ലാലേട്ടനെ റെസ്‌പെക്ട് ചെയ്തില്ലെന്ന വിമര്‍ശനം: നെവിന്റെ മറുപടി: അവഗണിച്ചവര്‍ അവസരങ്ങളുമായി വന്നു
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ഫാഷന്‍ കോറിയോഗ്രാഫറായ നെവിന്‍. അവസാന റൗണ്ട് വരെ എത്തിയ നെവിന് പ്രേക്ഷകരുടെയും വലിയ പിന്തുണ ഉണ്ടായിരുന്നു. പലപ്പോഴും നെവിന്റെ തമാശകളും കുസൃതികളുമാണ് ബിഗ് ബോസ് ഹൗസിനെ സജീവമാക്കി നിര്‍ത്തിയിരുന്നത്. നെവിന്റെ ഭാഗത്തു നിന്നുളള രസകരമായ കൗണ്ടറുകളും പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്നു. അതേസമയം ഭക്ഷണം മോഷ്ടിക്കുന്നതിനും ഹൗസിനുള്ളില്‍ ക്യാപ്റ്റന്മാര്‍ പറയുന്നത് അനുസരിക്കാതിരുന്നതിനും നെവിന്‍ വലിയ വഴക്കുകള്‍ നേരിട്ടിട്ടുണ്ട്. ടാസ്‌ക്കുകള്‍ക്കിടയില്‍ ഉണ്ടായ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് ബിഗ് ബോസും നെവിനെ ശാസിച്ചിട്ടുണ്ട്.
ഒരു ഘട്ടത്തില്‍, നെവിന്‍ മോഹന്‍ലാലിനെ ബഹുമാനിച്ചില്ലെന്ന രീതിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താന്‍ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ വരുമ്പോള്‍ എല്ലാവരും പേടിച്ചും ഭയന്നുമൊക്കെ ഇരിക്കുമ്പോള്‍ നെവിന്‍ പലപ്പോഴും കൂളായിട്ടാണ് നേരിട്ടിരുന്നത്. മോഹന്‍ലാലിനോടും ബിഗ് ബോസിനോടും കൗണ്ടറുകള്‍ അടിച്ചിരുന്ന നെവിന്റെ പ്രകടനം ചിലരെങ്കിലും ലാലേട്ടനോടുള്ള ബഹുമാനക്കുറവ് എന്ന രീതിയിലാണ് വിലയിരുത്തിയിരുന്നത്. മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ പോലും ഒളിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സ്വഭാവത്തെയും പ്രേക്ഷകര്‍ വിമര്‍ശിച്ചിരുന്നു.

ഇതിനു പുറമേ, അനുമോളുടെ കട്ടിലില്‍ വെള്ളം ഒഴിച്ചതും ഷാനവാസുമായുള്ള പ്രശ്‌നങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായി. എങ്കിലും നെവിനെ പ്രേക്ഷകര്‍ കൈവിട്ടിരുന്നില്ല. അതിനു കാരണം നെവിന്റെ പെരുമാറ്റത്തിലെ സത്യസന്ധതയാണ്.
എന്നാല്‍ സീസണ്‍ അവസാനിച്ചശേഷം ഇതിനെല്ലാമുള്ള മറുപടി നല്‍കുകയാണ് നെവിന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നെവിന്റെ പ്രതികരണം. നെവിന്റെ വാക്കുകള്‍: ലാലേട്ടനെ റെസ്‌പെക്ട് ചെയ്യേണ്ടിടത്ത് ബഹുമാനിച്ചിട്ടുണ്ട്. പക്ഷേ, ലാലേട്ടന്റെ അടുത്ത് ഞാനൊരു സ്‌നേഹത്തിന്റെ ഫ്രീഡം എടുത്തിട്ടുണ്ടായിരുന്നു. സ്‌നേഹവും ബഹുമാനവും മിക്‌സ് ചെയ്താണ് കൊടുത്തിരുന്നത്. ഇഷ്ടമുള്ളവരുടെ അടുത്തു മാത്രമേ നമുക്കു ഫ്രീഡം എടുക്കാന്‍ പറ്റൂ.
നേരത്തെ അവസരങ്ങള്‍ക്കു വേണ്ടി സമീപിച്ചപ്പോള്‍ അവഗണിച്ചവര്‍ ബിഗ് ബോസിനു ശേഷം അവസരങ്ങളുമായി തേടി വരുന്നുണ്ടെന്നും നെവിന്‍ പറയുന്നു. അന്ന് എനിക്ക് വിലയില്ലായിരുന്നു. ഇന്ന് എനിക്കൊരു വാല്യൂ ഉണ്ട്. എല്ലാവര്‍ക്കും ഒരു ധാരണയുണ്ട് നെവിന്‍ ഫ്രീ ആയിട്ട് ചെയ്യുമെന്ന്. ബിഗ് ബോസില്‍ പോയത് ലൈഫ് സ്‌റ്റൈല്‍ മാറ്റാന്‍ വേണ്ടിയാണ്. അതിനു പണം വേണം - നെവിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications