ആ സിംഹാസനം ശൂന്യം.. നക്ഷത്രങ്ങള്‍ക്കിടയിലേക്ക് മാഞ്ഞ് താരചക്രവര്‍ത്തി, ധര്‍മ്മേന്ദ്രയുടെ ജീവിതം..
ദൈവത്തെ എന്നെങ്കിലും നേരിട്ട് കണ്ടാല്‍, ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയാല്‍ എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ, എന്ത് കൊണ്ടാണ് എന്നെ ധര്‍മേന്ദ്രയെ പോലെ സുന്ദരന്‍ ആക്കാത്തത്?
പറഞ്ഞത് ബോളിവുഡിലെ എക്കാലത്തേയും താരമായ ദിലീപ് കുമാര്‍ ആണ്. ധര്‍മേന്ദ്രയെ ഗ്രീക്ക് ദേവനെ പോലെ സുന്ദരന്‍ എന്ന് വിളിച്ചവരില്‍, ആരാധിച്ചവരില്‍ ഒരാള്‍. ജയ ബച്ചന്, സീനത്ത് അമന് തുടങ്ങി മാധുരി ദീക്ഷിത്തും സല്മാന് ഖാനും വരെ നീളുന്നതാണ് ആ പട്ടിക. ധര്‍മേന്ദ്ര കേവല്‍ കൃഷന് ദിയോള്‍ എന്ന ധര്‍മേന്ദ്ര ബോളിവുഡിലെ എക്കാലത്തേയും പമരസുന്ദരന്മാരില് മുന്നില്‍ നില്ക്കുന്ന ഒരാളായിരുന്നു.

ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ തന്ന സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായിരുന്നു. അതുകൊണ്ട് തന്നെ പല താരങ്ങളും നായകന്മാരും വന്നു പോയ ബോളിവുഡില്‍ ധര്‍മേന്ദ്രക്ക് പകരക്കാരനില്ല. ബോളിവുഡിലെ ഹി മാന്‍ എന്ന് വിളിപ്പേര് ധര്‍മേന്ദ്രക്ക് കിട്ടിയത് വെറുതെയല്ല. ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകളില്‍ നായകനായതിന്റെ റെക്കോഡ് അദ്ദേഹത്തിന്റേതാണ്. 1973ല്‍ എട്ട് ഹിറ്റ് 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റ്. ആകെ 9 വിജയചിത്രങ്ങള്‍.
ആറ് പതിറ്റാണ്ടുകളായി മുന്നൂറിലധികം സിനിമകള്‍ അഭിനയിച്ച കലാജീവിതത്തിന് തുടക്കം 1960ല്‍, ദില്‍ ഭി തേരാ ഹം ഭി തേരെ എന്ന ചിത്രത്തിലൂടെ. പിന്നീട് ആയേ മിലന് കി ബേല, ഫൂല് ഓര് പത്തര്, ആയേ ദിന് ബഹാര്‍ കേ, മിലി തുടങ്ങിയ സിനിമകളിലൂടെ ഹിറ്റ് നായക നിരയിലേക്ക്. പിന്നീടങ്ങോട്ട് നിരവധി വിജയ ചിത്രങ്ങള്‍. സീത ഓര് ഗീത, യാദോം കീ ബാരാത്, ദോസ്ത്, ഷോലെ, ധരംവീര്‍, അന്‍പഠ്, ബന്ധിനി, ചുപ്കേ ചുപ്കേ, ബേണിങ് ട്രെയിന്‍ തുടങ്ങി പല തരത്തിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ച സിനിമകള്‍, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍.
കോമഡിയും ആക്ഷനും പ്രണയവും വിരഹവും ധര്‍മേന്ദ്ര തകര്‍ത്തഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രായത്തിന്റെ കടന്നുവരവിനനുസരിച്ച് പതുക്കെ കഥാപാത്രങ്ങള്‍ മാറ്റിപ്പിടിച്ചു. പുതിയ തലമുറയിലെ നായികാനായകന്മാര്ക്കൊപ്പം താരത്തിളക്കത്തിന്റെ കരിഷ്മയില്‍ ധര്‍മേന്ദ്ര മാറ്റുരച്ചു. പ്യാര് കിയ തോ ഡര്‍നാ ക്യാ, ലൈഫ് ഇന്‍ മെട്രോ, അപ്നേ, റോക്കി ഓര് റോണി കീ പ്രേംകഹാനി വരെ നീളുന്ന സിനിമകള്‍.
വര്‍ഷങ്ങളും കഥാപാത്രങ്ങളും മാറിമറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ മാറിയപ്പോഴും ധര്‍മേന്ദ്രക്ക് പിന്നില്‍ നിന്ന് മായാതെ നിന്ന ചോദ്യം ഒന്ന് മാത്രം. എങ്ങനെ ഇങ്ങനെ സുന്ദരനായിരിക്കുന്നു? ഇത്ര ലാളിത്യത്തോടെ പെരുമാറാന്‍ കഴിയുന്നു? ധര്‍മേന്ദ്രയുടെ ഈ CHARM തന്നെയാണ് ബോളിവുഡിന്റെ ഡ്രീംഗേള്‍ ഹേമമാലിനിയെ ആകര്‍ഷിച്ചതും. സഞ്ജീവ് കുമാര്‍ അടക്കം പല നായകന്മാരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും പല പ്രമുഖരും വിവാഹാലോചനയുമായി വന്നപ്പോഴും സ്വന്തം താരജീവിതത്തില്‍ ശ്രദ്ധിച്ചിരുന്ന ഹേമമാലിനിക്ക് ധര്‍മേന്ദ്രയെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല.

ഷോലെയിലെ വീരുവിനെ ബസന്തിക്ക് ഒഴിവാക്കാന്‍ പറ്റാഞ്ഞ പോലെ. വിവാഹിതനായിരുന്നുവെന്നും നാല് മക്കളുണ്ട് എന്നതും ധര്‍മേന്ദ്രയില്‍ നിന്ന് അകലാനുള്ള കാരണങ്ങളായില്ല. കണ്ടപ്പോള്‍ തന്നെ ഇയാളാണ് എന്റെ പുരുഷന് എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നതായി ഹേമമാലിനി പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്നോട് ആകര്‍ഷണം തോന്നിയ പല താരസുന്ദരിമാരെയും ഒഴിവാക്കി നിര്‍ത്തിയ ധര്‍മേന്ദ്രക്കും തെന്നിന്ത്യയില്‍ നിന്നെത്തി ബോളിവുഡ് കീഴടക്കിയ സ്വപ്നസുന്ദരിയെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞില്ല.
ബോളിവുഡിലും പ്രേക്ഷകരിലും ഞെട്ടലും അവിശ്വസനീയതയും വേദനയും ഒക്കെ പലര്‍ക്കും സമ്മാനിച്ച് അവര്‍ വിവാഹിതരായി. രണ്ട് പെണ്മക്കളും പിറന്നു. ഇഷയും അഹാനയും. ധര്‍മേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗര്‍ ആയിരുന്നു. പത്തൊമ്പതാം വയസ്സില്‍ സിനിമയുടെ താരത്തിളക്കം പ്രഭ കൂട്ടുംമുമ്പേ ധര്‍മേന്ദ്ര കൈപിടിച്ചു കൂട്ടിയതാണ് പ്രകാശിനെ. സണ്ണി, ബോബി, വിജേത, അജീത എന്നിവര്‍ മക്കള്‍.

പങ്കാളിയെ പങ്കുവെക്കുന്ന വൈകാരികപ്രശ്നം കുടുംബത്തെ ബാധിക്കാതിരിക്കാന്‍ പ്രകാശും ഹേമമാലിനിയും ശ്രദ്ധിച്ചു. രണ്ട് പേരും പരസ്പരം എന്തെങ്കിലും പറയുകയോ ഇടപെടുകയോ ചെയ്തില്ല. ഭര്‍ത്താവിന്റെ നിഴല്‍ മാത്രമായി ഒതുങ്ങിയ, അപൂര്‍വമായി മാത്രം പൊതുവേദിയിലെത്തിയ പ്രകാശും അഭിനയവും നൃത്തവും രാഷ്ട്രീയവും ഒക്കെയായി എപ്പോഴും താരത്തിളക്കത്തില്‍ നിന്ന ഹേമമാലിനിയും.
രണ്ട് ധ്രുവങ്ങളില്‍ പെട്ട രണ്ട് സ്ത്രീകളും പരസ്പരം മത്സരിക്കാനോ ഇടപെടാനോ നിക്കാതെ ധര്‍മേന്ദ്രയുടെ ഇടവും വലവും നിന്നു. മാന്യമായ അകലം രണ്ട് വീടുകളും തമ്മില്‍ പാലിക്കപ്പെട്ടു. ആര്‍ക്കും വ്യക്തമായി നിര്‍വചിക്കാന്‍ കഴിയാത്ത ഒന്നായി ബോളിവുഡ് ചരിത്രത്തിലെ ആ അപൂര്‍വമായ ബന്ധം. ഇടക്ക് രാഷ്ട്രീയത്തില്‍ കൈ നോക്കിയിരുന്നു ധര്‍മേന്ദ്ര. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് ലോക്സഭയിലെത്തി.
കൃത്യമായി സഭാസമ്മേളനങ്ങള്ക്ക് എത്താതെയും മുന്‍പിന്‍ നോക്കാതെയുള്ള പ്രസ്താവനകള്‍ കൊണ്ടും എംപി സ്ഥാനത്ത് ശോഭിക്കാനായില്ല. പക്ഷേ പിന്നീട് ഹേമമാലിനിയിലൂടെയും മകന് സണ്ണി ഡിയോളിലൂടെയും രാഷ്ട്രീയ പിന്തുടര്ച്ച അദ്ദേഹം ഉറപ്പാക്കിയിരുന്നു. ഒരിക്കലും അഭിനയമികവിനുള്ള പുരസ്കാരങ്ങള്‍ ധര്‍മേന്ദ്രയെ തേടിയെത്തിയില്ല. സമഗ്രസംഭാവനക്കാണ് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടുന്നത്.

പക്ഷേ ഇന്ത്യന്‍ സിനിമാരംഗത്തിന് നല്കിയ സംഭാവനകള്‍ മാനിച്ച് രാജ്യം അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്, 2012 ല്‍. കിട്ടിയ അവാര്‍ഡുകളേക്കാള്‍ കിട്ടാതെ പോയ അംഗീകാരങ്ങളും നേടിയെടുത്ത വലിയ വാണിജ്യവിജയങ്ങളും പിന്തലമുറക്കാരായ താരങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ആദരവും ആരാധനയുമാണ് ധര്‍മേന്ദ്ര എന്ന താരത്തെ നിര്‍വചിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്, സല്മാന് ഖാന് തുടങ്ങിയ പ്രമുഖരൊക്കെ ചികിത്സാനാളുകളില് അദ്ദേഹത്തെ കാണാനെത്തിയത് ബോളിവുഡ് എന്ന വലിയ ലോകം അദ്ദേഹത്തെ എത്രമേല്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ്.
നവതിയെത്താന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ധരംജി വിട പറഞ്ഞു. ഒരിക്കലും പകരക്കാരന് ഇല്ലാത്ത ഇരിപ്പിടം ബോളിവുഡില്‍ ബാക്കി വെച്ച്
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications