''ദിലീപ് പറഞ്ഞു അത് മറ്റൊരു പെണ്ണിന് വേണ്ടിയാണ് എന്ന്'', അന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്!
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയതാണ് അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍. കേസിന്റെ തുടക്കം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന 'മാഡം' ആരാണ് എന്നത് സംബന്ധിച്ച് അടക്കം ബാലചന്ദ്ര കുമാര്‍ നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്നും അത് കാവ്യാ മാധവന്‍ ആണെന്നുമുളള തരത്തില്‍ നിരവധി അഭ്യഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിധി ഈ മാസം 8ന് വരാനിരിക്കെ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളും ഉയർത്തിയ ചോദ്യങ്ങളും വീണ്ടും ചർച്ചയാവുകയാണ്. ഈ കേസിലെ 'മാഡ'ത്തെ കുറിച്ച് രണ്ട് വർഷം മുൻപ് വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞത് ഇങ്ങനെയാണ്:
'' 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെടുന്നത്. 19ാം തിയ്യതി പള്‍സര്‍ സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ മാവേലിക്കര പോയി അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനെ കാണുന്നു. അതിലൊരാള്‍ തമിഴനും ഒരാള്‍ മലയാളിയുമാണ്. പള്‍സര്‍ സുനിക്ക് ജാമ്യമെടുത്ത് കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിക്കാനാണ് പോയത്. അദ്ദേഹം പറഞ്ഞു ജാമ്യം കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ് എന്ന്. വേണമെങ്കില്‍ കീഴടങ്ങാനുളള സൗകര്യമുണ്ടാക്കാം എന്നും പറഞ്ഞു.

അദ്ദേഹം കാശ് എന്തോ കൂടുതല്‍ ചോദിച്ചത് കൊണ്ടോ മറ്റോ ഇവരില്‍ ഒരാള്‍ പറഞ്ഞു, മാഡത്തിനോട് സംസാരിച്ചിട്ട് മറുപടി പറയാം എന്ന്. മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19നാണ്. കാവ്യാ മാധവനാണ് എന്റെ മാഡം എന്ന് പള്‍സര്‍ സുനി 2017ല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് മുതല്‍ കാവ്യയ്ക്ക് മേല്‍ പോലീസിനും ജനങ്ങള്‍ക്കും സംശയത്തിന്റെ നിഴലുണ്ട്.
മാഡം കാവ്യ ആണോ എന്ന് തനിക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. പക്ഷേ ഈ കേസില്‍ ഒരു സ്ത്രീ സാന്നിധ്യം ഉറപ്പായും ഉണ്ട്. കാരണം, ദിലീപ് അന്ന് സംസാരിക്കുമ്പോള്‍ താന്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ആയാലും, ഫെനി ബാലകൃഷ്ണന്‍ 2017ല്‍ കൊടുത്ത മൊഴി ആയാലും, സുരാജ് എന്ന അളിയന്റെ ഓഡിയോയില്‍ കാവ്യ കൊടുത്ത കൊട്ടേഷനാണെന്ന് പറയുന്നതായാലും, പള്‍സര്‍ സുനി പറഞ്ഞതായാലും ശരി ഒരു സ്ത്രീ സാന്നിധ്യം ഈ കേസിന് പിന്നിലുണ്ട്. അത് കാവ്യ ആണോ അല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തണം.
ഇക്കാരണങ്ങള്‍ കൊണ്ട് മാത്രമല്ല, എന്റെ മുന്നില്‍ നിന്ന് ദിലീപ് പറഞ്ഞതാണ് മറ്റൊരു പെണ്ണിന് വേണ്ടിയാണ് എന്ന്. സ്വാഭാവികമായി അത് അയാളുടെ നിഷ്‌കളങ്കമായ മനസ്സില്‍ നിന്ന് വന്നതാണ്. എന്റെ മുന്നില്‍ വെച്ച് അഭിനയിച്ചതൊന്നും അല്ലല്ലോ... അദ്ദേഹം സുഹൃത്തിനോട് ഇക്കാര്യം മനസ്സ് തുറന്ന് പറഞ്ഞപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്ന ആളാണ്. അങ്ങനെ പറയണമെങ്കില്‍ അതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. ഒരാള്‍ക്ക് വേണ്ടിയാണ് ചെയ്തത് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ല എന്ന്. പക്ഷേ മറ്റ് സാഹചര്യ തെളിവുകള്‍ കൂടി പോലീസ് കണ്ടെത്തുമ്പോള്‍ മനസ്സിലാകും ദിലീപിന് കൂടി ഇതില്‍ പങ്കുണ്ട് എന്ന്, അല്ലെങ്കില്‍ ദിലീപ് കൊടുത്ത കൊട്ടേഷനാണ് എന്ന് പോലീസ് വാദിക്കുന്നത്. തനിക്ക് അത് പറയാനാകില്ല. പോലീസ് കണ്ടെത്തട്ടെ'', ബാലചന്ദ്ര കുമാര്‍ അന്ന് പറഞ്ഞു.












Click it and Unblock the Notifications