'ഇത് ചവറാണോ..' മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ പീഡനക്കേസ്, ട്രോളി ദിലീപ് ഫാൻസ്
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി യുവനടി. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് സംവിധായകനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എറണാകുളം ഇളംകുളത്തുളള തന്റെ ഫ്‌ളാറ്റിലേക്ക് ചിദംബരം അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. 2022ലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് എന്നാണ് നടി വ്യക്തമാക്കുന്നത്.
ഭാരതീയ ന്യായസംഹിതയിലെ 74,75 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ചിദംബരത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചിദംബരത്തെ പോലീസ് വൈകാതെ ചോദ്യം ചെയ്‌തേക്കും. തുടര്‍ന്ന് സംവിധായകന്റെ അറസ്റ്റിലേക്കും നീങ്ങിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെയും ചിദംബരത്തിന് എതിരെ സമാന ആരോപണം ഉയർന്നിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസിന് പിന്നാലെയാണ് ഒരു നടി ചിദംബരത്തിന് എതിരെ സോഷ്യൽ മീഡിയ വഴി ആരോപണം ഉന്നയിച്ചിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്, ജാനേമന്‍ അടക്കമുളള സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയതാണ് ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്, തെലുങ്ക് ഭാഷകളിലും അടക്കം സൂപ്പര്‍ ഹിറ്റാവുകയും സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ അടക്കം വാരിക്കൂട്ടുകയും ചെയ്തിരുന്നു.
പുതിയ ചിത്രമായ ബാലന്റെ പണിപ്പുരയിലിരിക്കെയാണ് ചിദംബരത്തിന് എതിരെ ലൈംഗികാതിക്രമ പരാതി വന്നിരിക്കുന്നത്. ഇതോടെ ദിലീപ് ആരാധകര്‍ സംവിധായകന് എതിരെ സോഷ്യല്‍ മീഡിയാ ആക്രമണവും അഴിച്ച് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിലീപുമൊത്ത് സിനിമ ചെയ്യുന്നുവെന്ന വാര്‍ത്തകളോട് ചിദംബരം രൂക്ഷമായി പ്രതികരിച്ചത് നടന്റെ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.
ചിദംബരത്തിന്റെ അടുത്ത ചിത്രം ദിലീപിന് ഒപ്പമാണ് എന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് കൊണ്ട് ചിദംബരം കുറിച്ചത് ഇത്തരം ചവറ് വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കുക എന്നായിരുന്നു. ഇതോടെ ദിലീപ് ഫാന്‍സ് സംവിധായകനെതിരെ വിമര്‍ശനങ്ങളും തെറിവിളികളുമായി രംഗത്ത് എത്തി. പിന്നാലെ ചിദംബരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റേണ്ടി വന്നു. ഇപ്പോള്‍ ചിദംബരത്തിന് എതിരെ കേസ് വന്നതോടെ ദിലീപ് ആരാധകര്‍ അത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്. ഇത് ചവറല്ലേ എന്നതടക്കമുളള പരിഹാസ കമന്റുകളാണ് ഫാൻസ് നൽകുന്നത്.












Click it and Unblock the Notifications