'ഒരു സിനിമ കണ്ടും ഇത്ര ഉറങ്ങിയിട്ടില്ല, മോഹൻലാലിനെ മിന്നായം പോലെ കണ്ടു, ദിലീപ് ഫാൻസ് പൊറുക്കണം', കുറിപ്പ്
നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ദിലീപിന്റെ തിരിച്ച് വരവ് ചിത്രം എന്ന വിശേഷണത്തോടെ ഭഭബ പുറത്തിറക്കിയത്. ആദ്യ ദിവസങ്ങളിൽ ദിലീപ് ആരാധകർ വലിയ ആഘോഷമാക്കിയെങ്കിലും സിനിമയ്ക്ക് വലിയ നെഗറ്റീവ് പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
അതിജീവിതയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ആളുകൾ ദിലീപിന്റെ സിനിമ കാണില്ലെന്ന് തീരുമാനമെടുത്ത് മാറി നിൽക്കുന്നുണ്ട്. അതിനിടെ അതിജീവിതയ്ക്ക് ഒപ്പം നിൽക്കുമ്പോഴും കോടതി വെറുതെ വിട്ട ഒരാളുടെ സർഗ്ഗാത്മകതയെ ബഹിഷ്ക്കരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ഭഭബ കണ്ട ശേഷമുളള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം:
'' ദിലീപ് ഫാൻസ് പൊറുക്കണം. ഭഭബ ആദ്യ ദിവസം തന്നെ കാണണം എന്ന് വിചാരിച്ചതാണ്. സ്ഥലത്തില്ലാതിരുന്നതു കൊണ്ട് കാണാൻ കഴിഞ്ഞില്ല. ശരിയായാലും തെറ്റായാലും കഴിഞ്ഞ ഏഴെട്ടു വർഷം കേരളത്തിൻ്റെ ഒരു പൊതു ബോധ്യത്തിനൊപ്പം നിന്ന് ദിലീപിൻ്റെ സിനിമകൾ തീയേറ്ററിൽ പോയി കാണാതെ, പഴയ കോമഡി സീനുകൾ മാത്രം ടി.വിയിലും മൊബൈലിലും കണ്ട്, ഒടുവിൽ വിധിയ്ക്കു ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി അയാളെ വെറുതേ വിടുമ്പോൾ ഇനി അയാളുടെ സിനിമകൾ തിയേറ്ററിൽ പോയി കാണും എന്ന് തന്നെ ഞാൻ എഴുതിയിരുന്നു.
നിയമങ്ങളൊക്കെ നമ്മൾ റോഡിലും പലയിടത്തും അറിഞ്ഞോ അറിയാതെയോ തെറ്റിക്കാറുണ്ട്. പക്ഷേ അതു പോലെയല്ല ഒരു കോടതി വിധി. നമ്മുടെ പൊതു ബോധ്യത്തിനെതിരെ ഒരു വിധി വരുമ്പോൾ നീതിന്യായ വ്യവസ്ഥയെ തെറി വിളിക്കുന്നതും ജഡ്ജിമാർ കാശ് വാങ്ങിയാണ് വിധി പുറപ്പെടുവിച്ചതെന്ന് ഘോരഘോരം പ്രസംഗിക്കുന്നതും നിയമവ്യവസ്ഥയെ വെല്ലുവിളിക്കൽ തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ വെല്ലു വിളിക്കുന്നവർ വിളിച്ചോട്ടെ , അതിൻ്റെ ഫലമെന്തു തന്നെയായാലും അവർ അനുഭവിച്ചോട്ടെ. ആരെന്തു പറന്നാലും നമ്മളതിനില്ല, അതിനെ അനുകൂലിക്കുന്നുമില്ല.
ദിലീപിനെതിരെ മേൽക്കോടതിയിൽ നിന്ന് അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വിധി വരട്ടെ, അപ്പോൾ പിൻവലിച്ച ബഹിഷ്ക്കരണം തുടരാം എന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഒരു തെളിവുകളും മുന്നിലില്ലാതെ , മാധ്യമങ്ങൾ എഴുന്നള്ളിക്കുന്ന ഊഹാപോഹങ്ങളിലും , ചിലരോടുള്ള നമ്മുടെ സ്നേഹ വിദ്വേഷങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി വെറുതേ വിട്ട ഒരാളുടെ സർഗ്ഗാത്മകതയെ ബഹിഷ്ക്കരിക്കാൻ ഞാൻ തയ്യാറല്ല.ഇതെഴുതുമ്പോഴും അതിജീവിതയുടെ പക്ഷത്തു തന്നെ ഞാനും ഉറച്ചു നിൽക്കുന്നു. അതൊരു കാപട്യമല്ല , സത്യസന്ധമായ നിലപാട് തന്നെയാണ്.

വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ആ വനിത ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത്. അത് സാഹചര്യത്തെളിവുകൾ വച്ചല്ല മറിച്ച് ഫോറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ് എന്നത് ആ കണ്ടെത്തലിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ അതിജീവിതയോടൊപ്പം തന്നെയാണ്. ബാക്കിയെല്ലാം എത്രയോ പേർ ഇഴകീറി പരിശോധിച്ച് വ്യക്തമാക്കിക്കഴിഞ്ഞതുകൊണ്ട് അതിലേയ്ക്കൊന്നും പോകാൻ ഉദ്ദേശമില്ല. അപ്പോൾപ്പിന്നെ ക്വട്ടേഷൻ കൊടുത്തതാര് , മുഖ്യ പ്രതി ചുമ്മാതങ്ങ് ചെയ്തതാണോ , മെമ്മറി കാർഡ് മാറ്റിയതാര് എന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ ഞാനാളല്ല.
അതൊക്കെത്തന്നെയാണ് കോടതി ഇഴ കീറി പരിശോധിച്ച് ഇത്രയും പേജുകളിലായി വിധി പ്രസ്താവിച്ചിരിക്കുന്നത്. അതുകൊണ്ട് ദയവായി അത്തരം ചോദ്യങ്ങളും ന്യായാന്യായങ്ങളും നിരത്തി ദയവായി ഇങ്ങോട്ട് വരരുത്. ഇത്രയും എഴുതിയില്ലെങ്കിൽ കാര്യമറിയാതെ
കമൻ്റാൻ ചിലർ ഓടിയെത്തും എന്നതുകൊണ്ടാണ് എഴുതിയതു തന്നെ. എൻ്റെ പോസ്റ്റുകളുടെ സ്ഥിരം വായനക്കാരിൽ കമൻ്റിടുന്നവർ 90% സ്ത്രീകളാണ്. സ്ത്രീപക്ഷത്തു നിന്നു തന്നെ കാര്യങ്ങളെ കാണാനും വിലയിരുത്താനുമാണ് എനിക്കിഷ്ടവും.
എന്നാൽ എല്ലാം എപ്പോഴും എല്ലാവർക്കും ഇഷ്ടപ്പെടുന്ന , അവർ വിശ്വസിക്കുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞു എന്ന് വരില്ല. ക്ഷമിക്കുക.നിങ്ങൾക്ക് ആരുടെയൊപ്പവും നിൽക്കാൻ അവകാശമുള്ളതു പോലെ എനിക്കും ആ അവകാശം ദയവായി തരുക. നാർസിസിസത്തെക്കുറിച്ചും ദാമ്പത്യത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ഒക്കെ എഴുതുമ്പോൾ അതിലെല്ലാം ഞാൻ പുരുഷൻമാരെ മാത്രം കുഴപ്പക്കാരാക്കി ചിത്രീകരിക്കുന്നു എന്നു
പറഞ്ഞ ചുരുക്കം ചിലരെങ്കിലുമുണ്ടു താനും. എന്നാൽ സ്ത്രീപക്ഷത്തു നിന്നാലും അത്തരം വിഷയങ്ങളിൽ ഞാൻ balanced ആയിട്ടേ എഴുതാറുള്ളൂ എന്നതാണ് വാസ്തവം.
എന്നാൽ സ്ത്രീപക്ഷത്തു നിൽക്കുന്നു എന്നതുകൊണ്ട് എല്ലാ പൊതു ബോധ്യങ്ങളെയും അംഗീകരിക്കുന്നു എന്ന് അതിനർത്ഥമില്ല. സാധ്യവുമല്ല. ഈ വിഷയത്തിൽ ഇതൊക്കെക്കൊണ്ടു തന്നെ മേൽപ്പറഞ്ഞതാണ് എൻ്റെ നിലപാട്. കോടതിയുടെ കണ്ടെത്തലിനൊപ്പം മാത്രമേ ഈ നിമിഷം നിൽക്കാൻ എനിക്ക് കഴിയുകയുള്ളൂ. ഭഭബയിലേയ്ക്ക് വരാം. SL തീയേറ്ററിൽ ഏറ്റവും മുന്നിൽ നിന്നും രണ്ടാം നിരയിലാണ് സീറ്റ് കിട്ടിയത്. ടിക്കറ്റ് എടുത്ത മോൻ നേരത്തേ പറഞ്ഞിരുന്നെങ്കിൽ അത്രയും മുന്നിൽപ്പോയിരുന്ന് ഞാൻ കാണില്ലായിരുന്നു. ഒട്ടും പറ്റുന്നതല്ല അത്.
ആദ്യത്തെ അരമണിക്കൂർ 'സ്ക്രീൻ ബഹളം' കണ്ടു കഴിഞ്ഞ് മൂന്നാം നിരയിൽ ഒഴിഞ്ഞു കിടന്ന ഒരു കോർണർ സീറ്റിലേക്ക് മാറി. അവിടെ ചെന്നിരുന്നതു മാത്രം എനിക്കറിയാം. പിന്നെ വാച്ച് നോക്കുമ്പോൾ സമയം 2. 35 pm ! സിനിമ തുടങ്ങിയത് 1.45 ന് ! അതായത് ഏകദേശം 20 മിനിട്ട് ഒന്നുമറിയാതെ സുഖമായുറങ്ങി ! സ്പൂഫ് എന്നോ മാസ് എന്നോ അഴിഞ്ഞാട്ടം എന്നോ റഫറൻസുകൾ എന്നോ എന്തു തന്നെ വിളിച്ചാലും ലേശവും സഹിയ്ക്കാൻ മനസ്സ് കൂട്ടാക്കിക്കാണില്ല. അതാവും ഗാഢ നിദ്രയിലേയ്ക്ക് കൂപ്പു കുത്തിയത് ! അതുമല്ല , രണ്ടാം ഭാഗത്തിൽ നിദ്രാദേവത ഒഴിഞ്ഞു പോകും എന്നു കരുതി. ഒരു രക്ഷയുമില്ലായിരുന്നു.
മോഹൻലാലിനെയൊക്കെ മിന്നായം പോലെ കണ്ട ഒരോർമ്മയുണ്ട് ! ചിലപ്പൊ പ്രായത്തിൻ്റെ പ്രശ്നമായിരിക്കും! സത്യത്തിൽ , ജീവിതത്തിൽ ഇന്നേവരെ ഒരു സിനിമ കണ്ടും ഇത്ര ഉറങ്ങിയിട്ടില്ല. പക്ഷേ മൂന്നോ നാലോ സീറ്റൊഴിച്ചാൽ തീയേറ്റർ നിറഞ്ഞിരുന്നു. മക്കളിൽ ഒരാൾ കുഴപ്പമില്ലാത്ത entertainer എന്നു പറഞ്ഞപ്പോൾ മറ്റവൻ അഭിപ്രായം പറയാൻ തന്നെ മടിച്ചു. ഇനിയുമൊരാൾക്ക് തീരെ കണക്ട് ആയില്ല. ആ തിരക്ക് കണക്കിലെടുത്താൽ സിനിമ സാമ്പത്തിക വിജയമായിരിക്കാം.
പക്ഷേ തിരിച്ചു വരാൻ ദിലീപ് തെരഞ്ഞെടുത്ത സിനിമ വൻ സർഗ്ഗാത്മകദുരന്തമായിപ്പോയി എന്ന് പറയാതെ വയ്യ. കടുത്ത സമ്മർദ്ദ കാലഘട്ടത്തിൽ അഭിനയിച്ചതു കൊണ്ടാവാം ഉണർന്നിരുന്ന് കണ്ട സീനുകളിൽ ദിലീപ് ഒട്ടും ശോഭിച്ചതായി തോന്നിയതുമില്ല. അതുകൊണ്ടുതന്നെ ( ഭഭബ ) ഭയ ഭക്തി ബഹുമാനം 'ശരിയ്ക്കും' റിവ്യു ചെയ്യാൻ ഞാൻ ആളല്ല.












Click it and Unblock the Notifications