'കൂടെ നില്‍ക്കുമെന്ന് പറഞ്ഞ് നില്‍ക്കാതെ പോയവര്‍, അതിൽ ഇപ്പോൾ ഞെട്ടലില്ല', പേരും പറയുന്നില്ലെന്ന് ഭാവന
കൂടെ നിൽക്കുമെന്ന് പറഞ്ഞിട്ട് നിൽക്കാതെ പോയവരോട് തനിക്ക് പരാതികളൊന്നും ഇല്ലെന്ന് നടി ഭാവന. അവരുടെ പേരുകൾ പറയാൻ താൽപര്യമില്ലെന്നും ഭാവന പറഞ്ഞു. പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി അരുൺ രാഘവന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം.
ഭാവനയുടെ വാക്കുകൾ: '' ഞാന്‍ എടുത്തതില്‍ ഏറ്റവും ശരിയായ തീരുമാനമായി തോന്നുന്നത് ആ സംഭവത്തിന് ശേഷം പരാതി നല്‍കിയതാണ്. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മനസ്സമാധാനവും ഇല്ലാതാകുമായിരുന്നു. തെറ്റ് ചെയ്തിട്ടില്ലാത്തിടത്തോളം കാലം അത് പുറത്ത് പറഞ്ഞ്, പരാതിപ്പെടുന്നത് തന്നെയാണ് ശരിയെന്ന് വിശ്വസിക്കുന്നു.
ചാനലുകളൊന്നും കാണാറില്ല. അത്തരം ബഹളങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണ്. ഒരു പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ബഹളം ഊഹിക്കാം. അത് ചെയ്യരുത് എന്ന് പറയാനാകില്ല. ചെയ്യാന്‍ പറ്റുന്നത് അതില്‍ നിന്ന് മാറി നില്‍ക്കുക എന്നതാണ്. എന്ത് കേട്ടാലും സംഭവിച്ചാലും പ്രശ്‌നമില്ല എന്നൊരാളല്ല ഞാന്‍.

ഈ യാത്രയില്‍ വീഴാതെ പിടിച്ച് നിര്‍ത്തിയതിന് എന്നോട് തന്നെയാണ് കടപ്പാട്. എല്ലാവരും പിന്തുണയ്ക്കാനുണ്ടാവും, അമ്മയും നവീനും സുഹൃത്തുക്കളുമെല്ലാം. അവര്‍ക്ക് അതേ ചെയ്യാന്‍ പറ്റുകയുളളൂ. നീ വിഷമിക്കരുത്, ഞങ്ങള്‍ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നൊക്കെ. പക്ഷേ ആര്‍ക്കും ആ വേദന പങ്കുവെയ്ക്കാന്‍ പറ്റില്ല.
പരാതി കൊടുക്കാന്‍ തീരുമാനിച്ചത് ആരൊക്കെ കൂടെ ഉണ്ടാകും, ഉണ്ടാകില്ല എന്ന് ആലോചിച്ചിട്ടല്ല. ആ സമയത്ത് എടുത്ത തീരുമാനമാണ്. അധികം പരിചയം ഇല്ലാത്തവര്‍ ഒക്കെ തരുന്ന പിന്തുണ കാണുമ്പോള്‍ അത്ഭുതം തോന്നും. കൂടെ നില്‍ക്കുമെന്ന് പറഞ്ഞ് നില്‍ക്കാതെ പോയവര്‍ ചിലര്‍ സാക്ഷികളുടെ കൂട്ടത്തിലുണ്ട്. അവരുടെ പേരുകള്‍ പറയാന്‍ താല്‍പര്യമില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെന്നെ ഞെട്ടിക്കുന്നില്ല. അത് അവരുടെ തീരുമാനമാണ്. എനിക്ക് കുഴപ്പമില്ല.
പ്രേക്ഷകരുടെ സ്‌നേഹത്തില്‍ ഭാഗ്യവതിയാണ്. എന്നെ നേരിട്ട് അറിയുന്നവര്‍ വളരെ കുറച്ച് പേരേ ഉണ്ടാവൂ. അല്ലാതെ തന്നെ പിന്തുണ നല്‍കുന്നവര്‍ ഒരുപാട് പേരുണ്ട്. അവരോടുളള നന്ദി ഒരു വാക്കില്‍ പറഞ്ഞാല്‍ തീരില്ല. ജീവിതം കൊണ്ട് അവരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ പിന്തുണ വളരെ വലിയ കരുത്താണ് നല്‍കുന്നത്. അതിനെക്കുറിച്ച് തനിക്ക് തോന്നുന്നത് വാക്കുകളില്‍ പറയാനും സാധിക്കില്ല.
കുടുംബവും സുഹൃത്തുക്കളും കൂടെ നില്‍ക്കുന്നത് പോലുളള ശക്തിയാണ് തനിക്ക് കിട്ടുന്നത്. പരിചയം ഇല്ലാത്ത ഒരാള്‍ അടുത്ത് വന്ന്, സ്‌ട്രോംഗ് ആയിട്ടിരിക്കണം, ഞങ്ങള്‍ കൂടെയുണ്ട് എന്നൊക്കെ പറയുന്നത് , അതിനൊക്കെ സിംപിളായി ഒരു നന്ദി പറഞ്ഞ് ഒതുക്കാനാകില്ല. അവരെ കാണുമ്പോള്‍ നന്ദി എന്നേ പറയാനൊക്കൂ, പക്ഷേ അതല്ല എന്റെ ഉളളിലുളള ഫീല്‍. അതെങ്ങനെ കാണിക്കണം എന്ന് അറിയില്ല''.












Click it and Unblock the Notifications