ഉള്ളതു കൊണ്ട് അരി മേടിച്ചു പോകുന്നു; ഇപ്പോള്‍ പ്രതിഫലം ചോദിച്ചു വാങ്ങാറില്ലെന്ന് ധര്‍മജന്‍
സിനിമയില്‍ നടന്മാര്‍ നേരിടുന്ന അനിശ്ചിതാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞുനോക്കി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധര്‍മ്മജന്‍. സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നടന്മാര്‍ നേരിടുന്ന പ്രശ്‌നമാണ് ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടിയത്. ഒരു പടത്തില്‍ നമ്മള്‍ അഭിനയിക്കാന്‍ പേയ്‌മെന്റ് പറഞ്ഞാല്‍ അവന് പൈസ കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കുന്ന പ്രവണത ഇപ്പോള്‍ ഉണ്ടെന്ന് ധര്‍മ്മജന്‍ പറഞ്ഞു. അതുകാരണം താനിപ്പോള്‍ പ്രതിഫലത്തെ കുറിച്ച് പറയാറില്ലെന്നും ഉള്ളത് വാങ്ങി പോവുകയാണ് ചെയ്യുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
ധര്‍മ്മജന്റെ വാക്കുകള്‍: ഞാന്‍ ഒരു പടത്തിന് ആരോടെങ്കിലും പേയ്‌മെന്റ് പറഞ്ഞാല്‍ അവന് പൈസ കൂടുതലാണെന്നും വേറെ ആളിനെ വിളിക്കാമെന്നും പറയും. അതുകൊണ്ട് നമ്മള്‍ ഇപ്പോള്‍ ഒന്നും പറയാറില്ല. ഉള്ളത് കൊണ്ട് അരി മേടിച്ചു പോകുക എന്ന പരിപാടിയാണ് ഇപ്പോള്‍. അവര്‍ക്ക് ഓപ്ഷന്‍ ഇഷ്ടം പോലെയുണ്ട്. സിനിമകളില്‍ എല്ലാം പുതിയ യുവാക്കളാണ്. ധര്‍മ്മജന് പൈസ കൂടുതലായതുകൊണ്ട് അവനെ ഒഴിവാക്കി മറ്റു രണ്ടു പയ്യന്മാരെ എടുക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഒക്കെ അടിപൊളി ആണെങ്കില്‍ ഞാനൊന്നും വേണമെന്നില്ല. നിരവധി പുതിയ ആള്‍ക്കാര്‍ വരുന്നുണ്ട്. അഭിനയം എന്നത് പഠിക്കാനോ പഠിപ്പിക്കാനോ പറ്റുമെന്ന് തോന്നുന്നില്ല. വിദേശത്ത് അഭിനയം പഠിക്കാന്‍ പോകുന്ന ആള്‍ക്കാരുണ്ട്. പുതിയ ആള്‍ക്കാരുടെ ബ്രില്ല്യന്‍സ് ഭയങ്കരമാണ് - ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയും നടന്‍ ഹരീഷ് കണാരനുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ധര്‍മ്മജന്‍ ഹരീഷിനെ തള്ളിപ്പറഞ്ഞത് വലിയ വിവാദമായിരുന്നു. കടം വാങ്ങിയ 20 ലക്ഷം ബാദുഷ തിരിച്ചു നല്‍കിയില്ലെന്നായിരുന്നു ഹരീഷ് കണാരന്റെ ആരോപണം. തന്നെപ്പോലെ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കും വലിയ തുക നല്‍കാന്‍ ഉണ്ടെന്നായിരുന്നു ഹരീഷ് വെളിപ്പെടുത്തിയത്. എന്നാല്‍ നയപരമായി പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്ന ഒരു പ്രശ്‌നം മാധ്യമങ്ങളുടെ മുമ്പില്‍ വെളിപ്പെടുത്തി ബാദുഷയെ നാണം കെടുത്തിയത് ശരിയായില്ല എന്നാണ് ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടത്. ബാദുഷയെ പിന്തുണയ്ക്കുന്ന നിലപാടാണ് ധര്‍മ്മജന്‍ സ്വീകരിച്ചത്.












Click it and Unblock the Notifications