സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ? താരസംഘടനയ്‌ക്കെതിരെ മല്ലിക സുകുമാരന്‍
തിരുവനന്തപുരം: ഐ എഫ് എഫ് കെ പ്രതിനിധികള്‍ക്ക് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. നടി കേസില്‍ നീതി ലഭ്യമായില്ലെന്ന അതിജീവിത പറഞ്ഞ ദിവസം തന്നെ പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നില്ല എന്ന് മല്ലിക പറഞ്ഞു.
'അമ്മ ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വീകരണം നടത്തുന്നുവെന്ന് കേട്ടു. അത് ഇന്ന് ചെയ്തത് ശരിയായില്ല. എപ്പോള്‍ വേണമെങ്കിലും കൊടുക്കാമായിരുന്നു. പക്ഷെ ഇന്നലെ വരെ നമ്മള്‍ അതിജീവിതയെന്ന് വിളിച്ച കുട്ടി പേരെഴുതി ഒരു പോസ്റ്റിട്ടിരുന്നു. അപ്പോള്‍ ഈ ആഘോഷം ഇന്ന് വേണ്ടായിരുന്നു' മല്ലികാ സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലും മല്ലിക തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
'സത്യമാണ്... നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു.... സ്വയം അതിജീവിതയായി എട്ടു വര്‍ഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു.... ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരില്‍ ഒരു മനോവിഷമം തുറന്നെഴുതി ....ഞങ്ങള്‍ ഞങ്ങളുടെ Collegue ന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്....
ഒപ്പമുള്ള സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഇവര്‍ക്ക് ഒരു വിലയുമില്ലേ....? 'അമ്മ'യുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ film festival delegates ന് party കൊടുക്കണം പോലും... ഇതാണോ സംഘടനയുടെ charity...? മന്ത്രിയുടെ സമ്മതം വാങ്ങി budget വരെ അംഗീകരിച്ചു എന്നാണ് വാര്‍ത്ത....എന്തു വേണമെങ്കിലും ആയിക്കോട്ടെ.... ഇന്നു തന്നെ വേണമായിരുന്നോ...???? അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്...
കാര്യങ്ങള് പറയുന്നവരെ അകറ്റി നിര്‍ത്തി, ഉള്ള വില കളയാതെ നോക്കുക... കാലം മാറി....കഥ മാറി... ഒരു കൊച്ചു മിടുക്കനെ ചേര്‍ത്ത് നിര്‍ത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നല്‍കിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു.... വീണ്ടും പറയുന്നു...
' ആവതും പെണ്ണാലെ ... അഴിവതും പെണ്ണാലെ'
കഴിഞ്ഞ ദിവസമാണ് തനിക്ക് നീതി ലഭ്യമായില്ല എന്ന് പറഞ്ഞ് നടി രംഗത്തെത്തിയത്. വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചായിരുന്നു അതിജീവിതയുടെ പ്രതികരണം. ഈ വിധിയില്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ഊ കേസില്‍ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി മലയാള സിനിമയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, പൃഥ്വിരാജ് തുടങ്ങിയവര്‍ അതിജീവിതയുടെ കുറിപ്പ് റീഷെയര്‍ ചെയ്തിരുന്നു. അതേസമയം ഈ കേസിലെ പ്രധാന സാക്ഷികളിലൊരാളും നടിയുമായ മഞ്ജു വാര്യരാകട്ടെ ഈ കേസിലെ ആസൂത്രകര്‍ പുറത്താണെന്ന് തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരുന്നു.
കോടതിയോട് ആദരവുണ്ടെന്നും ഈ വിഷയത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നുമാണ് മഞ്ജു വാര്യര്‍ തന്റെ പോസ്റ്റില്‍ പറഞ്ഞത്. കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളുവെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.












Click it and Unblock the Notifications