സര്‍വം ഭാഗ്യമായം; നിവിന്‍ ഇനി പഴയ നിവിനല്ല: പനോരമ സ്റ്റുഡിയോസുമായി 100 കോടിയുടെ വമ്പന്‍ ഡീല്‍
യുവത്വത്തിന്റെ ഊര്‍ജവുമായി ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകന്റെ കട്ട ചങ്കായി മാറിയ നായകനായിരുന്നു നിവിന്‍ പോളി. നിവിന്റെ സിനിമകളിലെ കോമഡിയും ചളിയും ആക്ഷനും പ്രണയവും നൊമ്പരവുമെല്ലാം പ്രേക്ഷകര്‍ വിമര്‍ശനങ്ങളില്ലാതെ ഏറ്റെടുത്തു. നിവിന്റെ പല സിനിമകളും 90 കിഡ്‌സിനെ ഓര്‍മകളിലേക്കു തിരിച്ചുകൊണ്ടു പോയപ്പോള്‍ ജെന്‍സി കിഡ്‌സും അത് ആവേശത്തോടെ ഏറ്റെടുത്തു. എന്നാല്‍ ഇടക്കാലത്ത് നിവിന്‍ പക്കാ സീരിയസ് വേഷങ്ങളിലേക്കു മാറിയപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകരും മടിച്ചു. പിന്നീട് നിവിന്‍ പോളി എവിടെ പോയി എന്നായിരുന്നു പ്രേക്ഷകരെല്ലാം തിരഞ്ഞത്. ഇടയ്ക്ക് സിനിമകള്‍ പരാജയപ്പെട്ടതും അഹങ്കാരി എന്ന ലേബലും വിവാദങ്ങളും നിവിന്റെ കരിയറില്‍ തിരിച്ചടിയായി.
എന്നാല്‍ ഇപ്പോഴിതാ എല്ലാ ആക്ഷേപങ്ങള്‍ക്കും തിരിച്ചടികള്‍ക്കുമുള്ള മറുപടിയാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രം സര്‍വം മായ എന്ന ചിത്രം. സര്‍വം മായ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയതിനൊപ്പം നൂറ് കോടിയുടെ വമ്പന്‍ ഡീലില്‍ ഒപ്പുവച്ചിരിക്കുകയാണ് നിവിന്‍. രാജ്യത്തെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസുമായാണ് നിവിന്‍ പോളി കൈകോര്‍ത്തത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മള്‍ട്ടി ഫിലിം ഡീലാണിത്. ഇന്ത്യയിലെ ചലച്ചിത്ര നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങളില്‍ മുന്‍നിരയിലാണ് പനോരമ സ്റ്റുഡിയോസ്. 100 കോടി രൂപ ചെലവില്‍ ഒന്നിലധികം മലയാള ചിത്രങ്ങള്‍ നിവിന്‍ പോളിക്കൊപ്പം നിര്‍മ്മിക്കാനുള്ള ഡീലിലാണ് ഒപ്പ് വെച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാര്‍ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിന്‍ പോളിയും ചേര്‍ന്നാകും ചിത്രങ്ങള്‍ നിര്‍മ്മിക്കുക.
ബോക്‌സ് ഓഫീസ് വിജയങ്ങള്‍ നേടിയ വമ്പന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള സിനിമാ നിര്‍മ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായ പ്യാര്‍ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാന്‍, നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അവാര്‍ഡുകള്‍ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്.
കഥപറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്കും മലയാള സിനിമ കൃത്യമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിന്‍ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയില്‍ ദീര്‍ഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാര്‍ഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണെന്ന് നിവിന്‍ പോളി പറഞ്ഞു. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും, താന്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നുവെന്നും നിവിന്‍ വിശദീകരിച്ചു. മികച്ച സിനിമകള്‍ ഒരുമിച്ച് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
വൈവിധ്യമുള്ള ശക്തമായ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിന് പേരുകേട്ട പ്രതിഭയാണ് നിവിന്‍ പോളിയെന്നാണ് പനോരമ സ്റ്റുഡിയോസിന്റെ വിലയിരുത്തല്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള നിവിനുമായുള്ള പുതിയ സഹകരണത്തെ ഏറെ പ്രതീക്ഷയോടെയാണ് പനോരമ സ്റ്റുഡിയോസ് കാണുന്നത്. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ് ഈ മള്‍ട്ടി-ഫിലിം ഡീല്‍.












Click it and Unblock the Notifications