ബിജു മേനോന്‍ വെട്ടില്‍; നിയമ നടപടിക്ക് അനൂപ് കണ്ണന്‍, നടന്റെ മറുപടി കാത്ത് ഫെഫ്ക, പരാതി
കൊച്ചി: നടന്‍ ബിജു മേനോന്‍ സിനിമയുടെ പ്രൊമോഷന് സഹകരിച്ചില്ലെന്നും ഒരു സംവിധായകന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെ ബിജു മേനോനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്‍ അനൂപ് കണ്ണന്‍. ബിജു മേനോന്‍ സഹകരിക്കാത്തത് കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് അദ്ദേഹം പറയുന്നു.
സിനിമയുടെ പ്രൊമോഷന് പങ്കെടുക്കണമെന്ന് കരാറുണ്ടായിരുന്നു. എന്നാല്‍ ബിജു മേനോന്‍ സഹകരിച്ചില്ല എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പുതുക്കിയ വേതന കരാര്‍ ഒപ്പുവയ്ക്കുന്നതിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബി ഉണ്ണികൃഷ്ണന്‍ നടന്‍ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനും ഇതേ സാഹചര്യമുണ്ടാകുന്നു എന്ന് കൂടി സൂചിപ്പിച്ചാണ് ബി ഉണ്ണികൃഷ്ണന്‍ നടന്‍ ബിജു മേനോന്റെ പേര് പരസ്യമാക്കിയത്. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത് ശരിയാണെന്നും തനിക്ക് വലിയ നഷ്ടമുണ്ടായി എന്നും സംവിധായകനും നിര്‍മാതാവുമായ അനൂപ് കണ്ണന്‍ പിന്നീട് പ്രതികരിച്ചു. ജിത്തു ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജു മേനോനും പ്രതികരിച്ചിട്ടില്ല.
താര സംഘടന അമ്മ ഇടപെട്ടേക്കും
തന്റെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ മാത്രമാണ് ബിജു മേനോന്‍ ഉണ്ടായിരുന്നത് എന്ന് അനൂപ് കണ്ണന്‍ പറയുന്നു. ഇതുകാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ഇക്കാര്യത്തില്‍ നേരത്തെ ഫെഫ്കയ്ക്ക് അനൂപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായിന്നില്ലെന്നും അനൂപ് സൂചിപ്പിച്ചു.
ഇപ്പോള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിഷയം പറഞ്ഞതോടെയാണ് ചര്‍ച്ച ചൂടുപിടിച്ചത്. ബിജു മേനോന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഫെഫ്ക. മറുപടി ലഭിക്കുന്നതിന് അനുസരിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. തൃപ്തികരമായ മറുപടി ബിജു മേനോന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് അനൂപ് കണ്ണന്റെ ആലോചന.
അതുകൊണ്ടുതന്നെ ഫെഫ്കയ്ക്ക് ബിജു മേനോന്‍ നല്‍കുന്ന മറുപടി വളരെ പ്രധാനമാണ്. നടനെതിരെ നടപടി വേണം എന്ന നിലപാടിലാണ് അനൂപ് കണ്ണന്‍. അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. താര സംഘടനയായ അമ്മ വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നത്. ഫെഫ്കയുമായി അമ്മ ചര്‍ച്ച നടത്തി സമവായത്തിന് ശ്രമിക്കുമെന്നും സൂചനയുണ്ട്. ബിജു മേനോന്റെ പ്രതികരണം ലഭിച്ച ശേഷമായിരിക്കും അമ്മ ഇടപെടുക.












Click it and Unblock the Notifications