ദിലീപിനെ മാത്രമല്ല, എന്നെയും.. നടിയെ ആക്രമിച്ച കേസിൽ രക്ഷപ്പെടാനുളള പുതിയ നീക്കവുമായി പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടക്കം 6 പേരെയാണ് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിചാരണ നേരിട്ട പത്ത് പ്രതികളില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുളളവരെ കോടതി വെറുതെ വിട്ടു.
ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീലിന് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടാനുളള നീക്കം നടത്തുകയാണ് ഒന്നാം പ്രതിയായ പള്‍സര്‍ സുനി. പ്രോസിക്യൂഷന്റെ അപ്പീല്‍ മേല്‍ക്കോടതിയില്‍ എത്തുന്നതിന് മുന്‍പേ, തന്റെ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് മൂന്ന് പ്രതികളും ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 6 പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് എറണാകുളം സെഷന്‍സ് കോടതി വിധിച്ചിരുന്നത്. കേസ് അന്വേഷണം നേരായ രീതിയിലല്ല നടന്നത് എന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പള്‍സര്‍ സുനി ആരോപിക്കുന്നു. മാത്രമല്ല തെളിവുകള്‍ ശേഖരിച്ചതിലും വീഴ്ച വന്നിട്ടുണ്ടെന്നും അപ്പീലില്‍ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവ് ആയിരുന്നു ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും. ഇവയുടെ രണ്ടിന്റേയും ഒറിജിനല്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ലെന്ന് പള്‍സര്‍ സുനി പറയുന്നു. മാത്രമല്ല ഒറിജിനല്‍ ഫോണിന്റെ നിറം സംബന്ധിച്ച മൊഴികളില്‍ വൈരുധ്യമുണ്ട്. ദൃശ്യം പകര്‍ത്തിയ ഫോണ്‍ കണ്ടെത്താത്തത് കൊണ്ട് തന്നെ താന്‍ വീഡിയോ ചിത്രീകരിച്ചു എന്നുളള ആരോപണം നിലനില്‍ക്കില്ലെന്നും അപ്പീലില്‍ പറയുന്നു.
മാത്രമല്ല കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് പറയുന്ന സിം കാർഡ് മറ്റൊരാളുടെ പേരിലാണ്. ഇയാളെ ഈ കേസിൽ ചോദ്യം ചെയ്യാനോ പ്രതി ചേർക്കാനോ അന്വേഷണ സംഘം തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ പോലീസ് വലിയ കാലതാമസം വരുത്തിയിരുന്നുവെന്നും അതുകൊണ്ട് അന്വേഷണ സംഘം സമര്‍പ്പിച്ച തെളിവുകളില്‍ കൃത്രിമം നടക്കാനുളള സാധ്യത ഉണ്ടെന്നും അപ്പീലില്‍ വാദിക്കുന്നു. തങ്ങള്‍ ഉന്നയിച്ച ഈ വാദങ്ങള്‍ വിചാരണഘട്ടത്തില്‍ കോടതി പരിഗണിച്ചില്ലെന്നും പള്‍സര്‍ സുനി ആരോപിക്കുന്നു.
പള്‍സര്‍ സുനിയെ കൂടാതെ കേസിലെ അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി എന്നിവരാണ് ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം തടവ്. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല 7 മുതല്‍ 10 വരെയുളള പ്രതികളെ വെറുതെ വിട്ട വിധിക്കും എതിരെയാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്.












Click it and Unblock the Notifications