ദിലീപ് അല്ലെങ്കില്‍ മറ്റൊരാളുണ്ടാകുമല്ലോ, അതാരാണ്? മല്ലികയുടെ ചോദ്യം ന്യായം എന്ന് ആലപ്പി അഷ്‌റഫ്
കൊച്ചി: സിനിമാ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. എട്ടര വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള ചില പ്രതികളെ കോടതി വെറുതെവിട്ടു. ആറ് പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് കുറ്റം ചെയ്തതിന് തെളിവില്ലെന്നാണ് കോടതി കണ്ടെത്തിയത്.
ദിലീപ് ഗൂഢാലോചന നടത്തിയില്ലെങ്കില്‍ മറ്റാരാണ് അത് ചെയ്തത്. അങ്ങനെ ഒരാളുണ്ടാകുമല്ലോ. അതാരാണ്. അവരെ കണ്ടുപിടിക്കേണ്ടേ? ഈ ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതില്‍ എടുത്തു പറയേണ്ട ശബ്ദമായിരുന്നു നടി മല്ലിക സുകുമാരന്റേത്. ന്യായമായ ചോദ്യമാണ് മല്ലിക സുകുമാരന്‍ ചോദിച്ചത് എന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് തന്റെ യുട്യൂബ് ചാനലില്‍ പറയുന്നു.

അതുല്യ നടന്‍ സുകുമാരനെ പോലെ തന്നെ നിലപാടുകളില്‍ വ്യക്തതയും കൃത്യതയുമുള്ള വ്യക്തിയാണ് മല്ലിക സുകുമാരന്‍. അവരുടെ മക്കളായ ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അങ്ങനെ തന്നെയാണ് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ശത്രുക്കളുണ്ടാകുമെന്ന് ബോധ്യമായിട്ടും അതിജീവിതയായ നടിയോടൊപ്പം ഉറച്ചുനിന്നവരാണ് മല്ലികയും മക്കളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും കാര്യസാധ്യത്തിന് വേണ്ടി അതിജീവിതയെ മല്ലികയും കുടുംബവും തള്ളിപ്പറഞ്ഞില്ല. നിലപാടില്‍ മാറ്റം വരുത്തിയതുമില്ല. ഡബ്ല്യുസിസിയെ പിന്തുണച്ചെങ്കിലും പോരായ്മകള്‍ അവര്‍ ചൂണ്ടിക്കാട്ടി. മല്ലിക അമ്മയില്‍ തുടരുമ്പോഴും അവിടെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തുവെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
മല്ലിക അക്കാര്യം ദിലീപിനോട് ചോദിച്ചിട്ടില്ല
അമ്മയില്‍ നടക്കുന്ന അനീതികള്‍ തുറന്നുപറയുന്നത് മല്ലികയാണ്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ ഒരു ശത്രുനിരയും അവിടെയുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന ദിവസം ചലച്ചിത്ര മേള പ്രവര്‍ത്തകര്‍ക്ക് നടിമാര്‍ അത്താഴം ഒരുക്കിയതിനെയും മല്ലിക സുകുമാരന്‍ വിമര്‍ശിച്ചിരുന്നു. പൃഥ്വിരാജിനെ ഒതുക്കാനുള്ള ചില നീക്കങ്ങള്‍ക്കെതിരെയും മല്ലിക ശബ്ദമുയര്‍ത്തി...
പൃഥ്വിരാജും എതിരാളികളും തമ്മിലുള്ള ശീതയുദ്ധം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. പൃഥ്വിരാജിന്റെ മുന്നേറ്റം അവരെ അസ്വസ്ഥമാക്കുന്നുണ്ട്. അനന്തഭദ്രം മുതല്‍ തന്നെ ഇത് തുടങ്ങിയിട്ടുണ്ട് എന്നാണ് മല്ലിക പറയുന്നത്. പൃഥ്വിയെ അഭിനയിപ്പിക്കരുത് എന്ന് ദിലീപ് പറഞ്ഞതായി തന്നോട് പലരും അറിയിച്ചിട്ടുണ്ടെന്നു മല്ലിക പറഞ്ഞ കാര്യം ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു.
താന്‍ ദിലീപിനോട് വിഷയം ചോദിച്ചിട്ടില്ലെന്ന് മല്ലിക പറയുന്നു. റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി അഭിനയിച്ചു. ദിലീപ് ഒരു പിണക്കവും കാണിച്ചില്ല. മുമ്പ് പൃഥ്വിരാജ് മാപ്പ് പറയണം എന്ന് അമ്മയില്‍ ആവശ്യം ഉയര്‍ന്നു. ഗണേഷ് കുമാര്‍, ദിലീപ്, സിദ്ദിഖ് എന്നിവരാണ് ആവശ്യപ്പെട്ടത്. എനിക്ക് അവരോട് വിരോധമില്ലെന്നും പൃഥ്വിക്കെതിരെ രംഗത്തുവന്നവര്‍ക്ക് ഭാവിയില്‍ നിലപാട് മാറ്റേണ്ടി വരുമെന്ന് മല്ലിക പറഞ്ഞതായും ആലപ്പി അഷ്‌റഫ് തന്റെ വീഡിയോയില്‍ വിശദീകരിക്കുന്നു.












Click it and Unblock the Notifications