'അയാൾ വെറുതെയിരിക്കില്ല, മകൾക്കായി കേസ് കൊടുത്തേക്കാം', മഞ്ജു പറഞ്ഞത് വെളിപ്പെടുത്തി സംവിധായകൻ
മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരജോഡി ആയിരുന്നു ദിലീപും മഞ്ജു വാര്യരും. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹ മോചനം എല്ലാവർക്കും ഒരു ഞെട്ടൽ ആയിരുന്നു. മ്യൂച്വൽ ഡിവോഴ്സ് ആയിരുന്നു ഇരുവരുടേയും.
ദിലീപിന്റെ പക്കൽ നിന്ന് ജീവനാശം അടക്കം ഒന്നും വാങ്ങാതെ ആയിരുന്നു മഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. മകൾ മീനാക്ഷിയേയും ദിലീപിനൊപ്പം വിട്ടു. അന്ന് മഞ്ജു പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സജി വൈക്കം.
സജി വൈക്കം പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സ്ത്രീകൾക്ക് എല്ലാ കാലത്തും,എല്ലാ അർത്ഥത്തിലും മാതൃകയാക്കാവുന്ന ഒരാൾ. വിവാഹജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ തൻ്റെതല്ലാത്ത ഒന്നും എടുക്കാതെ അരക്ഷിതത്വത്തിലേക്ക് തലയുയർത്തിപ്പിടിച്ചിറങ്ങിയവർ.സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നതിന് ശേഷം അവരുടെ ഒരു ഫോൺ കോളിൻ്റെ ഇങ്ങേത്തലയ്ക്കലെ സംഭാഷണത്തിന് ഞാന്‍ സാക്ഷിയാണ്.അതിൻ്റെ ചുരുക്കം ഇതാണ്.

"ഞാന്‍ പോന്നു.ഇനിയും തുടരാനാകില്ല എന്നതുകൊണ്ട്.എൻ്റേതായ ചിലത് അവിടെ മറന്നുവച്ചു. അയാളുടേതായ ഒന്നും എടുത്തിട്ടില്ല. ഏററവും വലിയ ഹൃദയവേദനയോടെ താത്ക്കാലികമായെങ്കിലും മകളെ അവിടെ ഉപേക്ഷിച്ചു, കാരണം, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരികളെ വിട്ടുപോരാൻ ഞാന്‍ എങ്ങിനെ പറയും? പെട്ടെന്നുള്ള മാറ്റം അവളെ മുറിപ്പെടുത്തും. അതിനുമപ്പുറം, അയാൾ വെറുതെയിരിക്കില്ല. തൻ്റെ പക്ഷം ന്യായീകരിക്കാന്‍ മകൾക്കായി കേസ് കൊടുത്തേക്കാം. അതിനായി എത്ര പണവും ചെലവഴിക്കാം.
അവളെ എന്നിൽ നിന്ന് തട്ടിക്കൊണ്ടുപോകാം. അതിനുളള സർവ്വസന്നാഹങ്ങളും അയാൾക്കുണ്ട്. കളിയും ചിരിയും പഠനവുമായി പോകേണ്ട ഈ പ്രായത്തില്‍ കോടതികൾ കയറിയിറങ്ങാനും അമ്മയെക്കുറിച്ച് കെട്ടിച്ചമയ്ക്കാനിടയുള്ള വക്കീൽക്കഥകളുടെ ചോദ്യങ്ങൾക്ക് മുന്നില്‍ ഹൃദയം തകർന്നുനില്ക്കാനുമുള്ള സാഹചര്യം എൻ്റെ മകൾക്കുണ്ടാകരുത്. കുറച്ചുസമയത്തേക്കെങ്കിൽ പോലും ഒരു തട്ടിക്കൊണ്ടുപോകൽ അവളുടെ ജീവിതത്തിലെന്നെന്നേയ്ക്കുമുണ്ടാക്കാവുന്ന മാനസിക തകർച്ച ചെറുതായിരിക്കില്ല.
എന്നോടുള്ള വാശിക്കാണെങ്കിലും മകളെ അയാൾ കൂടുതല്‍ നന്നായി നോക്കും.ചെറിയ കുട്ടിയല്ലേ നിലവിലെ സാഹചര്യങ്ങളില്‍ അവളുടെ സങ്കടം പെട്ടെന്ന് മാറും.അവൾ എല്ലാക്കാലത്തും സന്തോഷമായിരിക്കട്ടെ." നോക്കൂ എത്ര സുപ്രധാനമായൊരു തീരുമാനമാണിത്. വലിയ വേദനയോടെ അവരത് ചെയ്തു. തകർന്നിരുന്നില്ല. ആകാശംമുട്ടെ വളർന്നു. അപ്പോഴും നിലപാടുകളിൽ നിന്ന് ഒരു തരിമ്പും പുറകോട്ട് പോയില്ല.
എല്ലാ സ്ത്രീകളും ഒന്ന് തിരിച്ചറിയുക. ഓരോ വ്യക്തിയുടെയും സ്വപ്നങ്ങള്‍ അവരവരുടേത് മാത്രമാണ്. അതിനൊപ്പം സഞ്ചരിക്കുക. അത് സാധ്യമാക്കുക. മറ്റൊരാൾക്ക് വേണ്ടി അതുപേക്ഷിക്കരുത്. അഥവാ അതൊരിക്കൽ ചെയ്യേണ്ടിവന്നാല്‍, അതൊരബദ്ധമായി എന്ന് തിരിച്ചറിഞ്ഞാൽ തിരികെ മടങ്ങുക. സ്വന്തം ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും''.












Click it and Unblock the Notifications