍ മാളിന് പിറകില്‍ ബാദുഷ സ്ഥലം വാങ്ങിയിരുന്നു. അതിന്റെ രജിസ്‌ട്രേഷന്റെ ആവശ്യത്തിന് എന്ന പേരിലാണ് 20 ലക്ഷം രൂപ വാങ്ങിയത്. ഒരാഴ്ച്ചയ്ക്കകം തിരിച്ചുതരാമെന്നും പറഞ്ഞു. ബാങ്കില്‍ നിന്നാണ് 20 ലക്ഷം രൂപ താന്‍ അയച്ചുകൊടുത്തത് എന്നും ഹരീഷ് മനോരമ ന്യൂസിനോട് വിശദീകരിച്ചു.
പണം കൊടുത്ത് കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് കൊറോണ വ്യാപിച്ചത്. ഇതോടെ സിനിമ ഷൂട്ടിങ് ഇല്ലാതായി. ചാരിറ്റി ചെയ്യാന്‍ വേണ്ടി ബാദുഷ മൂന്ന് തവണ വിളിച്ച് പണം ആവശ്യപ്പെട്ടു. മൂന്ന് തവണയും 50000 രൂപ വീതം കൈമാറി. ഭക്ഷണം കൊടുക്കാനും കുട്ടികള്‍ക്ക് ടിവി വാങ്ങാനും മരിച്ച സിനിമാ പ്രവര്‍ത്തകന്റെ കുടുംബത്തെ സഹായിക്കാനുമെല്ലാമായിരുന്നു പണം ആവശ്യപ്പെട്ടത്.
ബാദുഷയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബാങ്ക് വഴിയായിരുന്നു. സംഭവം വിവാദമായതോടെ സ്‌റ്റേറ്റ്‌മെന്റ് വേണ്ടേ എന്ന് ചോദിച്ച് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് ഹരീഷ് പറഞ്ഞു. ബാദുഷക്കെതിരെ അമ്മയില്‍ രേഖാമൂലം പരാതി നല്‍കും. നിയമ നടപടി സ്വീകരിക്കുമെന്നും ഹരീഷ് സൂചിപ്പിച്ചു. സഹായിച്ച വ്യക്തിയെ ചതിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications