മരണവീട്ടിലെ ചിരി; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍; മറ്റുള്ളവര്‍ എന്തിനാണ് ചോദ്യം ചെയ്യുന്നത്
ബിഗ് ബോസ് സീസണ്‍ ഏഴിലെ വിന്നറായ അനുമോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന താരം. ടെലിവിഷന്‍ താരമായ അനുമോള്‍ ബിഗ് ബോസ് വിജയിയായത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. പിആറിന്റെ ബലത്തിലാണ് അനുമോള്‍ ബിഗ് ബോസില്‍ വോട്ടുകള്‍ നേടിയത് എന്നായിരുന്നു പ്രധാനമായും ആരോപണം നേരിട്ടത്. അനുമോള്‍ ഇത് തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും അര്‍ഹതയില്ലാത്ത വിജയമാണ് അനുമോള്‍ നേടിയത് എന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് അനുമോള്‍ തന്നെയാണ് ബിഗ് ബോസ് കിരീടത്തിന് ഏറ്റവും അര്‍ഹയെന്ന വിലയിരുത്തലുകളാണ് ഉണ്ടായത്. ബിഗ് ബോസ് കഴിഞ്ഞതിനു പിന്നാലെ ഉദ്ഘാടനങ്ങളും ഷൂട്ടിങ്ങും ഫോട്ടോ ഷൂട്ടും ഒക്കെയായി തിരക്കിലാണ് അനുമോള്‍. വിദേശത്ത് ഉള്‍പ്പെടെ നിരവധി ഉദ്ഘാടന ചടങ്ങുകളില്‍ അനുമോള്‍ പങ്കെടുത്ത് കഴിഞ്ഞു. ഓണ്‍ലൈന്‍ മീഡിയകളും അനുമോളെ വിടാതെ പിന്തുടരുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വലിയൊരു വിമര്‍ശനമാണ് അനുമോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി മരിച്ചത് കേരളത്തെയാകെ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് മോഹന്‍ലാലിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. ഇവരുടെ കൂട്ടത്തില്‍ സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേരയും സുഹൃത്തും ഉണ്ടായിരുന്നു. അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പുറത്തിറങ്ങിയ അലിന്‍ ജോസിനെ കണ്ട് അനുമോള്‍ പരിഹാസത്തോടെ ചിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മോഹന്‍ലാല്‍ പോലും തന്റെ വീട്ടിലെത്തുന്നവരോട് ആദരവോടെ പെരുമാറുമ്പോള്‍ അനുമോളുടെ പ്രവര്‍ത്തി ശരിയായില്ല എന്നാണ് നിരവധി പേര്‍ കമന്റുകളിലൂടെ പ്രതികരിച്ചത്. ഒരാള്‍ തന്റെ അമ്മയെ നഷ്ടപ്പെട്ട വേദനയില്‍ ഇരിക്കുമ്പോള്‍ അവിടെ ചിരിക്കുന്നതും പരിഹസിക്കുന്നതും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്. പ്രശസ്തയായ ഒരു കലാകാരിയില്‍ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ നിരവധി പേര്‍ അനുമോളെ അനുകൂലിക്കുന്നുമുണ്ട്. ചിരിക്കുന്നതും കരയുന്നതും ഒക്കെ ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അനുമോളെ ഡീ ഗ്രേഡ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നും അനുമോളെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് അനുമോള്‍ നല്‍കിയത്.
ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വിമര്‍ശനങ്ങളെക്കുറിച്ച് അനുമോളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പെരേരയെ കണ്ട് ചിരിച്ചത് വലിയ വിവാദമായതില്‍ എന്താണ് അഭിപ്രായം എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യം.
അനുമോളുടെ വാക്കുകള്‍: ഈ വിഷയത്തില്‍ വന്ന നെഗറ്റീവ് കമന്റുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. പെരേരയെ നോക്കി ഞാന്‍ കരയണമായിരുന്നോ? ഞാന്‍ കരഞ്ഞാല്‍ എല്ലാവരും പറയും എന്തിനാ കരയുന്നത് എന്ന്. ചിരിക്കുമ്പോള്‍ പറയും എന്തിനാ ചിരിക്കുന്നത് എന്ന്. ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടത്. മരണവീട് ആയതുകൊണ്ട് ചിരിക്കാന്‍ പാടില്ലേ?. ഒരു മനുഷ്യന്‍ ചിരിക്കാന്‍ പാടില്ല, കരയാന്‍ പാടില്ല അവരുടെ ഫീലിംഗ്‌സ് ഒന്നും പുറത്തുവിടാന്‍ പാടില്ല എന്നാണോ? ഞാനെന്തു ചെയ്യണം എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്. എനിക്കിഷ്ടമുള്ളപ്പോള്‍ ഞാന്‍ ചിരിക്കും, എനിക്കിഷ്ടമുള്ളപ്പോള്‍ ഞാന്‍ കരയും, അതെല്ലാം എന്റെ ഫീലിംഗ്‌സ് ആണ്. മറ്റുള്ളവര്‍ എന്തിനാണ് അത് ചോദ്യം ചെയ്യുന്നത്, അത്രേയുള്ളൂ ഇതിനുള്ള മറുപടി. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് അനുമോള്‍ നല്‍കിയത്.












Click it and Unblock the Notifications