'ബിഗ് ബോസ് ഇനി വേണ്ട, കാണിക്കുന്നത് ചുംബനവും ബെഡ്റൂം സീനുകളും', സെറ്റിൽ വൻ പ്രതിഷേധം
മലയാളം അടക്കം വിവിധ ഭാഷകളില്‍ ജനപ്രീതി നേടിയ ടിവി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. നടി അനുമോള്‍ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. നിരവധി വിവാദങ്ങളും പൊട്ടിത്തെറികളും നിറഞ്ഞതായിരുന്നു ബിഗ് ബോസ് സീസണ്‍ 7. തമിഴും ഹിന്ദിയും അടക്കമുളള ഭാഷകളില്‍ ബിഗ് ബോസ് നടന്ന് കൊണ്ടിരിക്കുകയാണ്.
മലയാളത്തിലേതിനേക്കാള്‍ പൊട്ടിത്തെറികളും കയ്യാങ്കളികളും നിറഞ്ഞതാണ് മറ്റ് ഭാഷകളിലെ ബിഗ് ബോസ്. അതിനിടെ തമിഴില്‍ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 9ന് എതിരെ വലിയ പ്രതിഷേധം ആണ് ഉയര്‍ന്നിരിക്കുന്നത്. തമിഴക വാഴ്വുരുമൈ കച്ചി- ടിവികെ എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിഗ് ബോസിനെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
ബിഗ് ബോസ് ഷൂട്ടിംഗ് നടക്കുന്ന സെറ്റിന് പുറത്താണ് സ്ത്രീകള്‍ അടക്കമുളള നിരവധി ടിവികെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം എത്തിയത്. തമിഴ് ബിഗ് ബോസിന്റെ അവതാരകനായ നടന്‍ വിജയ് സേതുപതിയുടേയും ഷോയുടെ നിര്‍മ്മാതാവിന്റെയും ചിത്രങ്ങള്‍ ഉളള പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. വിജയ് സേതുപതിയുടേയും നിര്‍മ്മാതാവിന്റെയും ചിത്രങ്ങള്‍ക്ക് മേലെ പ്രതിഷേധക്കാര്‍ ചെരിപ്പ് കൊണ്ട് അടിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കാവലില്‍ ആണ് ബിഗ് ബോസ് തമിഴിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ചെന്നൈയിലെ വേല്‍സ് ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. നൂറോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിരുന്നു. തമിഴ്‌നാടിന്റെ സംസ്‌ക്കാരത്തേയും മൂല്യങ്ങളേയും ബിഗ് ബോസ് ഷോ തകര്‍ക്കുകയാണ് എന്ന് ആരോപിച്ചാണ് ടിവികെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഷോ നിർത്തണം എന്നാണ് ഇവരുടെ ആവശ്യം. ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയാണ് ടിവികെ.
ചുംബനരംഗങ്ങളും ബെഡ്‌റൂം സീനുകളും അടക്കമാണ് തമിഴ് ബിഗ് ബോസില്‍ കാണിക്കുന്നത്. തമിഴ് സംസ്‌ക്കാരം അപമാനിക്കപ്പെടുന്നതില്‍ ഷോയുടെ തിരക്കഥ എഴുതുന്നയാള്‍ക്ക് പ്രശ്‌നമില്ല. അവര്‍ക്ക് പണമുണ്ടാക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ മുന്നില്‍ വെച്ച് ബിഗ് ബോസ് കാണാന്‍ സാധിക്കില്ല. ഇനി ലൈംഗിക ബന്ധം മാത്രമാണ് അവര്‍ ഷോയില്‍ കാണിക്കാന്‍ ബാക്കിയുളളത്. ഇത്ര മോശം പരിപാടി നടത്തിയിട്ട് വേണോ വിജയ് ടിവിക്ക് പണം ഉണ്ടാക്കാന്‍, ടിവികെ നേതാവും എംഎല്‍എയുമായ വേല്‍മുരുഗന്‍ പ്രതികരിച്ചു.












Click it and Unblock the Notifications