മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കുമോ? ദിലീപ് പറഞ്ഞത്..മഞ്ജുവിൻ്റെ മറുപടി ഇങ്ങനെ
ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് താരജോഡിയായിരുന്നു ദിലീപും മഞ്ജു വാര്യരും. 1998ൽ ഇരുവരും വിവാഹിതരായതിന് പിന്നാലെ മഞ്ജു വാര്യർ അഭിനയത്തിൽ നിന്നും മാറി നിന്നു. ഏകദേശം 17 വർഷത്തോളമാണ് മഞ്ജു സിനിമയിൽ നിന്നും അകന്ന് നിന്നത്. എന്തുകൊണ്ട് മഞ്ജു അഭിനയിക്കുന്നില്ലെന്ന ചോദ്യത്തിന് മകളേയും കുടുംബത്തേയും നോക്കാൻ വേണ്ടിയാണ് മഞ്ജു മാറി നിൽക്കുന്നത് എന്നാണ് ദിലീപ് മറുപടി നൽകിയിട്ടുള്ളത്.
2015 ലാണ് മഞ്ജു വാര്യരും ദിലീപും നിയമപരമായി വേർപിരിയുന്നത്. അതിന് തൊട്ട് പിന്നാലെ തന്നെ മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തി. ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. നിലവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് മഞ്ജു വാര്യർ.

അതേസമയം വേർപിരിഞ്ഞതിന് ശേഷം ഒരിക്കൽ പോലും മഞ്ജുവിനേയും ദിലീപിനേയും പ്രേക്ഷകർ ഒരുമിച്ച് കണ്ടിട്ടില്ല. ഈ താരജോഡികൾ ഇനി എന്നെങ്കിലും ഒന്നിക്കുമോയെന്ന ചോദ്യം പ്രേക്ഷകർക്ക് ഉണ്ട്. മുൻപ് ഇതേ കുറിച്ച് ദിലീപിനോട് ഒരു അഭിമുഖത്തിൽ ചോദ്യം ഉയർന്നിരുന്നു. അന്ന് ദിലീപ് നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
ദിലീപ് ഇനി മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമോയെന്നതായിരുന്നു ചോദ്യം. ഇതിന് നടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു-'ആ ക്യാരക്ടറിന് മഞ്ജു അല്ലാതെ വേറെ ആരും യോജിക്കില്ലെന്ന് തോന്നി കഴിഞ്ഞാൽ , അങ്ങനെയൊരു കഥാപാത്രം വരട്ടെ ആലോചിക്കാം എന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജു വാര്യരും തമ്മിൽ യാതൊരു ശത്രുതയും ഇല്ലെന്നും മറ്റുള്ളവർ പറഞ്ഞ് ഉണ്ടാക്കുന്നതാണ് ഓരോ കാര്യങ്ങളെന്നുമാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. അതേസമയം ഇതേ ചോദ്യം മഞ്ജുവിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നെങ്കിലും അതിനോട് പ്രതികരിക്കാൻ അവർ തയ്യാറായിരുന്നില്ല. ആ ചോദ്യം വേണ്ട എന്നായിരുന്നു അവർ പറഞ്ഞത്.
അതേസമയം മഞ്ജു-ദിലീപ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മലയാള ജോഡികൾ ദിലീപും കാവ്യയുമാണ്. കാവ്യയും ദിലീപിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. കാവ്യയെ ഇനി എന്നെങ്കിലും ദിലീപിനൊപ്പം കാണാൻ സാധിക്കുമോയെന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. ഭഭബ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആരാധകർ ദിലീപിനോട് ഇക്കാര്യം ചോദിച്ചിരുന്നു. കാവ്യുമായി ചെയ്യാൻ സാധിക്കുന്ന നല്ലൊരു പ്രൊജക്ട് വന്നാൽ അത്തരമൊരു ചിത്രത്തെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു ദിലീപ് പറഞ്ഞത്.
മകളുടെ കാര്യം കാവ്യ തന്നെയാണ് നോക്കുന്നതെന്നും അവൾ ആ തിരക്കുകളിലാണെന്നുമാണ് കാവ്യയുടെ മടങ്ങി വരവിനെ കുറിച്ചുള്ള ചോദ്യത്തിന് മുൻപ് ദിലീപ് നൽകിയ മറുപടി. സിനിമയിലേക്ക് തിരികെ എത്തിയില്ലെങ്കിലും ഇപ്പോൾ തൻ്റെ ബിസിനസിൽ സജീവമാണ് കാവ്യ. ലക്ഷ്യ എന്ന തൻ്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ മോഡലായി കാവ്യ പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല ദിലീപിനൊപ്പവും അല്ലാതെയും കാവ്യ പൊതുവേദികളിൽ സജീവമാകുന്നുണ്ട്.












Click it and Unblock the Notifications