Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടപ്പെട്ട സിംഹാസനം ദിലീപ് തിരിച്ചുപിടിക്കുമോ? ഫെഫ്കയും അമ്മയും തയ്യാര്‍..! പ്രേക്ഷകരോ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ ആഘോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമെല്ലാം ദിലീപിന്റെ വിജയം ആഘോഷിക്കുകയാണ് ദിലീപ്. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതിന് തൊട്ടുപിന്നാലെ ദിലീപിനെ വീണ്ടും മലയാള സിനിമയില്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹവുമായി അടുത്തുനില്‍ക്കുന്നവരും തുടങ്ങിയിട്ടുണ്ട്.

ദിലീപ് ഭാഗമായിരുന്ന ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകളെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള നീക്കം തുടങ്ങി എന്നാണ് വിവരം. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ദിലീപിന് സംഘടനയില്‍ തുടരുന്നതില്‍ തടസമില്ല എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട കോടതി ഒരാള്‍ കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Dileep

എന്നാല്‍ ദിലീപിന് സംഘടനയില്‍ തിരികെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിനേതാക്കളുടെ സംഘടനയായ അമ്മയിലും തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇന്ന് ചേര്‍ന്ന അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കോടതി വിധിയും ചര്‍ച്ച ചെയ്തു എന്നാണ് വിവരം. പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.

അതിനിടെ കോടതി വിധി സ്വാഗതം ചെയ്ത് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ രംഗത്തെത്തി. ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് വ്യക്തിപരമായ വിശ്വാസമെന്നും കോടതി വിധി അംഗീകരിക്കുന്നു എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. സംഘടനാപരമായ കാര്യങ്ങള്‍ സംഘടന തന്നെ അറിയിക്കും എന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദിലീപിനെ തിരിച്ചെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.

സ്വപ്‌ന സമാനമായ ഉയരത്തില്‍ നിന്നാണ് ദിലീപ് താഴേക്ക് പതിച്ചത്. സീനിയോറിറ്റിയില്‍ മലയാള സിനിമയിലെ അഞ്ച് സൂപ്പര്‍താരങ്ങളില്‍ അഞ്ചാമനായിരുന്നെങ്കിലും സിനിമയ്ക്കുള്ളിലെ സ്വാധീനത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തൊട്ടുതാഴെയോ ഒരുവേള അതിനും മുകളിലോ ആയിരുന്നു ദിലീപ്. സൂപ്പര്‍താര ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പരാജയപ്പെടുമ്പോഴും തന്റെ സിനിമകളിലൂടെ തിയേറ്ററില്‍ ആളെ നിറച്ചിരുന്നു ദിലീപ്.

കുറ്റാരോപിതനാകുന്നതിന് തൊട്ടുമുന്‍പ് വരെ ദിലീപ് അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയെ അടക്കി വാഴുകയായിരുന്നു. മിമിക്രി താരം, സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്നതില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടറിലേക്കും അവിടെ നിന്ന് സഹനടനിലേക്കും നടനിലേക്കും സൂപ്പര്‍താരത്തിലേക്കും വളര്‍ന്ന് നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ, ഹോട്ടല്‍ സംരംഭകന്‍, ചലച്ചിത്രസംഘടനകളുടെ ഭാരവാഹി എന്നിങ്ങനെ സിനിമയുടെ സര്‍വതലങ്ങളിലേക്കും വളര്‍ന്നയാളായിരുന്നു ദിലീപ്.

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരുടെ പങ്കാളി എന്ന നിലയിലും ദിലീപിനോട് ആളുകള്‍ക്ക് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ 2014 ന് ശേഷം ദിലീപിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ആ വര്‍ഷമാണ് മഞ്ജുവും ദിലീപും സംയുക്തമായി വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങിയത്. ഏറെ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 17 വര്‍ഷത്തെ ദിലീപ്-മഞ്ജു ദാമ്പത്യത്തിന് വിരാമമായത് 2015 ലാണ്.

ദിലീപിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള കാവ്യ മാധവനെ ചേര്‍ത്ത് നിര്‍ത്തിയുള്ള വഴിവിട്ട ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. 2016 നവംബറില്‍ കാവ്യ മാധവനും ദിലീപും വിവാഹിതരായി. 2017 ഫെബ്രുവരിയില്‍ ആണ് നടിയെ ആക്രമിച്ച കേസ് വരുന്നത്. പിന്നാലെ ഈ കേസില്‍ ദിലീപ് പ്രതിയാകുകയും ജയിലടയ്ക്കപ്പെടുകയും ചെയ്തു.

ഇതോടെ ദിലീപിനെ മലയാള സിനിമാ സംഘടനകളില്‍ നിന്ന് പുറത്താക്കി. പിന്നീടിറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ രാമലീല ഒഴികെ ഒന്ന് പോലും തിയേറ്ററില്‍ ചലനമുണ്ടാക്കുകയും ചെയ്തില്ല. കേസില്‍ കുറ്റവിമുക്തനായതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് ദിലീപ്. റിലീസിനൊരുങ്ങുന്ന ഭഭബ എന്ന സിനിമ ദിലീപിന്റെ തിരിച്ചുവരവായി ഇതിനോടകം ആരാധകരെല്ലാം വിധിയെഴുതി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+