കല്യാണം കഴിഞ്ഞാല്‍ ആ വീട്ടില്‍ നില്‍ക്കില്ല; സുധിച്ചേട്ടന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് അവിടെനിന്ന് ഇറങ്ങും
ബിഗ് ബോസ് സീസണ്‍ ഏഴ് അവസാനിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ കിട്ടുന്നത് രേണു സുധിക്കാണ്. ഒരുപക്ഷേ വിജയിയായ അനുമോളേക്കാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് രേണുവാണ്. അതിനു കാരണം രേണു സുധിയുടെ വമ്പന്‍ മേക്ക്ഓവറും തുടര്‍ച്ചയായി ലഭിക്കുന്ന ഉദ്ഘാടന ചടങ്ങുകളുമാണ്. ബിഗ് ബോസിന് ശേഷം ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ രേണു ഉദ്ഘാടന ചടങ്ങുകള്‍ക്കായി പോയിരുന്നു. ഇതുകൂടാതെ നാട്ടില്‍ മോഡലിങ്ങും ഫോട്ടോ ഷൂട്ടും ആല്‍ബങ്ങളുമൊക്കെയായി തിരക്കിലാണ് രേണു.
അതിനിടെ, വിവാദങ്ങളും രേണുവിനെ തേടിയെത്തി. ബിഗ് ബോസില്‍ രേണുവിന്റെ സഹ മത്സരാര്‍ത്ഥിയായ ശാരികയാണ് വിവാദത്തിന് തിരി കൊളുത്തിയത്. രേണുവിന്റെ വീട്ടിലെത്തിയ ശാരിക വീടിന്റെ മോശം അവസ്ഥയെക്കുറിച്ച് പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കൊല്ലം സുധിയുടെ മരണശേഷം ജീവിതം വഴിമുട്ടിയ രേണുവിനും മക്കള്‍ക്കുമായി കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയാണ് സുധിലയം എന്ന വീടു നിര്‍മിച്ചു നല്‍കിയത്. ഈ വീട് ഒരു വര്‍ഷം മുന്‍പേ ചോരാന്‍ തുടങ്ങിയതായി രേണുവും പിതാവ് തങ്കച്ചനും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ശാരികയും ഇത് ശരിവച്ചതോടെ രേണുവിന്റെ വീട് വിവാദ കേന്ദ്രമായി.

വീട് നിര്‍മിച്ചുനല്‍കിയ കെഎച്ച്ഡിഇസിക്ക് നേതൃത്വം നല്‍കുന്ന ഫിറോസും രേണുവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. രേണുവിന് വീടു വച്ചു നല്‍കിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് ഫിറോസ് പറഞ്ഞു. രേണു മറ്റൊരു വിവാഹം കഴിക്കുകയാണെങ്കില്‍ വീട് തിരിച്ചു തരാനും ഫിറോസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പേരിലല്ല വീട് എഴുതി നല്‍കിയിട്ടുള്ളതെന്നും കൊല്ലം സുധിയുടെ മക്കളുടെ പേരിലാണ് വീട് നല്‍കിയതെന്നും രേണു തിരിച്ചടിച്ചു. താന്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഫിറോസ് ഇടപെടേണ്ട കാര്യമില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഈ വീട് നിര്‍മിച്ചതെന്നും അത് തിരിച്ചു ചോദിച്ചത് തെറ്റാണോ എന്നും ഫിറോസ് ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കുറേ പേര്‍ രേണുവിനെയും മറ്റു ചിലര്‍ ഫിറോസിനെയും പിന്തുണച്ചുകൊണ്ട് കമന്റുകള്‍ കുറിക്കാന്‍ തുടങ്ങി. രേണുവിന് സഹായിച്ചവരോടു നന്ദിയില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഫിറോസ് എന്തിനാണ് രേണുവിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് എന്നായിരുന്നു ഒരു വിഭാഗം ചോദിച്ചത്.
ഇപ്പോഴിതാ, വീണ്ടുമൊരു വിവാദത്തിനാണ് രേണു തിരികൊളുത്തിയിരിക്കുന്നത്. ദുബായില്‍ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ രേണുവിനോട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതിന് രേണു നല്‍കിയ മറുപടി ഇങ്ങനെ: കല്യാണം കഴിച്ചാല്‍ ഒരു ദിവസം പോലും സുധിലയം എന്ന വീട്ടില്‍ നില്‍ക്കില്ല. സുധിച്ചേട്ടന്റെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം അവിടെ നിന്നിറങ്ങും. പിള്ളേരുമായിട്ട് ഇറങ്ങും എന്നല്ല പറഞ്ഞത്. അത് പിള്ളേരുടെ വീടാണ്. രേണുവിന്റെ ഈ അഭിപ്രായത്തോട് നിരവധി പേരാണ് വിയോജിക്കുന്നത്. രേണു നന്ദികേട് കാണിക്കരുതെന്നും ആ വീട് പാവങ്ങള്‍ക്ക് കൊടുക്കണം എന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications