ബിഗ് ബോസില്‍ 100 ദിവസവും കരഞ്ഞു; ഇപ്പോഴും ഒകെ ആയിട്ടില്ല: നാലഞ്ച് എപ്പിസോഡുകള്‍ കണ്ടപ്പോള്‍ മതിയായി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് അനുമോള്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ പിന്തുണയോടെയാണ് അനുമോള്‍ ബിഗ് ബോസ് സീസണ്‍ ഏഴില്‍ വിന്നറായത്. ഹൗസിനുള്ളില്‍ നൂറു ദിവസവും ശ്രദ്ധേയമായ പ്രകടനമാണ് അനുമോള്‍ കാഴ്ചവച്ചത്. അനുമോളും കോമണറായി ബിഗ് ബോസില്‍ എത്തിയ അനീഷും തമ്മിലായിരുന്നു പ്രധാന മത്സരം. ഇരുവരും തമ്മിലുള്ള കോമ്പോ പ്രേക്ഷകര്‍ക്കും വലിയ ഇഷ്ടമായിരുന്നു.
അതേസമയം ബിഗ് ബോസ് ഹൗസിനുള്ളില്‍ വൈകാരികമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതിലും അനുമോള്‍ മുന്നിലായിരുന്നു. തനിക്കെതിരെ വന്ന ആരോപണങ്ങളെ പലപ്പോഴും കരച്ചിലിലൂടെയാണ് അനുമോള്‍ നേരിട്ടത്. പലപ്പോഴും വളരെ വികാരാധീനയായാണ് അനുമോള്‍ ഹൗസിനുള്ളില്‍ സംസാരിച്ചിട്ടുള്ളത്. സെന്റിമെന്റ്‌സിലൂടെയാണ് അനുമോള്‍ കൂടുതല്‍ വോട്ട് നേടിയതെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ആരോപിക്കുകയും ചെയ്തു.

അതേസമയം, ബിഗ് ബോസ് വിന്നറായതിനു പിന്നാലെ അനുമോള്‍ക്കെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. അര്‍ഹതയില്ലാത്ത വിജയമാണ് അനുമോള്‍ നേടിയത് എന്നായിരുന്നു പ്രധാന വിമര്‍ശനം ഉയര്‍ന്നത്. ഇതുകൂടാതെ പിആര്‍ ചെയ്യാനായി അനുമോള്‍ വലിയ തുക നല്‍കിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. അനുമോളേക്കാള്‍ നന്നായി അനീഷാണ് പെര്‍ഫോം ചെയ്തതെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം ഉണ്ടായി. എന്നാല്‍ ഇതിനോടൊന്നും വലിയ പ്രതികരണങ്ങള്‍ നടത്താന്‍ അനുമോള്‍ തയ്യാറായില്ല.
തന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ പലരോടും ആവശ്യപ്പെട്ടിരുന്നതായി അനുമോള്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് ഒന്നു കൂടി ഓര്‍ത്തെടുക്കുകയാണ് അനുമോള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ സൂപ്പര്‍ സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനുമോള്‍.
ബിഗ് ബോസ് കണ്ടവര്‍ക്കറിയാം, ഞാന്‍ 100 ദിവസവും കരയാത്ത ദിവസങ്ങളില്ല. എല്ലാ ദിവസവും കരഞ്ഞു മെഴുകിയിട്ടുള്ള ഒരാളാണ് ഞാന്‍. ഇന്റര്‍വ്യൂകളില്‍ ഇക്കാര്യം വീണ്ടും പറയുമ്പോള്‍ വീണ്ടും കരയേണ്ടി വരും. വീണ്ടും കരഞ്ഞു മെഴുകാന്‍ വയ്യാത്തതുകൊണ്ടാണ് അഭിമുഖങ്ങള്‍ പോലും കൊടുക്കാതിരുന്നത്. എല്ലാം ഓവര്‍കം ചെയ്തു വരാന്‍ കുറച്ചു സമയം എടുക്കും. ഇപ്പോഴാണ് ശരിക്കും ഒക്കെയായി വന്നത്. എന്നാലും പൂര്‍ണമായും ഒക്കെ ആയട്ടില്ല.
അഭിമുഖങ്ങള്‍ കൊടുക്കുമ്പോള്‍ വീണ്ടും വീണ്ടും വന്നു കരയുന്നത് എന്തിനാണെന്ന് കമന്റുകള്‍ വരും. അങ്ങനെ കമന്റുകള്‍ വരുമ്പോള്‍ വിഷമം വരും. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം നാലഞ്ച് എപ്പിസോഡുകള്‍ കണ്ടു. അപ്പോള്‍ മനസിലായി എപ്പിസോഡുകള്‍ കാണാതിരിക്കുന്നതാണ് നല്ലതെന്ന്. പിന്നെ കാണാന്‍ നിന്നില്ല - അനുമോള്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications