ദിലീപിനെതിരെ കേസ് വന്നപ്പോള്‍ പലര്‍ക്കും കണ്‍ഫ്യൂഷനായി; തന്നെയും ചോദ്യം ചെയ്‌തെന്ന് ധര്‍മജന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് തുടക്കം മുതല്‍ രംഗത്തുവന്ന വ്യക്തിയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് അത്തരം കുറ്റകൃത്യം ചെയ്യില്ല എന്ന ഉറച്ച് വിശ്വസിക്കുന്നു അദ്ദേഹം. എട്ട് വര്‍ഷം അന്വേഷണവും വിചാരണയും നടന്നിട്ട് ഒരു കടലാസിന്റെ തെളിവെങ്കിലും ദിലീപിനെതിരെ ഹാജരാക്കാന്‍ പറ്റിയോ എന്ന് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ ചോദിച്ചു.
2017ലാണ് നടി ആക്രമിക്കപ്പെട്ടത്. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് മൂന്ന് മാസത്തോളം ദിലീപ് ജയിലില്‍ കിടന്നു. എട്ടര വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ദിലീപിനെ കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെവിട്ടു. വിചാരണ കോടതിക്കെതിരെയും ജഡ്ജിക്കെതിരെയും പിന്നീട് വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസിന്റെ പല ഘട്ടങ്ങളും ധര്‍മജന്‍ സൂചിപ്പിച്ചു.

കേസില്‍ സിനിമാ രംഗത്തു നിന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തവരില്‍ താനും ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ വിചാരണയുടെ അടിസ്ഥാനത്തില്‍ അല്ലല്ലോ കോടതി തീരുമാനിക്കുന്നത്. ഇപ്പോഴും ദിലീപിന്റെ പിന്നാലെ നടന്ന് പലരും എതിര്‍ക്കുന്നുണ്ടെന്നും നല്ല സിനിമ വന്നാല്‍ ദിലീപിനെ ജനം സ്വീകരിക്കുമെന്നും ധര്‍മജന്‍ പറയുന്നു.
പ്രോസിക്യൂഷന് ഒരു തെളിവും ദിലീപിനെതിരെ ഹാജരാക്കാന്‍ സാധിച്ചില്ല. ഒടുവില്‍ കോടതി വെറുതെവിട്ടിരിക്കുന്നു. അപ്പോള്‍ ദിലീപ് എന്തിനാണ് ജയിലില്‍ കിടന്നത് എന്ന ചോദ്യം ബാക്കിയാണ്. വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്ന വ്യക്തിയാണ്. വാടക വീട്ടില്‍ താമസിച്ചിരുന്നു. മിമിക്രയിലും സിനിമയിലും സിനിമയിലെ എല്ലാ മേഖലയിലും തിളങ്ങി. അതില്‍ ചിലര്‍ക്ക് അസൂയയുണ്ടാകാം. അവരാണ് ദിലീപിനെ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടാകുക...
ദിലീപിനെ എപ്പോഴും വിളിക്കാറില്ല
ദിലീപിനെ എപ്പോഴും വിളിക്കുന്ന രീതി തനിക്കില്ല. വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ദിലീപ് വിളിച്ചിരുന്നു. ലാലേട്ടന്റെ അമ്മ മരിച്ച വേളയിലും കണ്ടിരുന്നു. താന്‍ സിനിമയില്‍ അവസരം ചോദിച്ച് ആരെയും വിളിക്കാറില്ല. ദിലീപ് ഇങ്ങോട്ട് വിളിച്ച് അവസരം തന്നിട്ടുണ്ട്. കേസ് വന്നപ്പോള്‍ ദിലീപ് വളരെ കഷ്ടപ്പെട്ടു. രണ്ടാമത്തെ മകളുണ്ടായപ്പോള്‍ ചെന്നൈയില്‍ പോയി താമസിച്ച് പഠിപ്പിക്കുകയാണ് ചെയ്തത്...
ദിലീപ് കേസ് വന്നപ്പോള്‍ കുറേ പേര്‍ക്ക് കണ്‍ഫ്യൂഷനായി. ദിലീപ് ചെയ്‌തോ ഇല്ലയ്യോ എന്ന സംശയം. കലയെ എല്ലാകാലത്തും ജനം സ്വീകരിക്കും. നല്ല സിനിമ വന്നാല്‍ വിജയിക്കും. നേരത്തെ കുറ്റാരോപിതന്‍ ആയിരുന്നു. ഇപ്പോള്‍ കുറ്റവിമുക്തന്‍ ആയി. ഇനിയും ദ്രോഹിച്ച് കുറേ പേര്‍ പിന്നാലെ നടക്കുകയാണെന്നും ധര്‍മജന്‍ പറയുന്നു.
കേരളത്തിലെ പോലീസ് മികച്ച അന്വേഷണ സംഘമാണ്. അവര്‍ എട്ട് വര്‍ഷം അന്വേഷിച്ചിട്ടും ഒന്നും ദിലീപിനെതിരെ തെളിയിക്കാന്‍ സാധിച്ചില്ല. ഇനി അപ്പീല്‍ പോയാല്‍ എന്ത് തെളിയിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല. നല്ല സന്തോഷത്തോടെ അമേരിക്കയില്‍ ട്രിപ്പ് പോയവരാണ് എല്ലാവരും. ഏതോ ഒരു സമയത്ത് ഇങ്ങനെ ഒക്കെ ആയെന്നും ധര്‍മജന്‍ പറയുന്നു.












Click it and Unblock the Notifications