'അത്തരം സ്ത്രീകൾ ഉണ്ടെങ്കിൽ.. അവർക്കൊരു അപവാദമാണ് മഞ്ജു വാര്യർ', പ്രതികരണവുമായി കൂട്ടിക്കൽ ജയചന്ദ്രൻ
കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ച് ബൈക്കിൽ പറക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ധനുഷ്കോടിയിൽ ബൈക്കിലുളള യാത്രയുടെ ചിത്രങ്ങളും വീഡിയോകളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് കയ്യടികളുമായി രംഗത്ത് വരുന്നത്.
മഞ്ജു വാര്യർ എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണെന്ന് കമന്റ് ബോക്സിൽ പലരും കുറിക്കുന്നു. ജീവിതത്തിലെ തിരിച്ചടികളെയും പ്രായത്തേയും മറികടന്ന് മഞ്ജു ചിറകടിച്ച് പറക്കുന്നതിനേയും ആരാധകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു.
അതിനിടെ മഞ്ജു വാര്യരെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. അതേസമയം സ്ത്രീവിരുദ്ധ പരാമർശങ്ങൾ കൂടി അടങ്ങിയതാണ് നടന്റെ പോസ്റ്റ് എന്ന് വിമർശനം ഉയരുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച വ്യക്തി കൂടിയാണ് കൂട്ടിക്കൽ ജയചന്ദ്രൻ.

കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ.. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!... NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത്!
എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി ഭാരതിക്കുട്ടിയും മഞ്ജു വാര്യരെ അഭിനന്ദിച്ച് രംഗത്ത് വന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ . എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ. കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ .
കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യർ . അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും big Salute''.












Click it and Unblock the Notifications